കൊച്ചി> മലയാളകവിതയുടെ ഭാവുകത്വപരിണാമത്തിന്റെ ഒരു ഘട്ടത്തെ അയ്യപ്പത്തിനെ ഓര്ക്കാതെ അടയാളപ്പെടുത്താനാവില്ലെന്ന് കവി കെ സച്ചിദാനന്ദന്. മുന് തലമുറയിലെ മഹാകവികള്ക്കൊപ്പം തന്റെ തലമുറ വായിച്ചിരുന്ന സുഗതാനന്തരകവികളില് ആറ്റൂരിനും അയ്യപ്പപണിക്കര്ക്കും ആര് രാമചന്ദ്രനും എന് എന് കക്കാടിനും ഒപ്പം മാധവന് അയ്യപ്പത്തും ഉണ്ടായിരുന്നു. ആധുനിക കവികളുടെ ആദ്യതലമുറയിലെ അവസാനത്തെ കവികളില് ഒരാള്.
തന്റെ ആദ്യപുസ്തകമായ ‘ കുരുക്ഷേത്ര’ ത്തില്( ജ്വാലാ ബുക്സ്) (പിന്നെ അത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ മലയാള കവിതാ പഠനങ്ങള്’ എന്ന സമാഹാരത്തിലും വന്നു) അദ്ദേഹത്തിന്റെ മണിയറക്കവിതകളുടെ പഠനവുമുണ്ട്. ആറ്റൂരിനോടൊപ്പം മദിരാശിയില് ആയിരുന്നു കുറേക്കാലം. അവര് അടുത്ത ചങ്ങാതിമാരായിരുന്നു. തൃശൂരില് രാഗമാലികാപുരത്തു അടുത്തടുത്തു വീടുകളും വെച്ചു.
ഒരു കാലഘട്ടം കഴിഞ്ഞ് അദ്ദേഹം കാര്യമായി കവിതകള് എഴുതിയില്ല. ഒരു പക്ഷെ താന് വെട്ടിയ വഴിയുടെ- വൃത്തമിശ്രണം, നാടകീയത, ഗദ്യ- പദ്യസങ്കലനം, കേവലമായ ആത്മ നിഷ്ഠതയുടെ നിരാകരണം-അറ്റത്തെത്തിയതാകാം കാരണം. എന്നാല് ബുദ്ധന്റെ ‘ ധമ്മപദ’ ( ധര്മ്മപഥം) യ്ക്ക് അദ്ദേഹം നടത്തിയ പരിഭാഷ ഒന്നാംതരമായിരുന്നുവെന്നും സച്ചിദാനന്ദന് പറഞ്ഞു