ഭരതനാട്യം എന്റെ വാക്കാണ്. ശരീരം വാക്കായി മാറുന്ന, ആശയമായി മാറുന്ന, മനസ്സായി മാറുന്ന, ചിന്തയായി മാറുന്ന മാധ്യമം. ഞാനഭ്യസിച്ച ഭാഷ. എനിക്ക്പറയേണ്ടത്- പറയാനും പറയേണ്ടാത്തത് പറയാതിരിക്കാനും ഇടംതരുന്ന തട്ടകം…
മലയാളിയ്‌ക്ക് സ്വന്തമെന്നവകാശപ്പെടാവുന്ന ശൈലീകൃതനൃത്തകല മോഹിനിയാട്ടമാണെങ്കിലും വലിയൊരളവിൽ ഭരതനാട്യവും കുറഞ്ഞൊരളവിൽ കുച്ചിപ്പുടിയും കൊണ്ടുനടക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാംസ്‌കാരികസാഹചര്യം കേരളക്കരയിലുണ്ട്. മോഹിനിയാട്ടം വൃത്തിയായി കളിക്കുകയും കളരിയിൽ പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ എളുപ്പമല്ല ഭരതനാട്യത്തിന്റെ അഭ്യാസവും അരങ്ങും. കടുത്ത മത്സരമാണ് പ്രയോക്താവ് എന്ന നിലയ്‌ക്കും അധ്യാപകൻ/അധ്യാപിക എന്ന നിലയ്‌ക്കും ഭാരതനാട്യക്കാരെ കാത്തിരിക്കുന്നത്. എന്നിട്ടും ലോകപ്രശസ്തമായ ഈ നൃത്തകല ആത്മപ്രകാശനമാധ്യമമായി സ്വീകരിക്കണമെങ്കിൽ ഒരു നർത്തകിക്ക്/നർത്തകന് മൗലികഗുണവിശേഷങ്ങൾക്കുപരി തെളിഞ്ഞ ഭാവനയും ജിജ്ഞാസയും പരീക്ഷണോന്മുഖതയും ആർജിതജ്ഞാനവും അത്യന്താപേക്ഷിതം. ഈവക ഗുണഗണങ്ങളെല്ലാം ഒത്തുചേർന്ന നർത്തകിയും നൃത്തസംവിധായികയുമാണ് രാജശ്രീ വാരൃർ.
രാജശ്രീ വാരിയർ ഫോട്ടോ: ബിച്ചു
പാരമ്പര്യത്തിന്റെ ഊർജം ആവഹിക്കുമ്പോഴും താൻ ജീവിക്കുന്ന സമൂഹത്തിന്റെ ഗതിവിഗതികൾ സൂക്ഷ്‌മമായി പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ ഇനങ്ങൾ ഭരതനാട്യത്തിൽ രാജശ്രീ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭാരതനാട്യത്തിന്റെ സാംസ്‌കാരിക നിക്ഷേപങ്ങളെ ആശ്രയിച്ചും അതിൽ നിന്ന് ലഭ്യമായ വിഭവങ്ങളെ സമകാലികമായ ലാവണ്യാഭിരുചികളുമായി സംയോജിപ്പിച്ചും വേറിട്ടൊരു യാത്രയിലാണ് രാജശ്രീ. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഗമദ്യുതിയായി മാറുന്നു അവരുടെ ഓരോ അരങ്ങും. നൃത്തകലയ്‌ക്ക് സമർപ്പിച്ച സ്വജീവിതത്തിലെ നിർണായകനിമിഷങ്ങളും തന്റെ കലാസങ്കല്പങ്ങളും അവർ സുദീർഘമായ ഈ മുഖാമുഖത്തിൽ പങ്കുവയ്‌ക്കുന്നു.? എന്റെ വഴി ഭരതനാട്യത്തിന്റേതാണെന്ന് ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണ് രാജശ്രീ തിരിച്ചറിയുന്നത്.
