മനാമ > പൊതു ഇടങ്ങളില്‍ അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ യുഎഇയില്‍ കര്‍ശന ശിക്ഷ. ഭേദഗതി ചെയ്ത സൈബര്‍ കുറ്റകൃത്യപ്രകാരം ഒരു വ്യക്തിയെ പിന്തുടരാനായി ചിത്രങ്ങള്‍ എടുക്കുകയോ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയോ ചെയ്താല്‍ ആറുമാസം തടവോ ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. നിയമം ജനുവരി രണ്ടിന് പ്രാബല്യത്തില്‍ വരും.
ശക്തമാകുന്ന ഡിജിറ്റല്‍ യുഗത്തില്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കും കൂടുതല്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് ഭേദഗതി ചെയ്ത സൈബര്‍ കുറ്റകൃത്യ നിയമം. കിംവദന്തിയും തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വാര്‍ത്ത എന്നിവയുടെ പ്രചാരണം ചെറുക്കലും നിയമം ലക്ഷ്യമിടുന്നു. ബാങ്കുകള്‍, മാധ്യമങ്ങള്‍, ആരോഗ്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഡാറ്റാ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്കുന്നു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെയോ മറ്റ് സുപ്രധാന സ്ഥാപനത്തിന്റെയോ വെബ്സൈറ്റ് മനഃപൂര്‍വം നശിപ്പിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം മുതല്‍ മുപ്പത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.
ഓണ്‍ലൈനില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ നേരിടാനും ജനങ്ങളുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് 2012 ലെ നിയമം പരിഷ്കരിച്ചത്. നെറ്റ്വര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്ലാറ്റ്ഫോം എന്നിവ ഉപയോഗിച്ച് നടത്തുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്നും സമൂഹത്തെയും പൊതുമേഖലാ വെബ്സൈറ്റുകള്‍, ഡാറ്റാ ബേസുകള്‍ എന്നിവയെയും സംരക്ഷിക്കലും ലക്ഷ്യമാണ്.