കോഴിക്കോട് > സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്റെ സഹോദരനാണ്.
തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം നേടിയ ശേഷം ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിനു സഹായ പിന്നണി സംവിധായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള വരവ്.
ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. കണ്ണകി, തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മദ്ധ്യവേനൽ, നീലാംബരി,ഓർമ്മ മാത്രം എന്നീ ചിത്രങ്ങളുൾപ്പെടെ 23 ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കണ്ണകിയിലെ പശ്ചാത്തല സംഗീതത്തിന് 2001ലെ സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. ഭാര്യ:ഗൗരിക്കുട്ടി. മക്കൾ:അദിതി, നർമദ, കേശവ്.