= ഒരു നൃത്താവതരണം തരുന്ന അമൂല്യമായ നിമിഷങ്ങളിലൂടെയാവും നാം ഒരു നൃത്തരൂപമാണ് സ്വന്തം ഭാഷ എന്ന് തിരിച്ചറിയുന്നത്. ഇല്ലെങ്കിൽ വേദിയിലെത്തുന്നതിന്റെ പരിശ്രമ പരിശീലന ഘട്ടങ്ങളിലാവും അത് സംഭവിക്കുക. വേദിയും സദസ്സും തരുന്ന ആത്മവിശ്വാസവും ഒരു കാരണമായിത്തീരാം. കേരളത്തിൽ നിന്നുകൊണ്ട് ഭരതനാട്യനർത്തകി എന്ന നിലയിൽ പ്രവർത്തിക്കുക എല്ലാ അർഥത്തിലും വെല്ലുവിളിയാണ്. ഒന്ന്, ക്ലാസിക്കൽ കല ഒരു പ്രൊഫഷൻ ആയി മനസ്സിലാക്കാത്ത, മനസ്സിലാകാതെ പോകുന്ന ഒരു ഉദ്യോഗസ്ഥ സമൂഹം എന്ന ബഹുഭൂരിപക്ഷത്തിന് നടുവിലാണ് എന്നത്. രണ്ട്, പണം ആണ്. എങ്ങനെ ജീവിക്കാനുള്ള പണം ഉണ്ടാവും? ക്ലാസിക്കൽ കല തുടക്കകാലങ്ങളിൽ ഒന്നും തരില്ല.
പണം, അംഗീകാരം, പ്രശസ്തി ഒന്നും തന്നെ ഉണ്ടാവില്ല. കുറഞ്ഞത് മുപ്പതുവർഷം കഠിന പരിശ്രമം വേണം എന്തെങ്കിലും ഒന്നായിത്തീരാൻ തന്നെ. മൂന്ന്, ഭരതനാട്യം തമിഴ്നാടിന്റെ മാത്രമായി നിലനിൽക്കണം എന്ന് ശഠിക്കുന്ന ഒരു വിഭാഗത്തിൽ നിന്നുള്ള സമ്മർദം. സത്യം പറഞ്ഞാൽ എട്ടാം വയസ്സിൽ തുടങ്ങിയ അഭ്യാസം അമ്പത് വയസ്സാകാറായപ്പോൾ മാത്രമാണ് തെളിഞ്ഞ രൂപത്തിൽ ആസ്വാദക ബൗദ്ധിക സമൂഹത്തിന്റെ കണ്ണിൽപ്പെട്ടുതുടങ്ങുന്നത്. ഇതിനെ വെല്ലുവിളിയെന്നാണോ വിളിക്കേണ്ടത്? അറിയില്ല. ചില ചുറ്റുപാടുകളെ ഗതികേട് എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. നൃത്തച്ചുവടു വച്ചു തുടങ്ങുന്നവരും നർത്തകരായി വാഴ്ത്തപ്പെടുന്ന മാധ്യമ ഇടങ്ങൾ കൂടിയാകുമ്പോൾ എന്തു പറയാൻ!
? വേണ്ടയിരുന്നില്ല ഇത്, ഞാൻ ചിലങ്ക അഴിച്ചുവെക്കുകയാണ് എന്ന മട്ടിൽ നിരാശയുടെ ആഴങ്ങളിലേക്ക് വീണുപോയ സന്ദർഭങ്ങൾ കലാജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?എനിക്കിത് പറ്റില്ല എന്ന മട്ടിൽ നിരാശയോടെ പിൻവാങ്ങുവാൻ തീരുമാനിച്ച സന്ദർഭങ്ങൾ…
= പറ്റില്ല, പിൻവാങ്ങൽ എന്നൊക്കെയുള്ള വാക്കുകൾ നൃത്തത്തെ സംബന്ധിച്ച് എനിക്കില്ല. നിരാശയുണ്ടായിട്ടുണ്ട്. അതിനെ അതിജീവിക്കാനുള്ള ഉൾക്കരുത്തുമുണ്ട്. പരിപൂർണപിന്തുണ പലപ്പോഴും മൗനങ്ങളിലൂടെയും ഇടപെടാതിരിക്കലിലൂടെയും ഒക്കെ തന്നിട്ടുള്ള നൂറുശതമാനം പുരോഗമന ചിന്താഗതിയുള്ളവരാണ് കുടുംബത്തിൽ ഭൂരിപക്ഷവും. അച്ഛൻ, അമ്മ, സഹോദരൻ, മകൾ… ഇപ്പോൾ ഭർത്താവ് അനിലും വലിയ ബലമാണ്.
? നൃത്തവും സംഗീതവുമായി ബന്ധപ്പെട്ട് രാജശ്രീക്ക് എന്തെങ്കിലും കുടുംബപാരമ്പര്യം.
= അങ്ങനെ പ്രത്യേകിച്ച് പറയാനില്ല. അതേസമയം നല്ല സംഗീതബോധവും ആസ്വാദന ശേഷിയുമുള്ളവർ മുൻതലമുറയിൽ ഉണ്ട്. അച്ഛൻ രാജശേഖര വാരിയർ നന്നായി പാടുമായിരുന്നു.
