മംഗളൂരു
കർണാടകത്തിൽ മതപരിവർത്തന നിരോധന ബില്‍ കൊണ്ടുവന്നതിനുപിന്നാലെ ക്രൈസ്തവ ആരാധനാലയങ്ങൾക്കുനേരെ സംഘപരിവാർ ആക്രമണം വ്യാപകം. ചിക്ബല്ലാപ്പുര സുസൈപള്ള്യയില് 160 വർഷം പഴക്കമുള്ള സെന്റ് ജോസഫ് പള്ളിക്കുനേരെ വ്യാഴം പുലര്‍ച്ചെ ആക്രമണമുണ്ടായി. സെന്റ് ആന്റണിയുടെ പുരാതനമായ തിരുരൂപം തകർത്തു. പള്ളിക്കുനേരെ ആദ്യമായാണ് ആക്രമണമുണ്ടാകുന്നതെന്ന് വികാരി ഫാദർ ജോസഫ് ആന്റണി പറഞ്ഞു.
സംസ്ഥാനത്ത് ഒരു വർഷത്തിനിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നാൽപ്പതിലധികം അക്രമമുണ്ടായി. നിരവധി അക്രമങ്ങൾ പുറംലോകമറിഞ്ഞിട്ടില്ല. ഉഡുപ്പി, സകലേഷ്പൂർ, ഹാസനിലെ ബേളൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രാർഥനാ യോഗങ്ങൾ ആക്രമിക്കപ്പെട്ടു. പ്രാർഥനാ യോഗങ്ങൾ ഉപേക്ഷിക്കാനാണ് പൊലീസ് ഉപദേശിക്കുന്നത്. ഇനിയും അക്രമമുണ്ടാകുമെന്ന്ബജ്റംഗദൾ പരസ്യ മുന്നറിയിപ്പ് നൽകി. കോലാറിൽ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ കൂട്ടത്തോടെ കത്തിച്ചു.
ബില്ലിനെതിരെ ക്രൈസ്തവ, മനുഷ്യാവകാശ സംഘടനകൾ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ശക്തമായത്. 40 സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ കഴിഞ്ഞദിവസം പ്രതിഷേധ റാലി സംഘടിപ്പിച്ചു.