അഡ്ലെയ്ഡ് ഓവൽ
ജോസ് ബട്ലർ അവസാനംവരെ പൊരുതിയെങ്കിലും ആഷസ് രണ്ടാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. രണ്ടാം ടെസ്റ്റിൽ 275 റണ്ണിന്റെ വമ്പൻ ജയത്തോടെ ഓസീസ് 2–0ന് മുന്നിലെത്തി. ആഷസ് കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് ഓസീസ്.
അവസാനദിനം 4–82 റണ്ണെന്ന നിലയിലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 386 റൺ പിന്നിൽ. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. എന്നാൽ, ഒരറ്റത്ത് ബട്-ലർ നടത്തിയ അസാമാന്യ ചെറുത്തുനിൽപ്പ് അഞ്ചാംദിനത്തിന്റെ അവസാനഘട്ടംവരെ കളി കൊണ്ടുപോയി. 207 പന്തുകൾ നേരിട്ട് 28 റണ്ണാണ് ബട്-ലർ നേടിയത്. പിന്തുണക്കാർ കുറവായിരുന്നു. ഒടുവിൽ ഹിറ്റ് വിക്കറ്റായാണ് ബട്-ലർ മടങ്ങിയത്. പിന്നാലെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സും അവസാനിച്ചു. സ്കോർ: ഓസ്ട്രേലിയ 9–-473 ഡി, 9–-230 ഡി; ഇംഗ്ലണ്ട് 236, 192.
ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അരസെഞ്ചുറിയും നേടിയ ഓസീസ് മധ്യനിര ബാറ്റർ മാർണസ് ലബുഷെയ്ൻ മാൻ ഓഫ് ദി മാച്ചായി. രണ്ടാം ഇന്നിങ്സിൽ ഓസീസിനായി ജെെ റിച്ചാർഡ്സൺ അഞ്ച് വിക്കറ്റെടുത്തു.
അഞ്ചാംദിനം ജയത്തിന് ആറ് വിക്കറ്റ് എന്ന ലക്ഷ്യവുമായി പന്തെടുത്ത ഓസീസ് ആദ്യ മണിക്കൂറിൽത്തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് ബാറ്റർമാരെ മടക്കി. ഒല്ലീ പോപ്പും (4) ബെൻ സ്റ്റോക്സും (12) കൂടാരം കയറി. പിന്നീട് ബട-്-ലറും ക്രിസ് വോക്സും ചേർന്ന് ഓസീസിനെ ഒന്നു പരീക്ഷിച്ചു. 31.2 ഓവർ അതിജീവിച്ച ഈ സഖ്യം 61 റൺ നേടി. എന്നാൽ വോക്സിന്റെ കുറ്റി പിഴുത് റിച്ചാർഡ്സൺ ഓസീസിനെ തിരികെക്കൊണ്ടുവന്നു.
ഒല്ലീ റോബിൻസൺ (9) ബട്-ലർക്ക് പിന്തുണ നൽകാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. സ്കോർ 182ൽവച്ച് ബട്-ലറിന്റെ ചെറുത്തുനിൽപ്പും അവസാനിച്ചു.
റിച്ചാർഡ്സന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെ കാല് സ്റ്റമ്പിൽ തട്ടുകയായിരുന്നു. ഇതോടെ ഓസീസ് ജയമുറപ്പാക്കി. മൂന്നോവറിനുള്ളിൽ ജയിംസ് ആൻഡേഴ്സണെ മടക്കി റിച്ചാർഡ്സൺ ഓസീസിന്റെ സർവാധിപത്യത്തിന് അടിവരയിട്ടു.
നാലാം ടെസ്റ്റ് 26ന് തുടക്കമാകും. ഓസീസ് ടീമിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹാസെൽവുഡും തിരിച്ചെത്തും.