രാജശ്രീയുടെ ശൈശവം. അച്ഛൻ രാജശേഖര വാരിയരും അമ്മ ശ്രീദേവിയും
റഫിയുടെയും മുകേഷിന്റെയുമൊക്കെയാണ് പാടാറ്. എങ്കിലും കർണാടക സംഗീതത്തിൽ സാമാന്യം നല്ല കേൾവിശീലവും രാഗപരിചയവും ഉണ്ട്. സംഗീതത്തിൽ അക്കാദമിക ധാരണയുള്ളവർ ‘വലിയ ആലാപന സാധ്യതയില്ലാത്ത രാഗം’ എന്നൊക്കെ പറഞ്ഞ് പാടാത്ത രാഗങ്ങളൊക്കെ അച്ഛൻ അനായാസമായി മിനുട്ടുകളോളം മൂളാറുണ്ട്. ഒരു സ്വരസമുച്ചയം (phrase) പോലും ആവർത്തിക്കാതെ ജൈവമായ അഭിരുചി എന്നൊക്കെ പറയാം ഇതിനെ. അമ്മ ശ്രീദേവി നല്ല ആസ്വാദകയാണ്. രണ്ടുപേർക്കും ഒരുപോലെയുള്ളത് വായനയാണ്. അതെല്ലാം കുറേയൊക്കെ പകർന്നുകിട്ടിയിട്ടുണ്ട്. എടുത്ത് പറയേണ്ടത് ആസ്വാദന മികവാണ്. നർത്തകരായാലും പാട്ടുകാരായാലും പ്രാഥമികമായി അവർക്ക് മികച്ച ആസ്വാദന ശീലം വേണം. അതില്ലെങ്കിൽ മറ്റെല്ലാ മികവും നിഷ്പ്രയോജനം എന്നാണ് തോന്നുന്നത്.
? ഒരു ടീസ്പൂൺ മോഹിനിയാട്ടം. ഒരൽപ്പം ഭരതനാട്യം. ഒരു തരി കുച്ചിപ്പുടി. മേമ്പൊടിയായി കേരളനടനം. ഇതാണ് പൊതുവെ കേരളീയ നർത്തകികളുടെ ഒരു രുചിപ്രകാരം. ഇതിൽ നിന്ന് വ്യത്യസ്തമായി ഭരതനാട്യം ആത്മപ്രകാശനമാധ്യമമായി സ്വീകരിക്കാനുള്ള കാരണങ്ങൾ.
= ഏത് നൃത്തരൂപം ആയാലും അതിന്റെ സങ്കേതവും ഭാഷാസ്വരൂപവും എത്രത്തോളം അറിയാൻ ആകുമോ അത്രത്തോളം അറിയാൻ ശ്രമിക്കുക എന്നതാണ് വേണ്ടത് എന്നുതോന്നുന്നു. ഏതാണ്ട് ഇരുപത് വർഷത്തോളം ഗുരു മൈഥിലിയിൽ നിന്നാണ് ഭരതനാട്യം അഭ്യസിച്ചത്. അവർക്ക് ഈ നൃത്തരൂപത്തോടുള്ള അനുപമമായ അഭിനിവേശമാണ് ഭരതനാട്യത്തോട് ഇത്രമേൽ അടുപ്പം വരാനുള്ള പ്രധാന കാരണം. പിന്നീടങ്ങോട്ട് നർത്തകി എന്ന നിലയിൽ ഉള്ള സ്വതന്ത്ര യാത്രയിലും മറിച്ചൊന്നു തോന്നിയിട്ടില്ല. ഓരോ നൃത്തരൂപത്തിനും അതിന്റേതായ ലയതത്വം ഉള്ളതായി തോന്നിയിട്ടുണ്ട്. നർത്തകിയുടെ ആത്മഭാവത്തോട് അടുത്തുനിൽക്കുന്ന ഒന്നാകും അവരുടെ നൃത്തരൂപം ആയി തിരഞ്ഞെടുക്കപ്പെടുക. അങ്ങനെ തന്നെയാവാം ഭരതനാട്യത്തിലെത്തപ്പെട്ടത് എന്നുപറയാം.
സ്കൂൾ‐ കോളേജ് കാലത്ത് തിരുവനന്തപുരത്ത് സൂര്യ കലാമേളയിൽ ഇന്ത്യയിലെ മികച്ച ഭരതനാട്യ അവതരണങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതും കുറെയേറെ ഈ തിരഞ്ഞെടുപ്പിൽ എത്താൻ പ്രചോദനമായിട്ടുണ്ട്. ഋജുവായും അബ്സ്ട്രാക്ട് ആയും നാട്യവിന്യാസത്തിൽ പറയാനുള്ള ഭാഷാഭദ്രത ഉണ്ട് ഭരതനാട്യത്തിന് എന്നുള്ള ബോധ്യപ്പെടൽ ആണ് മറ്റൊരു കാരണം. സുദീർഘമായ പാരമ്പര്യം കൊണ്ടാണ് ഭരതനാട്യം ഇത്ര സമ്പന്നമായത് എന്ന് കരുതാൻ പ്രയാസമാണ്. അങ്ങനെ ഒരു ഒഴുക്കൻ പാരമ്പര്യം ഒന്നിനും അവകാശപ്പെടാൻ ഇല്ലല്ലോ. കഥക് ഒഴികെയുള്ള ഭാരതത്തിലെ സകല ശൈലീകൃത നൃത്തകലകൾക്കും ആശ്രയിക്കാവുന്ന ഭാവസങ്കേതങ്ങൾ ഉണ്ട് ഭരതനാട്യത്തിന്. ഭരതനാട്യത്തിന്റെ വിനിമയശേഷിയും സൗന്ദര്യ സങ്കല്പവും ഉൾക്കരുത്തും വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ഗുരുവുമായി ഉണ്ടായിട്ടുള്ള നിരന്തര ചർച്ചകളും ചുറ്റുപാടുകളും ഈ നൃത്തരൂപവും അനുവദിച്ചുതരുന്ന ആവിഷ്കാരസ്വാതന്ത്ര്യവും ഒക്കെയാണ് ഈ നൃത്തരൂപത്തിലേക്ക് എന്നെ ചേർത്തുവെച്ചത്.
? ഏതുസമ്പ്രദായത്തിലുള്ള ശിക്ഷണമാണ് ഭരതനാട്യത്തിൽ രാജശ്രീക്ക് ലഭിച്ചത്. ഒന്നിലധികം ഗുരുക്കൾ. ശൈലികൾ. അഭ്യാസകാലത്തെ മറക്കാനാവാത്ത അനുഭവങ്ങൾ.
= വഴവൂർ സമ്പ്രദായമാണ് വെളിപ്പെടുന്നത് എന്ന് തോന്നുന്നു. അതിന്റെ ഒരു സൗഷ്‌ഠവം ആണ് പിന്തുടരാൻ ശ്രമിക്കുന്നതും. എന്നാൽ മുൻതലമുറയിലെ നർത്തകരിൽ കാണുന്ന അലർമേൽ വള്ളിയിലും
അലർമേൽ വള്ളി
മാളവിക സാരുക്കായിയിലും ചിത്ര വിശ്വേശ്വരനിലും ഒക്കെ തെളിഞ്ഞുനിന്ന കൃത്യമായ ശൈലീവേർതിരിവ് എന്നിൽ കാണാനാകില്ല. അധ്യയനത്തിലും ആവിഷ്കാരത്തിലും വഴവൂർ സ്വഭാവം ഏറെക്കുറെയുണ്ടുതാനും. അനൽപമായ പുരോഗമന ചിന്താഗതി നിലനിർത്തുന്ന കുടുംബമാണ് എന്റേത്; അച്ഛൻ പ്രത്യേകിച്ചും. അതുകൊണ്ടാവാം സ്കൂൾ സമയത്ത് ഏറെ വായിച്ചത് റഷ്യൻ സാഹിത്യ കൃതികളുടെ മലയാള തർജമ ആണ്. തമിഴ് ഭാഷാകൃതികളെ വിശേഷിച്ച് കവിതകൾ പരിചയപ്പെടുത്തിത്തന്നത് ഗുരുനാഥ വി മൈഥിലി ആണ്. ഭാരതിയാരുടെ കവിതകൾക്കൊക്കെ വഴിവിളക്കായത് ഗുരു തന്നെയാണ്.
കർണാടക സംഗീതം കാസറ്റുകളിലൂടെയുള്ള കേൾക്കൽ വീട്ടിലും നൃത്തപഠനത്തിനിടയിലും ഒരുപോലെ തുടർന്നു. തിരുവനന്തപുരത്ത് വളർന്നതുകൊണ്ട് നവരാത്രി മണ്ഡപ കച്ചേരികളും ധാരാളം സ്വാധീനിച്ചിട്ടുണ്ട്. വൈകാരിക അടുപ്പം ആണ് മണ്ഡപ കച്ചേരികളോടുള്ളത്. പിൽക്കാലത്ത് ഗുരു ജയന്തി സുബ്രഹ്മണ്യത്തിന്റെ കീഴിലുള്ള അഭ്യസനവും പുതിയ കാഴ്ചപ്പാടുകൾ നൽകി. പദങ്ങളും ജാവളികളും ഒക്കെയാണ് അവരിൽനിന്ന് പഠിച്ചത്. പിന്നീട് സ്വതന്ത്ര ആവിഷ്കാരങ്ങളിൽ പഠിച്ച പാഠങ്ങൾ പൊളിച്ചുകളയേണ്ടിയും വന്നിട്ടുണ്ട്. വായന, ഭാവനയിൽ ഉണ്ടായ ആത്മപ്രകാശനം, നൃത്തസംവിധാനത്തിലെ പുതിയ കാഴ്ചപ്പാടുകൾ അതിലുപരി (unlearning) അങ്ങനെ പലതും മറക്കാനാവാത്തത് തന്നെയാണ്. ബോധപൂർവം മറക്കാനും നാം മറന്നുകൂടല്ലോ!
