കോലഞ്ചേരി
വ്യവസായി സാബു ജേക്കബിന്റെ കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾ സംഘം ചേർന്ന് പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായവരെ 14 ദിവസം റിമാൻഡ് ചെയ്തു. രണ്ട് കേസിലായി 164പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തിങ്കളാഴ്ച കോലഞ്ചേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ എണ്ണം കൂടുതലായതിനാൽ പ്രത്യേകമായാണ് കേസ് പരിഗണിച്ചത്. സംഘർഷം അറിഞ്ഞെത്തിയ കുന്നത്തുനാട് എസ്എച്ച്ഒ വി ടി ഷാജൻ അടക്കമുള്ള പൊലീസുകാരെ തടഞ്ഞുവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 51 പേർക്കെതിരെയും പൊലീസ് ജീപ്പ് തീയിട്ടതടക്കമുള്ള കേസിൽ പിഡിപിപി നിയമപ്രകാരം 164 പേർക്കെതിരെയും കേസെടുത്തു.
കല്ലും മരത്തടി ഉൾപ്പെടെ മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. എസ്എച്ച്ഒയുടെ തലയ്ക്കുപിന്നിൽ മുറിവും കൈവിരൽ ഒടിവുമുണ്ട്. ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും നാലെണ്ണം തകർക്കുകയും ചെയ്തതിലൂടെ സർക്കാരിന് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടിലുണ്ട്. കേസിൽ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷമാകും തെളിവെടുപ്പ് പൂർത്തിയാക്കുക. പ്രതികളുമായി സംസാരിച്ചാണ് മജിസ്ട്രേട്ട് എൽ ഉഷ വിവരങ്ങൾ ശേഖരിച്ചത്.
നിയമസഹായവേദിയുടെ അഡ്വ. ഇ എൻ ജയകുമാർ പ്രതികൾക്കുവേണ്ടി ഹാജരായി. പ്രതികളെ വിയ്യൂർ സ്പെഷ്യൽ ജയിൽ, മൂവാറ്റുപുഴ സബ് ജയിൽ കാക്കനാട് ബോർസ്റ്റൽ സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി. പ്രതികളെ ഹാജരാക്കുന്നതിനിടെ കോടതിക്കുമുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. ചികിത്സയിലുള്ള പൊലീസുകാരുടെ നില തൃപ്തികരമാണ്. എഎസ്ഐ കെ എ ഫാസിലിന്റെ കൈക്ക് ശസ്ത്രക്രിയ നടത്തി.