ക്രിസ്മസ് രാത്രിയിൽ കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റക്സിലെ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പോലീസിനെതിരായ ആക്രമണത്തിൽ കലാശിച്ചത്. സംഘര്‍ഷത്തെപ്പറ്റി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസിനെ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നു. മൂന്ന് പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും അഞ്ച് പോലീസുകാര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തതോടെ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ എത്തിയ വൻ പോലീസ് സന്നാഹം തൊഴിലാളി ക്യാംപിലെത്തി 156 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read:
അതേസമയം, യാദൃശ്ചികമായി നടന്ന സംഭവമാണെന്നും അക്രമത്തിൽ 25ഓളം പേര്‍ക്ക് മാത്രമാണ് പങ്കുള്ളതെന്നുമാണ് കിറ്റക്സ് എംഡി സാബു എം ജേക്കബിൻ്റെ പ്രതികരണം. പോലീസ് കസ്റ്റഡിയിലുള്ളവരിൽ മിക്കവരും പ്രതികളെല്ലെന്നും പലരെയും കമ്പനി ഇടപെട്ടാണ് പിടികൂടി പോലീസിനു കൈമാറിയതെന്നും സാബു അവകാശപ്പെട്ടു. അതേസമയം, തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സാബു എം ജേക്കബും സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദീകരണത്തിനായി അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണും.
രണ്ട് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള 18 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നു രാത്രിയോടെ മുഴുവൻ പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്നോടിയായി വൈദ്യപരിശോധനയ്ക്കുള്ള ക്രമീകരണങ്ങളും എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. വധശ്രമക്കേസ്, അന്യായമായി സംഘം ചേരൽ, പോലീസിൻ്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തൽ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചുമത്തുന്നതിനായി സംഭവത്തിൻ്റെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. കസ്റ്റഡിയിലുള്ള പലര്‍ക്കും അക്രമത്തിൽ പങ്കില്ലെന്ന കിറ്റക്സിൻ്റെ വാദം പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
Also Read:
സംഘം ചേര്‍ന്നു പോലീസിനെ ആക്രമിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നാണ് യുഡിഎഫും എൽഡിഎഫും ആവശ്യപ്പെടുന്നത്. തൊഴിലാളികള്‍ക്ക് ലഹരി ലഭിച്ചിട്ടുണ്ടെന്ന് സാബു എം ജേക്കബും മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വൈദ്യപരിശോധനയും തെളിവുകളും വഴി ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.
അതേസമയം, കിഴക്കമ്പലം സംഭവത്തെപ്പറ്റി കേന്ദ്ര ഏജൻസികളും അന്വേഷണത്തിന് ഒരുങ്ങുകയാണെന്നാണ് 24 റിപ്പോര്‍ട്ട്. സംസ്ഥാന ഇന്‍റലിജൻസ് റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിൻ്റെ സഹായവും തേടും. കലാപം നടത്താനായി ആസൂത്രിത നീക്കം നടന്നെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആരോപണവും കേന്ദ്ര ഏജൻസികള്‍ പരിശോധിക്കും.