പത്തനാപുരം > യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായ വിദ്യാർഥിനിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടര്‍ മഞ്ചള്ളൂര്‍ സ്വദേശി വർഗീസ് ശമുവേൽ, ഡ്രൈവര്‍ കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ഷിബു എന്നിവരാണ് അബോധാവസ്ഥയിലായ ആലപ്പുഴ സ്വദേശിനി ദേവപ്രിയയുടെ ജീവൻ രക്ഷിക്കാൻ നഗരത്തിരക്കിലൂടെ പാഞ്ഞത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചിന് പത്തനാപുരത്തുനിന്ന് പുറപ്പെട്ട അമൃത മെഡിക്കൽ കോളേജ് ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം. പതിവിലും തിരക്കുണ്ടായിരുന്ന ബസ് അരൂർ എത്താറായപ്പോഴാണ് ആലപ്പുഴയില്‍നിന്ന് കയറിയ വിദ്യാർഥിനിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. യാത്രക്കാർ ഇത് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടനടി അദ്ദേഹം വിദ്യാർഥിനിക്ക് സീറ്റിൽ കിടക്കാൻ സൗകര്യമൊരുക്കി. അരൂർ ജങ്ഷനിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബസ് വിടാനും ഡ്രൈവറോട് ആവശ്യപ്പെട്ടു.
ബസ് അരൂരിൽ എത്തിയപ്പോള്‍ തനിക്ക് കുഴപ്പമില്ലെന്നും അടുത്ത സ്റ്റോപ്പിലിറങ്ങാമെന്നും വിദ്യാർഥിനി പറഞ്ഞതോടെ ബസ് യാത്ര തുടർന്നു. എന്നാൽ അരൂർ ടോള്‍പ്ലാസയ്ക്കു സമീപം എത്തിയപ്പോഴേക്കും വിദ്യാർഥിനി അബോധാവസ്ഥയിലായി. ഉടനെ മറ്റു സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസിൽ വിദ്യാർഥിനിയെ ലേക്ഷോർ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ആശുപത്രിയില്‍ ഒരാളെ സഹായത്തിനു നിർത്തിയശേഷമാണ് ഇവര്‍ മടങ്ങിയത്.