കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസ് എംഎൽഎയുടെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരത്തിന് മതപരമായ ചടങ്ങുകൾവേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി.ടി.തോമസിന്റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.
രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം, മൃതദേഹത്തിൽ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുത്, സംസ്കാര സമയത്ത്ചന്ദ്രകളഭം ചാർത്തിയുറങ്ങും.. എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനുള്ളത്. സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്.
ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്നും അന്ത്യാഭിലാഷമാണ്. ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്.
അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു.