കൊച്ചി > ഫോട്ടോഷൂട്ടിന് എത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കാക്കനാട്ടെ ഫ്ലാറ്റ് നടത്തിപ്പുകാരിയുടെ പേരും വ്യാജം. തമിഴ്നാട് സ്വദേശിയായ തസ്ലീമയാണ് പേര് ക്രിസ്റ്റീന എന്നാക്കി ഇടച്ചിറയിലെ ഹോട്ടൽ വാടകയ്ക്ക് എടുത്തിരുന്നതെന്ന് അന്വേഷകസംഘം കണ്ടെത്തി. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
സെപ്തംബറിൽ കളമശേരി സ്വദേശി ഫിസിയോതെറാപ്പിസ്റ്റിന്റെ ഹോട്ടലാണ് പേരും മറ്റ് വിവരങ്ങളും മറച്ചുവച്ച് തസ്ലീമ വാടകയ്ക്ക് എടുത്തത്. കെട്ടിട ഉടമയുടെ മൊഴിയെടുക്കുമെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. തസ്ലീമ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ ആഴ്ച അവസാനം പരിഗണിക്കും. ഇടച്ചിറയിലെ ക്രിസ്റ്റീന റസിഡൻസിയിലാണ് മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്.
മൂന്നു പ്രതികളെ പിടികൂടി. ഒന്നാംപ്രതി അജ്മൽ, രണ്ടാംപ്രതി സലിംകുമാർ, മൂന്നാംപ്രതി ഷെമീർ എന്നിവരാണ് പിടിയിലായത്. നവംബർ ഇരുപത്തെട്ടിനാണ് മലപ്പുറത്തുനിന്ന് യുവതി ഫോട്ടോഷൂട്ടിനായി കൊച്ചിയിൽ എത്തിയത്. ഫോട്ടോ എടുക്കാൻ എത്തുമെന്ന് പറഞ്ഞയാൾ അസൗകര്യമുണ്ടെന്ന് അറിയിച്ചു. ഇയാൾ സലിംകുമാറിനെ പരിചയപ്പെടുത്തുകയും ഇടച്ചിറയിലെ ലോഡ്ജിൽ താമസമൊരുക്കുകയും ചെയ്തു. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം നടത്തിയെന്നാണ് കേസ്.