തിരുവനന്തപുരം > ഗുണ്ടാ സംഘങ്ങളെയും സ്വർണക്കടത്ത് മണ്ണ്, മയക്ക് മരുന്ന് മാഫിയകളെയും അമർച്ച ചെയ്യാൻ എല്ലാ പൊലീസ് ജില്ലകളിലും രണ്ട് സ്ക്വാഡ് രൂപീകരിക്കുന്നു. എഡിജിപി മനോജ് എബ്രഹാം നോഡൽ ഓഫീസറായ ‘ഓർഗനൈസ്ഡ് ക്രൈം സ്ക്വാഡി’ന്റെ ഭാഗമായാകും ഇവ പ്രവർത്തിക്കുക. നർക്കോട്ടിക് ഡിവൈഎസ്പിമാർക്കാകും ജില്ലാ സ്ക്വാഡിന്റെ ചുമതല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചതാണിത്. കേരള പൊലീസ് ഓർഗനൈസ്ഡ് ക്രൈം സ്ക്വാഡ് രൂപീകരിക്കുന്നതായി തിങ്കളാഴ്ച ‘ദേശാഭിമാനി’ റിപ്പോർട്ട് ചെയ്തിരുന്നു.
സ്വർണക്കടത്ത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ‘ഓർഗനൈസ്ഡ് ക്രൈം സ്ക്വാഡ്’ രൂപീകരിച്ചതെങ്കിലും സാധാരണ ഗുണ്ടകൾക്കെതിരായ നടപടിയും ഈ സ്ക്വാഡ് ഏറ്റെടുക്കും. ക്രമസമാധാനപാലന ചുമതലയുള്ള ഡിവൈഎസ്പിമാരും അസിസ്റ്റന്റ് കമീഷണർമാരും ഈ സ്ക്വാഡിന് ആവശ്യമായ സഹായം നൽകും. മയക്കുമരുന്ന്, സ്വർണക്കടത്ത്, മണ്ണ് മാഫിയ തുടങ്ങിയവരെയും അമർച്ച ചെയ്യും.
മയക്കുമരുന്ന്, സ്വർണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇൻറലിജൻസ് സംഘങ്ങൾ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വർഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാൻ പൊലീസിന് കർശന നിർദ്ദേശം നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും അതിന് സാമ്പത്തിക സഹായം നൽകുന്നവരെയും കണ്ടെത്തും.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ 88 കേസുകൾ രജിസ്റ്റർ ചെയ്തു. 31 പേർ അറസ്റ്റിലായി. ഇത്തരം പോസ്റ്റുകൾ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബർ പോലീസ് സ്റ്റേഷനെയും സൈബർ സെല്ലിനെയും സൈബർഡോമിനെയും ചുമതലപ്പെടുത്തി.
അതിഥി തൊഴിലാളികളെ നിരീക്ഷിക്കും
മയക്ക് മരുന്ന് വരവും അന്വേഷിക്കും
അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസ് കർശന നിരീക്ഷണം നടത്തും. അവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നും പരിശോധിക്കും. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും ഉന്നത പൊലീസ് യോഗം തീരുമാനിച്ചു. അതിഥി തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിക്കും.
അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സോണൽ ഐജിമാർ, റേഞ്ച് ഡി ഐ ജിമാർ ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദ്ദേശം നൽകി. ഇതിനായി തൊഴിൽ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാം.
പുതുവത്സര ആഘോഷങ്ങൾ, ഒമിക്രോൺ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. രാത്രി പത്ത് മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങൾ നടപ്പിലാക്കാനായി മുഴുവൻ പോലീസ് സേനയെയും വിന്യസിക്കും.