കാസർകോട് > രാജ്യത്ത് ആർഎസ്എസ് നടപ്പാക്കുന്ന വർഗീയതക്കോ സാമ്പത്തിക നയത്തിനോ കോൺഗ്രസിന് ബദലാവാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എം കാസർകോട് ജില്ലാ ആസ്ഥാനമായ എകെജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സർവനാശത്തിലേക്ക് നയിച്ച ആഗോളവൽകരണനയത്തിന് തുടക്കം കുറിച്ചത് കോൺഗ്രസാണ്. ബിജെപി സർക്കാർപൂർവാധികം ശക്തിയോടെ അതു തുടരുകയായിരുന്നു.
അത് തെറ്റായിരുന്നുവെന്ന് പറയാൻ ഇതുവരെ കോൺഗ്രസ് തയ്യാറായിട്ടില്ല. ഹിന്ദു രാഷ്ട്രം, ഹിന്ദുസർക്കാർ എന്നിങ്ങനെയാണ് കോൺഗ്രസിന്റെ തലതൊട്ടപ്പനായ നേതാവ് ഇപ്പോൾ പറയുന്നത്. വർഗീയതപറഞ്ഞു വർഗീയതയെ നേരാടാനാവില്ല. മതനിരപേക്ഷതയിൽഉറച്ചു നിന്നുമാത്രമേ നേരിടാൻ കഴിയൂ. സർവനാശം വിതയ്ക്കുന്ന ബിജെപി സർക്കാരിനെ ഒഴിവാക്കാൻഉറച്ചു നിൽക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ബദൽ എന്താണ് എന്ന് 2016 മുതൽ 21വരെ കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിൽനിന്ന് ജനം മനസിലാക്കിയിട്ടുണ്ട്. മഹാപ്രളയം, കോവിഡ് മഹാമാരി എന്നിങ്ങനെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ മറ്റുഭാഗത്തെ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ കേരളീയർക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ഈ നയമാണ് ബദൽ.
ന്യൂനപക്ഷ വർഗീയ ശക്തിപ്പെടുമ്പോൾ ഭൂരിപക്ഷ വർഗീയതക്ക് അതു വളമാകുമെന്ന് എല്ലാവരും തിരിച്ചറിയണം. ആർഎസ്എസിന്റെ തടിമിടുക്കിനെ നേരിടാൻ എസ്ഡിപിഐപോലുള്ള സംഘടനകൾ രംഗത്ത് വരുന്നത് ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും ഗുണമാവില്ല. എല്ലാ വർഗീയതകളും പരസ്പര പൂരകങ്ങളാണ്. വിട്ടു വീഴ്ചയില്ലാതെ മതനിരപേക്ഷത ഉയർത്തിപിടിച്ചു എതിർക്കണം. അതിന് ഇടതുപക്ഷത്തിനേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.