കൊച്ചി > തൃക്കാക്കര എംഎൽഎ പി ടി തോമസിന്റെ (71) മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇടുക്കി ഉപ്പുതറയിലെ വീട്ടിൽനിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തും. നേരത്തെ അറിയിച്ച സമയത്തിലും വൈകിയാണ് വിലാപയാത്ര എറണാകുളത്ത് എത്തുക. വഴിയിലുടനീളം പ്രവർത്തകരുടെയും നേതാക്കളുടെയും നീണ്ടനിരയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്.
എറണാകുളം ഡിസിസി ഓഫീസിലും, എറണാകുളം ടൗൺഹാളിലും, തൃക്കാക്കര കമ്മ്യൂണിറ്റിഹാളിലും പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വൈകിട്ട് രവിപുരം ശ്മാനത്തിൽ സംസ്കരിക്കും. പി ടി തോമസിന്റെ അന്തിമാഗ്രഹപ്രകാരം മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ചിതാഭസ്മം ഉപ്പുതറയിൽ അമ്മയുടെ കല്ലറയിൽ വെയ്ക്കുകയുമാണ് ചെയ്യുക. മൃതദേഹത്തിൽ റീത്ത് വെയ്ക്കരുതെന്നും പൊതുദർശനം നടക്കുമ്പോൾ ‘ചന്ദ്ര കളഭം ചാർത്തിയുറങ്ങും’ എന്ന വയലാറിന്റെ ഗാനം പതിയെ കേൾപ്പിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചടങ്ങുകൾ നടക്കുക എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.