പാലക്കാട് > പ്രായത്തെ ആഗ്രഹത്തിന് പിന്നിലാക്കി സിപ്പ്ലൈനിൽ പറക്കുന്ന മുത്തശ്ശിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. പാലക്കാട് പോത്തുണ്ടി ഡാമിലെ പാർക്കിൽ പുതുതായി സ്ഥാപിച്ച സിപ്പ്ലൈനിൽ 72 വയസുകാരി പാറുവമ്മ പറക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത് യാത്രികൻ 200 എന്ന ഇൻസ്റ്റഗ്രാം പേജിലാണ്. ഡിസംബർ പതിമൂന്നിന് പങ്കുവെച്ച ദൃശ്യങ്ങൾ ഇതിനകം അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. 51000 അധികം പേർ ലൈക്കും ചെയ്തു കഴിഞ്ഞു.
മുപ്പതി പാർക്കിൽ വന്നപ്പോ പാറുവമ്മയ്ക്ക് സിപ്പ്ലൈൻ ചെയ്യാൻ ഒരു ആഗ്രഹം പിന്നെ ഒന്നും നോക്കില്ല അത് സാധിച്ചുകൊടുത്തു എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പാലക്കാട് കാട്ടുശേരി സ്വദേശിയായ പാറുവമ്മ ആദ്യമായാണ് സിപ്പ്ലൈൻ കാണുന്നത്. സിപ്പ്ലൈൻ യാത്രയ്ക്ക് ശേഷം പേടിയൊന്നും തോന്നിയില്ലെന്നും പാറുവമ്മ പറയുന്നുണ്ട്.
ചെറുമക്കൾക്കൊപ്പം മുപ്പതി പാർക്കിലെത്തിയതാണ് പാറുവമ്മ. സാരിയുടുത്ത് ഹെൽമറ്റ് ധരിച്ച് പ്രായത്തെ മറന്ന് സിപ്പ്ലൈൻ ആസ്വദിക്കുന്ന പാറുവമ്മയേയും ആഗ്രഹം സാധിച്ചു കൊടുത്ത യാത്രികനെയും അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.