ബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷനേടാൻ മോഡലുകൾ രണ്ട് ചെറുപ്പക്കാരുടെ സഹായം തേടിയെങ്കിലും അവരെ ലഹരിക്ക് അടിമയായ ഒരു വ്യക്തി പിന്തുടർന്നു. കൊച്ചിയിലെ റോഡിൽ വെച്ച് രണ്ട് യുവതികളെയും ഇല്ലാതാക്കുകയായിരുന്നു. ഈ സംഭവത്തെ അപകടമെന്ന് പറയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ ലഹരി മാഫിയയും സർക്കാർ ഏജൻസികളും അവിശുദ്ധ കൂട്ടുക്കെട്ടിലാണെന്നും മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബിൽ ചർച്ച ചെയ്യുന്നതിനിടെ നടത്തിയ പ്രസംഗത്തിൽ സുരേഷ് ഗോപി പറഞ്ഞു.
ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടൽ നിന്നും മടങ്ങിയ മോഡലുകളായ അഞ്ജന ഷാജനും അൻസി കബീറും ഒക്ടോബർ 31 പുലർച്ചെയാണ് ഇവർ അപകടത്തിൽ മരിച്ചത്. മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡി.ജെ പാർട്ടികളിൽ എത്തുന്ന യുവതികൾക്ക് ലഹരിമരുന്ന് നൽകി അവരെ ദുരുപയോഗം ചെയ്യുന്നതാണ് സൈജുവിൻ്റെ രീതിയെന്നാണ് പോലീസ് നിഗമനം. ഈ സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള ഡി.ജെ പാർട്ടികളിലും സൈജു പങ്കെടുത്തിരുന്നു. ഇതിൻ്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സൈജുവിനെതിരെ നിലവിൽ 17 കേസുകളാണുള്ളത്. ലഹരി പാര്‍ട്ടികളിൽ പങ്കെടുത്ത ഏഴു പേര്‍ക്കെതിരെയും കേസുണ്ട്. സൈജു തങ്കച്ചൻ്റെ ഫോണിലെ രഹസ്യ ഫോള്‍ഡറിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പ്രതികളെ കണ്ടെത്താനായി പോലീസ് ശ്രമം തുടരുകയാണെങ്കിലും പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.