യുഡിഎഫ് കാലത്ത് വിഴിഞ്ഞം കൊണ്ടുവന്നപ്പോള്‍ 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും അധികാരത്തില്‍ വന്നപ്പോള്‍ അദാനിയുമായി സമരസപ്പെടുകയും ചെയ്ത വ്യക്തിയാണ് പിണറായി. അങ്ങനെയുള്ളയാള്‍ വികസന വിരുദ്ധതയുടെ തൊപ്പി ഞങ്ങളുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിക്കേണ്ട. വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തില്‍ ഏറ്റവുമധികം യോജിക്കുന്നത് പിണറായിക്കും സിപിഎമ്മിനുമാണെന്നും വിഡി സതീശൻ പറഞ്ഞു.
Also Read :
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയര്‍ത്തിയ ആറ് ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. രണ്ട് ലക്ഷം കോടി രൂപ ചെലവ് വരുന്ന ഒരു പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കു പോലും സര്‍ക്കാര്‍ തയാറായില്ല. നിയമസഭയില്‍ അല്ലാതെ മറ്റെവിടെയാണ് ഈ പദ്ധതി ചര്‍ച്ച ചെയ്യുന്നത്. സിപിഎം നേതാക്കള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? അതോ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചിലര്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണോ? പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തില്ലെങ്കില്‍ നാളെകളില്‍ ജനകീയ വിചാരണയ്ക്ക് വിധേയരാകേണ്ടി വരും.
പിണറായി ചരിത്ര പുരുഷനാകുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. പക്ഷെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുന്നോട്ടു പോകാന്‍ അനുവദിക്കില്ല. സിപിഐക്കാരെയോ ശാസ്ത്രസാഹിത്യ പരിക്ഷത്തിനെയോ പോലും ഇതുവരെ ബോധ്യപ്പെടുത്താനായിട്ടില്ല. വിഷയം പഠിച്ച ശേഷമാണ് യുഡിഎഫ് സില്‍വര്‍ ലൈനിനെതിരെ സംശയമുന്നയിച്ചതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ എല്ലാ ദിവസവും വിമര്‍ശിക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ രീതി. സൂര്യന് കീഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും വൈകിട്ട് പത്ര സമ്മേളനം നടത്തുന്ന മുഖ്യമന്ത്രി സില്‍വര്‍ ലൈനിനെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുന്നില്ല. തട്ടിക്കൂട്ടിയ പദ്ധതിയുമായി ജനങ്ങളെ പറ്റിക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read :
കോൺഗ്രസിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങളോടും വിഡി സതീശൻ പ്രതികരിച്ചു. ഹിന്ദു മതാധിഷ്ഠിത രാജ്യമുണ്ടാക്കാനാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. ബിജെപിയുമായി കോണ്‍ഗ്രസ് സമരസപ്പെടുന്നെന്ന ആരോപണവും വിചിത്രമാണ്. സ്വന്തം ചെയ്തികളിലുള്ള കുറ്റബോധമാണ് മുഖ്യമന്ത്രിയെക്കുറിച്ച് ഇതൊക്കെ പറയിക്കുന്നത്. ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദു മതമാണ്. ഹിന്ദുത്വ അധികാരം നേടാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ്. അതിനെ നേരിടുമെന്നാണ് രാഹുല്‍ പറഞ്ഞത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തെ അംഗീകരിക്കുമെന്നതു തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും മുഖ്യമന്ത്രി മാറി മാറി പുണരുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുസ്ലീം ലീഗിന്‍റെ കേരളത്തിലെ സാന്നിധ്യമാണ് ന്യൂനപക്ഷ വര്‍ഗീയതയെ കുറയ്ക്കാന്‍ സാഹായകമായത്. ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന സമീപനമാണ് പിണറായി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.