ഗാങ്ഷൂ
ചൈനയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ദിനോസർ മുട്ടയ്ക്കുള്ളിൽനിന്ന് 6.6 മുതല്‍ 7.2 കോടിയിലധികം വർഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തി. തെക്കൻ ചൈനയിലെ ഗാങ്ഷൂവില്‍ കണ്ടെത്തിയ മുട്ടയ്ക്കുള്ളില്‍ വിരിഞ്ഞിറങ്ങാറായ ഭ്രൂണം നാശം സംഭവിക്കാതെയുണ്ടെന്നാണ് ഐസയൻസ് എന്ന ജേർണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.പക്ഷികളോട് അടുത്ത് സാമ്യമുള്ള, പല്ലില്ലാത്ത ദിനോസർ വിഭാഗമായ ഓവിറാപ്റ്റോറോസറിന്റെ ഭ്രൂണമാണ് ഇതെന്നാണ് നിഗമനം. ചരിത്രത്തിൽ ഇതുവരെ ലഭിച്ചതിൽവച്ച് ഏറ്റവും പൂര്ണമായതും മികച്ചരീതിയിൽ സംരക്ഷിക്കപ്പെട്ടതുമായ ഭ്രൂണമാണ് ഇതെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോൺ വൈസം മാ വ്യക്തമാക്കി. എല്ലുകള്‍ക്കോ മറ്റു ശരീരഭാഗങ്ങള്‍ക്കോ കേടുപാടുണ്ടായിട്ടില്ല.
‘ബേബി യിങ് ലിയാങ്’ എന്ന് പേരിട്ടിരിക്കുന്ന 10.6 ഇഞ്ച് നീളമുള്ള ഭ്രൂണം 6.7 ഇഞ്ച് നീളമുള്ള മുട്ടയ്ക്കുള്ളില്‍ പ്രത്യേക രീതിയിൽ ചുരുണ്ടുകിടക്കുന്ന നിലയിലാണ്. ടക്കിങ് എന്നറിയപ്പെടുന്ന ഇതേ രീതിയിലാണ് പക്ഷിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പും കാണപ്പെടുന്നത്. പക്ഷികള്‍ ഇത്തരം പറക്കാൻശേഷിയില്ലാത്ത ദിനോസറുകളിൽനിന്ന് പരിണാമം സംഭവിച്ചുണ്ടായതാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തലെന്ന് ഡോ. വൈസം മാ പറയുന്നു.