ചെന്നൈ> കടലൂര് ജില്ലയിലെ കോത്താട്ടൈ ഗ്രാമത്തിലുള്ള ഇരുളര് കോളനിയുടെ പേര് ഇനിമുതല് ചെങ്കൊടി നഗരം. 20 വര്ഷത്തോളമായി നീണ്ടുനിന്ന ഭൂസമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഗ്രാമത്തിനാണ് നാട്ടുകാര് ഇത്തരത്തില് പേര് നല്കിയിരിക്കുന്നത്. സിപിഐ എമ്മാണ് ഇവരുടെ പോരാട്ടം മുഖ്യധാരയിലേക്ക് എത്തിച്ചതും നേതൃത്വം നല്കിയതും. ഇതിനാല്,കോളനി നിവാസികള് വൈകല്മേട് ഗ്രാമത്തിന്റെ പേര് മാറ്റി ചെങ്കൊടി നഗരമെന്നാക്കുകയായിരുന്നു.
ഏരിയാ സെക്രട്ടറിയായിരുന്ന രമേശ് ബാബുവാണ് സമരങ്ങള്ക്ക് നേതൃത്വം നല്കിയത്. സബ് കലക്ടര് ഓഫീസ് പിക്കറ്റടക്കം നിരവധി സമര പരിപാടികള് തുടര്ന്നു. ഇരുപതോളം തവണ നിവേദനം നല്കി. അവഗണന തുടര്ന്നപ്പോള് സര്ക്കാര് ഭൂമി കയ്യേറിയും സമരം തുടരുകയായിരുന്നു.
20 വര്ഷത്തെ തുടര് സമരങ്ങളുടെ ഫലമായി 11 കുടുംബങ്ങള്ക്ക് ഭൂമി ലഭിക്കുകയായിരുന്നു. ഇരുളര് വിഭാഗത്തില് പെട്ട 135 പേര്ക്ക് ജാതി സര്ട്ടിഫിക്കറ്റും ലഭിച്ചു.നിലവില് കുടില് കെട്ടി താമസിക്കുന്ന 11 കുടുംബങ്ങള്ക്ക് സര്ക്കാര് സ്കീമില് വീട് നല്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി നൈറ്റ് സ്കൂളും പാര്ട്ടിയുടെ നേതൃത്വത്തില് ആരംഭിച്ചു
സ്ഥലത്തിന്റെ പേരുമാറ്റല് ചടങ്ങ് ഉത്സവമായി കൊണ്ടാടുന്നതിന്റെ ഭാഗമായി നിലത്ത് കോലം വരച്ചും പരിസരം അലങ്കരിച്ചും ചെങ്കൊടികള് ഉയര്ത്തിയും ഗ്രാമവാസികള് ആഹ്ലാദം പങ്കുവച്ചു.
പാര്ട്ടി കേന്ദ്രകമ്മിറ്റി അംഗം യു വാസുകി ചെങ്കൊടി നഗരം പേര് അനാഛാദനം ചെയ്തു. കൂടുതല് സമരങ്ങള് നടത്തി ഇരുളര് വിഭാഗത്തിലെ മറ്റുള്ളവര്ക്കും ഭൂമി നേടിക്കൊടുക്കുമെന്ന് സിപിഐ എം പറഞ്ഞു