തിരുവനന്തപുരം> മകളെ കാണാൻ എത്തിയ കൂട്ടുകാരനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പറയുന്നത്.
പുലർച്ചെ നാലമണിയോടെയാണ് സംഭവം. വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ട് ഉണർന്നതായിരുന്നു ലാലു. അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പീന്നീട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു. പോലീസ് അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലാലുവിനെ ചോദ്യം ചെയ്തുവരികയാണ്.