തിരുവനന്തപുരം > സില്വര്ലൈന് പദ്ധതിയില് വ്യത്യസ്ത നിലപാടെടുക്കന്ന ശശി തരൂരിനെതിരെ നീക്കം കടുപ്പിച്ച് കെപിസിസി. തരൂര് വെറും എംപിമാത്രമാണെന്നും പാര്ടിക്ക് വിധേയനായില്ലെങ്കില് പുറത്തുപോകേണ്ടിവരുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു.
കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര് നല്കിയ നിവേദനത്തില് തരൂര് ഒപ്പിടാതിരുന്നതും മുഖ്യമന്ത്രിയെ പ്രശംസിച്ചതുമാണ് കോണ്ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. എല്ഡിഎഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിര്ക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമാണെന്ന് തരൂര് വ്യക്തമാക്കിയിരുന്നു. പിണറായി വിജയന് സര്ക്കാരിന്റെ വികസന നയങ്ങളെ തിരുവനന്തപുരം ലുലു മാള് ഉദ്ഘാടന ചടങ്ങിലാണ് തരൂര് അഭിനന്ദിച്ചത്. കേരളം വ്യവസായ സൗഹൃദമായി മാറുകയാണെന്നും, നിക്ഷേപകരെ സ്വീകരിക്കാന് ഇവിടൊരു മുഖ്യമന്ത്രിയുണ്ടെന്നും തരൂര് പരസ്യമായി പ്രശംസിച്ചിരുന്നു.
തുടര്ന്ന് കോണ്ഗ്രസ് മുഖപത്രം തരൂരിനെ വ്യക്തിപരമായി ആക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.