ചിത്ര വിശ്വേശ്വരൻ
? ഇന്ത്യൻ പാരമ്പര്യ കലകളിൽ പ്രയോക്താക്കൾ എണ്ണത്തിലും ഗുണത്തിലും ഏറ്റവുമധികം മത്സരബുദ്ധി പ്രകടിപ്പിച്ചുപോരുന്നത് ഭരതനാട്യത്തിലാണ്. കേരളത്തിൽ നിന്ന് ഈ കല അഭ്യസിച്ച് ജന്മനാട്ടിൽ തന്നെ താമസമുറപ്പിച്ച നർത്തകി എന്ന നിലയിൽ രാജശ്രീ തന്റെ കർമ്മമണ്ഡലത്തിൽ കാണുന്ന സാധ്യതകൾ… പരിമിതികൾ… അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ…
= ഒരു സമയത്ത് ചെന്നൈയിൽ താമസിച്ചു ഭരതനാട്യം ചെയ്യലാണ് കൂടുതൽ സൗകര്യം എന്ന് തോന്നാതിരുന്നിട്ടില്ല. ഭാരതനാട്യക്കാരുടെ എണ്ണം കൂടുതലാണ് എന്നതു ശരിയാണ്. പഠിക്കലും ചെയ്യലും അതിന്റെ എണ്ണവും മാത്രം ഒരു കലാരൂപത്തെ മികവുറ്റതാക്കി നിലനിർത്തുന്നുണ്ടോ എന്നു സംശയമാണ്. മത്സരബുദ്ധി വലിയ കാര്യമാണെന്നും തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കല ആത്മപ്രകാശനത്തിന് കൂടിയുള്ളതാണ്. മറ്റുള്ളവർ ചെയ്യുന്നത് നമ്മളെ എന്തിനു ബാധിക്കണം. പിന്നെ എല്ലാ രംഗത്തും ഉള്ളപോലെ കലയിലും കോക്കസും ഒഴിവാക്കലും ഒതുക്കലും നിഷേധിക്കലും ഒക്കെയുണ്ട്. അത് എല്ലാ കാലത്തും ഉണ്ട്. അങ്ങനെ പലതും അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരം അനുഭവങ്ങളെ പാഠമാക്കി മുന്നോട്ടുപോകാനുള്ള ഒരുതരം ക്ഷമയും കരുത്തും കിട്ടിയതായി തോന്നുന്നു.
അതുകൊണ്ടുതന്നെ ഇതൊന്നും വകവയ്ക്കാറില്ല. കേരളത്തിൽ സിനിമയ്‌ക്കപ്പുറം കാണാൻ പല പ്രമുഖ കലാസ്വാദന കോക്കസ്സുകൾക്കും കഴിയുന്നില്ല എന്ന സങ്കടമുണ്ട്. കാഴ്ചയുടെ അനുഭവത്തെ വിശ്വസിച്ചുമാത്രം വിമർശനം നടത്തുന്ന എത്ര നിരൂപകരുണ്ട് കേരളത്തിൽ. വ്യക്തിപ്രഭാവത്തിനു മുൻഗണന കൊടുത്തുകൊണ്ടുള്ള നിരൂപണങ്ങളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി കണ്ടുവരുന്നത്. ഭാരതനാട്യത്തിനെ സംബന്ധിച്ച് ചെന്നൈയിൽ നിന്നും മറ്റും വരുന്ന നൃത്താവതരണങ്ങളെ കണ്ണുമടച്ച് പ്രശംസിക്കുക എന്നതാണ് രീതി. അതൊരുതരം സൗകര്യപൂർവമുള്ള സമീപനം ആണ്. അവനവന്റെ ആസ്വാദനക്ഷമതയെ വിശ്വാസമില്ലാത്തതുകൊണ്ടുള്ള പ്രശ്നമാണ്.
ഒരു നൃത്തരൂപത്തിന്റെ വിവിധ ഭാവാവിഷ്കാരങ്ങളെ കാലങ്ങളായി കാണുകയും അറിയുകയും ചെയ്യുന്നതിലൂടെ സ്വയം ആർജിച്ചെടുക്കേണ്ടതായ കാഴ്ചപ്പാടുകൾ ഉണ്ട്. അതില്ലാതാവുന്നതിന്റെ ഉദാഹരണങ്ങൾ ആണ് കേരളത്തിലെ ‘നിരൂപകരുടെ’ നിരൂപണങ്ങൾ. വ്യക്തിയുടെ, ഏതെങ്കിലും രീതിയിലുള്ള, സമൂഹത്തിന്മേലുള്ള സ്വാധീനമാണ് ഈ നിരൂപകരിൽ ബഹുഭൂരിപക്ഷത്തെയും സ്വാധീനിക്കുന്നത്. നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുന്ന ചില മാധ്യമങ്ങൾ വലിയ തലത്തിൽ കോക്കസ് നിയന്ത്രിതമാണ്. ചുരുക്കം പറഞ്ഞാൽ നിരൂപണം വ്യക്തിനിർമ്മാണത്തിന്റെ ആസൂത്രിതമായ പ്രകടിത ബുദ്ധി രൂപമായി മാറുന്നു.
മാളവിക സാരുക്കായി
രസകരമായ ഒരു കാര്യമുണ്ട്. മലയാള കവിതകൾ ഭരതനാട്യത്തിൽ ആവിഷ്കരിച്ച മുൻനിരക്കാരിയാണ് ഞാൻ. അന്ന് കല്ലെറിഞ്ഞവർ ഇന്ന് ചെന്നൈയിൽ നിന്ന് ഭരതനാട്യത്തിൽ ‘ആശാൻ കവിത’ എന്നൊക്കെ വാഴ്ത്തുന്നതും രസമുണ്ട് കേൾക്കാൻ. ഇതൊക്കെ ഒട്ടൊന്നുമല്ല എനിക്ക് പ്രചോദനം തരുന്നത്. സോഷ്യൽ മീഡിയ അങ്ങനെ നോക്കുമ്പോൾ ഒരനുഗ്രഹമാണ്. ഒരു നർത്തകിയെയും ഒളിപ്പിച്ച് വയ്ക്കാനാവാത്ത ഒരു സമകാല സ്വാതന്ത്ര്യം ആണ് അത് തരുന്നത്.
? കേരളത്തിലെ മികച്ച നർത്തകികളിൽ പലർക്കും സംഗീതം തീരെയില്ല. നൃത്തത്തിലുള്ള രുചിപോലെ സംഗീതവാസനയും രാജശ്രീയിൽ ഭദ്രമാണ്. ഭരതനാട്യത്തിൽ അലാരിപ്പ് തൊട്ട് തില്ലാന വരെയുള്ള ഇനങ്ങൾ ചെയ്യുമ്പോൾ, പുതിയ ഇനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ, രാജശ്രീയുടെ സംഗീതവിവേകം എങ്ങനെ പ്രയോജനപ്പെടുന്നു. ഉദാഹരണസഹിതം വിശദമാക്കുമോ.
= നൃത്തത്തെ സംബന്ധിച്ച് സംഗീതബോധം ഒരു വിവേകമാണ്. കേരളസംഗീതമെന്നോ കർണാടക സംഗീതമെന്നോ ഉള്ള കള്ളികളിൽ ഒതുങ്ങിനിൽക്കുന്നതല്ല സംഗീതദർശനം. അത് ലോകസംഗീതത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. പല പ്രദേശങ്ങളിലെ, പാർശ്വവൽകൃതമായ ഇടങ്ങളിലെ, സംസ്കാരത്തെ എങ്ങനെ സംഗീതത്തിലൂടെ പ്രകാശിപ്പിക്കാം എന്ന അന്വേഷണം സംവിധാനം ചെയ്ത ചില നൃത്തങ്ങളിൽ സാർഥകമായിട്ടുണ്ട്. തോമസ് ഹാർഡിയുടെ ‘ടെസ്സ്’ ചിട്ടപ്പെടുത്തിയപ്പോൾ പാശ്ചാത്യ സംഗീതവും വാദ്യോപകരണങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. നമ്മുടെ വായ്ത്താരികൾക്ക് പകരം ഹ! ഹ! ഹ! ഹ! എന്നുള്ള ശബ്ദവിശേഷം ചേർത്തിരുന്നു. അതിലെ പുരുഷമേധാവിത്വം സൂചിപ്പിക്കാൻ അങ്ങനെ ചില സങ്കേതങ്ങൾ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിലോ യൂറോപ്പിലോ ഉള്ള ഒരു സ്ത്രീ അവരുടെ നാട്ടിൽ താഴ്ന്ന പ്രദേശത്തുനിന്ന് ഉയർന്ന പ്രതലത്തിലേക്ക് കയറുന്നതും അവിടെനിന്ന് ഇറങ്ങുന്നതും പാശ്ചാത്യ വാദ്യസംഗീതത്തിന്റെ ഉചിതവിന്യാസം കൊണ്ട് സദസ്സിനെ അനുഭവിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അതിനുവേണ്ട ഒരു സംഗീതാവബോധം ലഭിച്ചത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. എങ്ങനെയാണ് സംഗീതം ഒരു രൂപത്തിന്റെ ഭാവം നിർണയിക്കുന്നതെന്നും ഒരു കഥാപാത്രത്തിന് ഭാവപശ്ചാത്തലവും ഭാവപൂർണതയും സമ്മാനിക്കുന്നതെന്നും ഗുരുനാഥന്മാരുടെ അനുഗ്രഹം കൊണ്ട് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പുരോഗമനസ്വഭാവമുള്ള ധാരാളം നാടകങ്ങൾ ഞാൻ കണ്ടിരുന്നു.
കടമ്മനിട്ട
കടമ്മനിട്ടയുടെ ‘കുറത്തി’ യുടെ ചൊൽക്കാഴ്ച കണ്ടപ്പോഴൊക്കെ ശബ്ദത്തിന്റെ ക്രമീകരണത്തെയും വാക്കുകൾക്കിടയിലെ വാചാലമായ മൗനത്തെയും കുറിച്ചൊക്കെ നല്ല ഉൾക്കാഴ്ചകൾ കിട്ടി. ഭാരതനാട്യക്കച്ചേരിയിൽ സംഗീതത്തിനൊപ്പം നിശ്ശബ്ദതയ്‌ക്കും നല്ല ഇടമുണ്ട്. വാദ്യത്തിലുയരുന്ന ശബ്ദം പോലെ നൃത്തത്തിന്റെ ഭാവത്തെ പ്രചോദിപ്പിക്കുന്നതാണ് അവയ്ക്കിടയിൽ വരുന്ന നിശ്ശബ്ദതയും. സംഗീതത്തിലാണ് എന്റെ ബിരുദാനന്തരബിരുദം. ഒരിടയ്ക്ക് സംഗീതക്കച്ചേരികൾ നടത്തിയിരുന്നു.
ശാസ്ത്രീയ സംഗീതത്തിലുള്ള അടിയുറച്ച ശിക്ഷണം നൃത്തസംബന്ധിയായ കാഴ്ചപ്പാടുകളെയും മറ്റും സാരമായി സ്വാധീനിച്ചിട്ടുണ്ട്. നൃത്തത്തിന്റെ സംഗീതബോധ്യം പലർക്കും പലതാണ്. സംഗീതം പഠിച്ചിട്ടുള്ളവർ നൃത്തത്തിന്റെ സംഗീതത്തിലുപയോഗിക്കുന്ന സങ്കേതങ്ങളിലും മൃദംഗത്തിൽ വരുന്ന ചില ‘നട’കളിലും മറ്റും കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്. ചിലത് ചേർക്കാനും മറ്റുചിലത് ഒഴിവാക്കാനും നിഷ്കർഷിക്കാറുണ്ട്. അത്രതന്നെ ശ്രദ്ധ ഒരുപക്ഷേ, ആവശ്യമില്ലായിരിക്കാം. ഓരോ രാഗവും ഓരോ ദിവസവും പുതിയ അനുഭൂതിയാണ് തരുന്നത്. സംഗീതത്തിലുള്ള അറിവ് കൂടുന്തോറും നമ്മൾ അതിനെ മിതമായിട്ടാണ് നൃത്തത്തിൽ ഉപയോഗിക്കുക. എ ആർ റഹ്മാന്റേതടക്കം നാനാതരം സംഗീതവും ഞാൻ കേൾക്കും, കർണാടകസംഗീതം മാത്രമല്ല. അതെല്ലാം ചേർന്ന് പുഷ്ടിപ്പെടുത്തിയതാണ് എന്റെ നൃത്തം.
? കനക് റെലെയും ഭാരതി ശിവജിയും കേരളത്തിലെ നർത്തകികൾക്ക് പരദേശികൾ, അധിനിവേശക്കാർ. കാലങ്ങളായി അവർ മോഹിനിയാട്ടം ചെയ്തിട്ടും നാട്ടുനർത്തകികളുടെ നിലപാടിൽ മാറ്റമില്ല. രാജശ്രീയെപ്പോലുള്ള ഭരതനാട്യ നർത്തകികളെ സമാനമനോഭാവത്തിൽ ചെന്നൈയിൽ നിന്നുള്ള നർത്തകികൾ കാണുന്നുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തുകൊണ്ടായിരിക്കാം.
