തിരുവനന്തപുരം > സംസ്ഥാനത്ത് ബുധനാഴ്ച അര്ധരാത്രി മുതല് സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി തൊഴിലാളി യൂണിയന് നേതാക്കള് നടത്തിയ ചര്ച്ചയെ തുടര്ന്നാണ് തീരുമാനം. ഇന്ധനവില വര്ധനയുടെയും മറ്റും പശ്ചാത്തലത്തില് നിരക്ക് വര്ധിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി ചര്ച്ചയ്ക്കു ശേഷം പ്രതികരിച്ചു.
യൂണിയനുകള് സര്ക്കാരിന് നല്കിയ ആവശ്യങ്ങള് പരിഗണിക്കും. ഓട്ടോ-ടാക്സി ചാര്ജ് വര്ധനവിന്റെ നിര്ദേശങ്ങള് സമര്പ്പിക്കാന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയെ സര്ക്കാര് നിശ്ചയിച്ചിരുന്നു. ചാര്ജ് വര്ധനയെക്കുറിച്ച് തെളിവെടുപ്പ് നടത്തി ഒരു മാസത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കാന് രാമചന്ദ്രന് കമ്മിറ്റിയെ ചുമതലപ്പെടുത്തി. റിപ്പോര്ട്ട് പരിഗണിച്ചാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
കള്ള ടാക്സികളെ നിയന്ത്രിക്കാന് ശക്തമായി ഇടപെടും. അത്തരം വാഹനങ്ങള് ഓടിക്കുന്ന ഡ്രൈവര്മാരുടെ ലൈസന്സും ആര്സിയും റദ്ദ് ചെയ്യും. ഇതിന് നിയമഭേദഗതി ആവശ്യമെങ്കില് അക്കാര്യവും പരിഗണിക്കും. ഇ- ഓട്ടോകള്ക്കും, ഇ- ടാക്സികള്ക്കും സ്റ്റാന്ഡ് പെര്മിറ്റ് ലഭിക്കാത്ത പ്രശ്നമുണ്ട്. ഇതൊഴിവാക്കാന് നിലവിലുള്ള ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ പ്രവര്ത്തനം കൂടുതല് ശക്തിപ്പെടുത്തും. സിഎന്ജി ഓട്ടോറിക്ഷകള്ക്ക് ടെസ്റ്റിങ് സെന്ററുകള് നിലവില് കേരളത്തിലില്ല. ആറ് മാസത്തിനുള്ളില് എറണാകുളത്തും, പിന്നീട് തിരുവനന്തപുരത്തും കോഴിക്കോടും ടെസ്റ്റിങ് സെന്റുകള് ആരംഭിക്കുന്നതിനുള്ള നടപടികള് കൈക്കൊള്ളാനും ചര്ച്ചയില് തീരുമാനമായതായി മന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.