ഖദറിട്ട വിപ്ലവകാരിയായിരുന്നു. പി.ടി തോമസ്. വിശ്വസ്തനായ കോൺഗ്രസുകാരനായി ജീവിച്ചപ്പോഴും പാർട്ടി പോലും സ്വീകരിക്കാൻ മടിച്ച നിലപാടുകൾ മുഖമുദ്രയാക്കിയ നേതാവ്. ജീവിതത്തിൽ എന്നും പി.ടി അങ്ങനെയായിരുന്നു. കെ.എസ്.യുക്കാരനായ കാലം മുതൽ പി.ടിയുടെ സഞ്ചാരം നിലപാടുകൾ മുറുകെ പിടിച്ചുകൊണ്ടായിരുന്നു. സ്വന്തം പ്രണയവും വിവാഹവും അതുപോലെ വിപ്ലവം തീർത്തതായിരുന്നു. ഇതരമതക്കാരിയെ പ്രണയിക്കുകയും മതം വിലക്കായി മുന്നിൽ വന്നപ്പോൾ വിളിച്ചിറക്കി കൂടെകൂട്ടി മരണം വരെ ആ യാത്ര തുടർന്നു. ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകളെ മറികടന്നുകൊണ്ടായിരുന്നു ആ പ്രണയം.
ആ പ്രണയത്തിന് സാക്ഷിയായത് പ്രശസ്തമായ മഹാരാജാസ് കോളേജായിരുന്നു. അവിടെ വെച്ചാണ് പി.ടി ഉമയെ ആദ്യമായി കാണുന്നത്. പി.ടി തോമസ് എന്ന ക്രിസ്ത്യാനി പയ്യനും ബ്രാഹ്മണ കുടുംബാംഗമായ ഉമയും തമ്മിലുള്ള പ്രണയം സംഭവ ബഹുലമായിരുന്നു.
രാഷ്ട്രീയമാണ് പി.ടിയെയും ഉമയെയും തമ്മിൽ അടുപ്പിച്ചത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ സംസ്ഥാന നേതാവ്. ഉമയാണെങ്കിൽ മഹാരാജാസിൽ കെ.എസ് യുവിന്റെ സജീവ പ്രവർത്തക. കോളേജ് യൂണിയനിൽ ലേഡി റെപ്പ്, വൈസ് ചെയർപേഴ്സൺ തുടങ്ങിയ പദവികളിലും. അന്ന് പി.ടി മഹാരാജാസിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. ലോ കോളേജിലെ പഠനകാലത്തും പി.ടി പതിവായി സംഘടനാ പ്രവർത്തനങ്ങൾക്കും സമരങ്ങൾക്കുമായി നിരന്തരം മഹാരാജാസിൽ കയറിയിറങ്ങി. രാഷ്ട്രീയത്തിൽ സഹപ്രവർത്തകരായ ഇരുവരും വൈകാതെ അടുത്തു. ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാർക്ക് ഉൾകൊള്ളാൻ ആകുമായിരുന്നില്ല. ഉമയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി. പക്ഷേ ഉമയുടെ കൈ പിടിച്ച് മുന്നോട്ട് പോകാൻ തന്നെയായിരുന്നു പി.ടിയുടെ തീരുമാനം.
പി.ടി വീട്ടിൽ വിളിച്ച് തന്റെ അമ്മയെ പ്രണയകാര്യം അറിയിച്ചു. പക്ഷെ, അമ്മയ്ക്ക് ഒരു നിർബന്ധമുണ്ടായിരുന്നു ആരെ വിവാഹം കഴിച്ചാലും കുഴപ്പില്ല കല്യാണം പള്ളിയിൽ വെച്ച് തന്നെ നടത്തണമെന്ന്. പിന്നെ അതിനായി ശ്രമം. അങ്ങനെയിരിക്കെ കാനോൻ നിയമപ്രകാരം ആരെങ്കിലുമൊരാൾ ക്രിസ്ത്യൻ വിശ്വാസി ആയാൽ പള്ളിയിൽ വെച്ച് വിവാഹം നടത്താനാവുമെന്ന് മനസ്സിലാക്കി. ഇതോടെ പി.ടി അതിനുള്ള ശ്രമം തുടങ്ങി. ആദ്യം ബിഷപ്പിനെ വിളിച്ചു. അദ്ദേഹം സമ്മതിച്ചില്ല.
പക്ഷെ, കോതമംഗലം സെയ്ന്റ് ജോർജ് ഫൊറാന ചർച്ചിലെ ഫാദർ ജോർജ് കുന്നംകോട്ട് പി.ടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് സമ്മതിച്ചു. വിവാഹ ദിവസം പി.ടി ഉമയെ കൂട്ടി നേരെ പോയത് വയലാർ രവിയുടെ വീട്ടിലേക്കാണ്. മകളെ അന്വേഷിക്കേണ്ടെന്നും തന്റെ കൂടെ സുരക്ഷിതയായി ഉണ്ടാകുമെന്നും പി.ടി ഉമയുടെ വീട്ടിൽ വിളിച്ച് അറിയിച്ചു.
വയലാർ രവിയുടെ വീട്ടിൽ ബെന്നി ബെഹനാൻ, വർഗീസ് ജോർജ് പള്ളിക്കര, ജയപ്രസാദ്, കെ.ടി. ജോസഫ് എന്നിവരുമുണ്ടായിരുന്നു. വയലാർ രവിയുടെ ഭാര്യ മേഴ്സി രവി നൽകിയ സാരി അണിഞ്ഞ് മണവാട്ടിയായി ഉമ ഒരുങ്ങിനിന്നു. കോതമംഗലം പള്ളിയിൽ വെച്ച് അങ്ങനെ പി.ടി ഉമയുടെ കഴുത്തിൽ മിന്നുകെട്ടി. ഇടുക്കിയിലുള്ള പി.ടിയുടെ കുടുംബാഗംങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ പി.ടി പിടിയായും ഉമ ഉമയായും ജീവിച്ചു. ഇരുവർക്കും രണ്ട് ആൺമക്കൾ ജനിച്ചു, മൂത്ത മകൻ വിഷ്ണു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസിൽ സൂക്ഷിച്ച പി.ടി ഇളയ മകന് വിവേക് എന്ന് പേരുനൽകി. ഒടുവിൽ എന്നന്നേക്കുമായി ഉമയെ തനിച്ചാക്കി പി.ടി വിട പറഞ്ഞു.
Content Highlight: PTThomas uma love story