2014 മാർച്ചിലെ ഒരു ബുധനാഴ്ച രാത്രി. എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസിൽ യാത്രതിരിച്ച പി.ടി. തോമസിന് ചാലക്കുടിയിൽ എത്തിയപ്പോൾ കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടു. ഇടുക്കിയിൽ നിന്നുള്ള എംപിയായിരുന്നു അന്ന് പി.ടി.തോമസ്. ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ബാബുറാം തീവണ്ടിയിലെ ടി.ടി.ഇയെ വിവരം അറിയിച്ചു.
കമ്പാർട്ട്മെന്റിലുണ്ടായിരുന്നു ഡോക്ടർ പി.ടി.യെ പരിശോധിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂരിൽ ഇറങ്ങാൻ തീരുമാനിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും അധികൃതർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. നേരെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചു. ഇ.സി.ജി.പരിശോധനയിൽ ഹൃദയാഘാതമാണെന്ന് മനസ്സിലായി.
ആൻജിയോഗ്രാമും തുടർന്ന് ആൻജിയോപ്ലാസ്റ്റിയും ചെയ്തു. പ്രധാന ഹൃദയധമനിയിൽ 95 ശതമാനം വരുന്ന ഒരു ബ്ലോക്കും മറ്റൊരു ചെറിയ ബ്ലോക്കും കണ്ടെത്തിയെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു മാസത്തിലേറെ നീണ്ട വിശ്രമത്തിന് ശേഷം അദ്ദേഹം വീണ്ടും പൊതുരംഗത്ത് സജീവമായി.
2014-ൽ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പി.ടി.തോമസിനെ കാണാൻ എത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ ഭാര്യ ഉമയുമായി സംസാരിക്കുന്നു |ഫോട്ടോ: മാതൃഭൂമി
ഹൃദയാഘാതത്തെ അതിജീവിച്ച് രാഷ്ട്രീയത്തിൽ കർമനിരതനായ പി.ടി. ഒടുവിൽ അർബുദത്തിന് കീഴടങ്ങിയിരിക്കുന്നു. നട്ടെല്ലിനായിരുന്നു അർബുദ ബാധ. ആദർശ ശുദ്ധിയും നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവുമായ പി.ടിയുടെ ആരോഗ്യം കോൺഗ്രസിനും പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ച് ചികിത്സിക്കുന്നതിന് കോൺഗ്രസ് നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ വെല്ലൂരിൽ ചികിത്സ തുടരാനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതെന്നാണ് അറിയുന്നത്.
ആശുപത്രിയിൽ കിടക്കുകയായിരുന്നെങ്കിലും രോഗത്തെ മറികടന്ന് പി.ടി.തിരിച്ചുവരുമെന്നായിരുന്നു ഞങ്ങളുടെ എല്ലാവരുടേയും പ്രതീക്ഷയെന്നാണ് മരണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്.
എന്നും പോരാട്ടത്തിന്റെ വഴിയാണ് പി.ടി. തോമസ് സ്വീകരിച്ചുവന്നിരുന്നത്. പാർട്ടിക്കുള്ളിലായാലും പരിസ്ഥിതിക്കെതിരെയും സ്ത്രീകൾക്കെതിരേയുമുള്ള അതിക്രമങ്ങൾക്കെതിരേ ആയാലുംജനങ്ങൾക്കുവേണ്ടിയുള്ളഎന്ത് വിഷയമായാലും ഈ നിലപാട് പി.ടി മുറുകെപ്പിടിച്ചു.
പ്രളയത്തിന് മുമ്പുതന്നെ കേരളം പ്രകൃതി ക്ഷോഭത്തിന് ഇരയായേക്കുമെന്ന് അദ്ദേഹം പലതവണ നമ്മളെ ഓർമ്മിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും നീതിക്കുവേണ്ടി മുന്നിൽനിന്ന് പോരാടാൻ പി.ടി. ഉണ്ടായിരുന്നു. രാഷ്ട്രീയ വിമർശനങ്ങളിൽ മുഖം നോക്കാത്ത പി.ടി. തോമസ് എതിരാളികളുടെ കരുത്ത് വകവെക്കാതെ ആഞ്ഞടിച്ചു.
കേരളത്തിൽ പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിച്ച അപൂർവ്വം നേതാക്കളിൽ പ്രമുഖൻ. പ്രളയം ഒന്നും രണ്ടും മൂന്നും തവണ വന്നപ്പോഴാണ് പരിസ്ഥിതിയെ മറന്നുള്ള വികസനത്തിന്റെ ആപത്ത് പലരും തിരിച്ചറിഞ്ഞത്. 10 വർഷം മുന്നെ അത് തുറന്നുപറഞ്ഞതിന് പിടിയെ ശപിച്ചവർക്കുംശവഘോഷയാത്ര നടത്തിയവർക്കും അത് സ്വയം തിരുത്താനുള്ള അവസരമായി.
നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുവച്ചാണ് പി.ടി ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച് രംഗത്തുവന്നത്. പുരോഗമന-പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മേനിനടിച്ചവർ കൈയേറ്റങ്ങൾക്ക് കുടപിടിച്ച കാലത്തായിരുന്നു കോൺഗ്രസിൽ നിന്ന് പി.ടി അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. പാർട്ടി ഓഫീസുകൾ ഒഴിപ്പിക്കാൻ ഒരുങ്ങിയ വി.എസ്സിന് പോലും ദൗത്യം നിർത്തിപ്പോരേണ്ടി വന്ന ഇടുക്കിയിലാണ് പി.ടി ഒറ്റയ്ക്ക് പോരാടിയത്.
ഒടുവിൽ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും തീർത്ത വേലിക്കെട്ടിൽ പി.ടിക്ക് അർഹിച്ച സീറ്റ് പോലും നിഷേധിക്കപ്പെട്ടു. പി.ടി അയഞ്ഞില്ല. നിലപാട് ഉറക്കെ പറഞ്ഞു. താൻ പറഞ്ഞതിലെ ശരി കാലം തെളിയിക്കുമെന്ന് പി.ടിക്ക്ഉറപ്പുണ്ടായിരുന്നു. മലയിറങ്ങിയപ്പോഴും നിലപാട് മാത്രമായിരുന്നു കൈമുതൽ. ആ ആദർശത്തിന് കൊച്ചിയിൽ പിന്തുണയ്ക്കാൻ ജനംകൂടെ നിന്നു. രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിന് പി.ടിയെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചു.