ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനം കേരളത്തിനാണെന്ന നീതി ആയോഗ് സൂചിക സംബന്ധിച്ച വര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു തരൂരിൻ്റെ വിമര്‍ശനം. “യോഗി ആദിത്യനാഥ് ആരോഗ്യസുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തുന്ന രാഷ്ട്രീയവും എന്താണെന്ന് കേരളത്തെ കണ്ടു പഠിക്കണം. എങ്കിൽ രാജ്യത്തിനു ഗുണമുണ്ടാകും. ഇല്ലെങ്കിൽ എല്ലാവരെയും അവര്‍ അവരുടെ നിലവാരത്തിലേയ്ക്ക് വലിച്ചു താഴെയിടും.” തരൂര്‍ കുറിച്ചു. ആരോഗ്യരംഗത്തെ പ്രവര്‍ത്തനം എന്താണെന്ന് കേരളം യുപിയെ കണ്ടു പഠിക്കണം എന്ന യോഗി ആദിത്യനാഥിൻ്റെ വാക്കുകള്‍ സംബന്ധിച്ച 2017ലെ വാര്‍ത്തയുടെ തലക്കെട്ടും തരൂര്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.
Also Read:
നീതി ആയോഗിൻ്റെ ദേശീയ ആരോഗ്യ സൂചികയിലും സാമൂഹ്യസുരക്ഷാ പദ്ധതികളിലും കേരളം ഒന്നാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ആരോഗ്യമേഖലയിൽ കേരളം ഒന്നാം സ്ഥാനം നേടിയപ്പോള്‍ തമിഴ്നാടും തെലങ്കാനയുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. പട്ടികയിൽ ഏറ്റവും പിന്നിലാണ് ഉത്തര്‍ പ്രദേശ്. ആരോഗ്യമേഖലയിലെ സംവിധാനങ്ങളുടെ ലഭ്യതയും പുരോഗതിയും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ആരോഗ്യമേഖലിയൽ കേരളം നടത്തുന്ന പ്രകടനത്തെ പുകഴ്ത്ത നീതി ആയോഗ് അംഗം വികെ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Also Read:
കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സര്‍ക്കാരും യുഡിഎഫും മുഖാമുഖം നിൽക്കുന്നതിനിടയിൽ ശശി തരൂര്‍ പദ്ധതിയെ എതിര്‍ക്കാതെ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ഇതു സംബന്ധിച്ച് കോൺഗ്രസ് തരൂരിനോടു വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് അദ്ദേഹം കേരള സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.