മൂവാറ്റുപുഴ > കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ശിവൻ പുരസ്കാരം പ്രശസ്ത ചിത്രകാരനും ആർട്ട് ക്യൂറേറ്ററും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാനുമായ ബോസ് കൃഷ്ണമാചാരിക്ക്. 25,000 രൂപയും വിൽസൺ പൂക്കായി രൂപകൽപ്പന ചെയ്ത ശിൽപ്പവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. 30ന് കലാകേന്ദ്രയിൽ നടക്കുന്ന ചടങ്ങിൽ മുൻ സാംസ്കാരിക മന്ത്രി എം എ ബേബി പുരസ്കാരം സമ്മാനിക്കും. പ്രശസ്ത ചിത്രകാരൻ സാജു മണ്ണത്തൂരിന്റെ മകൻ ശിവന്റെ സ്മരണാർഥമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പ്രശസ്ത ചിത്രകാരൻ ടോം വട്ടക്കുഴി, ബനാറസ് ഹിന്ദു സർവകലാശാലാ ഫൈൻ ആർട്സ് വിഭാഗം പ്രൊഫസർമാരായ പ്രദോഷ് മിശ്ര, സുരേഷ് കെ നായർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.