തിരുവനന്തപുരം > പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവൻ. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
ശ്രദ്ധേയമായ സാഹിത്യകൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസ്സുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതിൽ ഏറെ ശ്രദ്ധിച്ചു. ഏറെക്കാലം ചെന്നൈയിലായിരുന്നുവെങ്കിലും മലയാളത്തിന്റെ സാംസ്കാരിക രംഗത്തെയും കലാ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെയും ഏറെ ശ്രദ്ധിച്ചു പോന്നിരുന്നു അദ്ദേഹം.
മലയാള സിനിമയുടെയുടെ ഒരുസംവിധാന കാലഘട്ടത്തിന്റെ തലക്കെട്ടായി പല പതിറ്റാണ്ടുകൾ നിന്ന് ശ്രദ്ധേയനായ സംവിധായകനാണ് സേതുമാധവൻ. ചലച്ചിത്ര രംഗത്തിന് മാത്രമല്ല പൊതുസാംസ്കാരിക രംഗത്തിനാകെ കനത്ത നഷ്ടമാണ് കെ എസ് സേതുമാധവന്റെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.