തിരുവനന്തപുരം: തലസ്ഥാനത്ത് വീടുകയറി ആക്രമണം. ആറ്റിങ്ങൽ വെള്ളല്ലൂരിലാണ് സംഭവം. രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു അതിക്രമം.
രണ്ടു തവണയാണ് സംഘർഷമുണ്ടായത്. ഇതിൽ ആദ്യത്തേത് നടന്നത് വെള്ളല്ലൂർ സ്വദേശി ഗാർഗിയുടെ വീടിനു മുന്നിൽവെച്ചായിരുന്നു. സംഘർഷം കനത്തപ്പോൾ ഇതിൽ ഒരാൾ ഗാർഗിയുടെ വീടിനുള്ളിലേക്ക് ഓടിക്കയറി. ഇതോടെ മറ്റുള്ളവരും വീട്ടിലേക്ക് കടന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ രണ്ടുസംഘവുമായും യാതൊരു ബന്ധവുമില്ലാത്ത വീടാണ് ഗാർഗിയുടേത്.
ഒരു വർഷം മുൻപ് രണ്ടു സംഘം തമ്മിലുണ്ടായ ഒരു വൈരാഗ്യമാണ് അക്രമത്തിലേക്ക് വഴിവെച്ചത്. ശനിയാഴ്ച വൈകിട്ട് ഈ സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
തമ്മിൽ വൈരാഗ്യം നിലനിന്നിരുന്ന അഫ്സൽ, വിഷ്ണു എന്നിവർ ഗാർഗിയുടെ വീടിനു മുന്നിൽവെച്ച് പരസ്പരം കാണാനിടയായതാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. അതുവഴി ബൈക്കിൽ വരികയായിരുന്നു വിഷ്ണുവും സുഹൃത്തും. ഈ സമയം, ഗാർഗിയുടെ വീടിനു മുന്നിൽനിന്ന അഫ്സൽ, വിഷ്ണുവിനെ അസഭ്യം പറഞ്ഞു. ഇതിന് മറുപടിയുമായി വിഷ്ണു എത്തിയതോടെ വാക്കുതർക്കം രൂപപ്പെട്ടു. ഇരുവരും ഏറ്റുമുട്ടി. ഇവിടേക്ക് വിഷ്ണുവിന്റെ സുഹൃത്തുക്കൾ കൂടി ഇവിടേക്ക് എത്തി. ഈ സമയം അഫ്സൽ ഓടി ഗാർഗിയുടെ വീട്ടിലേക്ക് കയറി. വീടിനുള്ളിൽ കടന്ന സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
തുടർന്ന് രണ്ടു സംഘവും പിരിഞ്ഞുപോവുകയും അഫ്സൽ, സമീപത്തെ തന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ വീണ്ടും വിഷ്ണുവും സംഘവും മടങ്ങിയെത്തുകയും അഫ്സലിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയും ചെയ്തു. ഈ സമയം അഫ്സലിന്റെ സുഹൃത്തുക്കളും ഇവിടേക്ക് എത്തി.തുടർന്ന് ഇരുസംഘവും ഏറ്റുമുട്ടി. എതിർസംഘത്തിൽപ്പെട്ടവർ അഫ്സലിനെയും മാതാവിനെയും മർദിക്കുകയും ചെയ്തു. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ നഗരൂർ പോലീസ് സ്ഥലത്തെത്തുകയും അക്രമികളെ പിടികൂടി. കൗമാരക്കാർ അടക്കം 12 പേരാണ് അറസ്റ്റിലായത്.
content highlights:gagnwar in thiruvananthapuram, 12 held















