ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. സംസ്ഥാന സമിതിക്കാണ് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിരിക്കുന്നത്. അന്തിമ തീരുമാനം സംസ്ഥാന സമിതി കൈക്കൊള്ളും.
ആരോപണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് നേരത്തെ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടിയിൽ നിന്ന് അകലം പാലിച്ചുവരികയാണ് രാജേന്ദ്രൻ. പാർട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും നൽകിയിരുന്നില്ല. ഇതാണ് രാജേന്ദ്രനെതിരെയുള്ള നടപടിക്ക് ആക്കംകൂട്ടിയത്.
ദേവികുളം എംഎൽഎ എ.രാജയെ തോൽപ്പിക്കാൻ നോക്കിയെന്ന ആരോപണത്തിൽ പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റികളെല്ലാം രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് തെളിവ് നൽകിയിരുന്നു. രാജേന്ദ്രൻ പാർട്ടിയുമായി സഹകരിക്കാത്തതിലും മാധ്യമങ്ങളിലൂടെ പ്രസ്താവനകൾ നടത്തുന്നതിലും എം.എം.മണി അടക്കമുള്ളവർ പരസ്യമായി വിമർശിച്ചിരുന്നു.
ജനുവരി മൂന്നിന് നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രനെതിരായ നടപടിയിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
Content Highlight : Idukki CPM district committees recommendation to expel former MLA S. Rajendran