മൂന്നാർ: മൂന്നാറിൽ ഉദ്യോഗസ്ഥ- ഭൂമാഫിയ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. ദേവികുളത്തെ റിസോർട്ടിന്റെ നിർമാണ പ്രവൃത്തി തടയാൻ ഉദ്യോഗസ്ഥർ എത്തിയ ഉടൻ റിസോർട്ട് ജീവനക്കാരൻ തഹസീൽദാരെ ഫോണിൽ ബന്ധപ്പെടുന്നതിൻറെ ശബ്ദരേഖ പുറത്തെത്തി.
താനല്ല പണി നിർത്തിക്കുന്നതിന് പിന്നിലെന്ന് തഹസീൽദാർ രാധാകൃഷ്ണൻ റിസോട്ട്ജീവനക്കാരനെ ബോധ്യപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ്പുറത്തുവന്നത്.
ദേവികുളം താലൂക്ക് ഓഫീസിന് സമീപമാണ് അനധികൃത നിർമാണം നടന്നത്. സബ് കളക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉദ്യോഗസ്ഥരെ തനിക്ക് അയക്കേണ്ടി വന്നതെന്നാണ് റിസോർട്ട് ജീവനക്കാരനോട് തഹസീൽദാർ പറയുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയേണ്ട തഹസീൽദാരാണ് ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ നടത്തുന്നത്. ജോലി നിർത്തിവെപ്പിക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞത് താൻ ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും റിസോർട്ട് ജോലിക്കാരൻ ഭീഷണിയുടെ സ്വരത്തിൽ പറയുന്നുണ്ട്.
2008-ലും 2018-ലും മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് പേർ മരിച്ച പ്രദേശത്താണ് അനധികൃത നിർമാണം നടക്കുന്നത്. ഇവിടെ നിർമാണ പ്രവർത്തനങ്ങളൊന്നും പാടില്ലെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവുണ്ട്.