= കേരളത്തിൽത്തന്നെ സംഘാടകപക്ഷത്തുനിന്നും നിരൂപകപക്ഷത്തുനിന്നും വളരെയധികം അവഗണന അനുഭവിച്ചിരുന്ന ഒരു കലാകാരിയാണ്. ഇവിടുത്തെ ഫെസ്റ്റിവലുകളിൽ ഭരതനാട്യത്തിന് കേരളത്തിൽ നിന്നുള്ള കലാകാരികളെ പരമാവധി ഒഴിവാക്കും. ചെന്നൈയിൽ സഭകളിലെ പരിപാടികളുടെ കാര്യത്തിലൊക്കെ സവർണമേധാവിത്വം പണ്ടേയുണ്ട്. ഇപ്പോഴും വലിയ മാറ്റമില്ല. നർത്തകരും നിരൂപകരും ചേർന്ന ഒരു പ്രബലവിഭാഗം വേദികൾ കയ്യടക്കുന്നതിനൊപ്പം കഴിവുള്ള പലരെയും ഒഴിവാക്കുന്നു. പുരോഗാമികൾ എന്നറിയപ്പെടുന്ന ചില പ്രമുഖമാധ്യമങ്ങൾ പോലും ഇതിനൊക്കെ അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുന്നു. എന്റെ ഒരു തിക്താനുഭവം സൂചിപ്പിക്കട്ടെ.
ഡൽഹിയിലെ ഹാബിറ്റാറ്റ് സെന്ററിൽ ഒരു ഭരതനാട്യക്കച്ചേരി ഉണ്ടായിരുന്നു. അത് കാണുന്നതിനായി അവിടത്തെ ഒരു പ്രഗത്ഭയായ കലാനിരൂപകയെ ക്ഷണിച്ചിരുന്നു. അവർ നേരത്തെ അവിടെ വരികയും തിരിച്ചുപോവുകയും ചെയ്തു. ‘നൃത്തം കാണാൻ എത്തിയവർ തീർത്തും സാധാരണക്കാരായിരുന്നു. പ്രശസ്തരായ ആരെയും അവിടെ കണ്ടതേയില്ല’ എന്ന അതിന്റെ കാരണം വളരെ വിചിത്രമായി തോന്നി.
? രാജശ്രീ പ്രധാനമായി ചെയ്തുപോരുന്ന ‘മാർഗം’ അനുസരിച്ചുള്ള പാരമ്പര്യ ഇനങ്ങൾ… പുതുതായി സംവിധാനം ചെയ്തവ. സ്വയം സംവിധാനം ചെയ്ത ‘വർണം’, ‘പദം’, ‘ജാവളി’, ‘തില്ലാന’ എന്നിവയുടെ സവിശേഷതകൾ… അവയുടെ സംഗീതവിശേഷങ്ങൾ…
= പുരന്ദരദാസന്റെയും അണ്ണാമാചാര്യയുടെയും കൃതികൾ ഭരതനാട്യത്തിൽ ചിട്ടപ്പെടുത്തി ചെയ്തിട്ടുണ്ട്. കാശ്മീരി കവിയായ ലാൽദേവിന്റെ ഒരേയൊരു കവിത രഞ്ജിത്ത് ഹോസ്കോട്ട് പരിഭാഷപ്പെടുത്തിയത് അരങ്ങിൽ നൃത്തരൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതിനെ ഒരു ഏകാങ്കനാടകം എന്നു വിളിക്കാം. അത് സമകാലികമാണ്. അതിന്റെ രണ്ടുതരം ആവിഷ്കാരങ്ങളാണ് നിർവഹിച്ചത്. വളരെ ചുരുങ്ങിയ ഒരു രംഗസ്ഥലിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഭരതനാട്യത്തിന്റെ അംഗീകൃതഘടനയ്ക്ക് പുറത്തുള്ള രൂപങ്ങളും പ്രമേയങ്ങളും നൃത്തവേദികളിൽ കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ ഒരുതരം പരീക്ഷണങ്ങളാണ്.
? ഭരതനാട്യത്തിൽ താളവൈവിധ്യങ്ങളുടെ സ്ഥാനം, അനുഭവപരത, ഔചിത്യം, അനൗചിത്യം…
= ഗൃഹാതുരത്വത്തിന്റെ കാന്തിപ്രസരിപ്പിക്കുന്ന തഞ്ചാവൂർ നാൽവരടക്കമുള്ളവരുടെ ‘വർണങ്ങളോട്’, പാരമ്പര്യ വർണങ്ങളോട് വലിയ ഇഷ്ടമുണ്ട്. അവയിലെ താള‐കാല‐ഭാവ വൈവിധ്യങ്ങൾ എനിക്ക് പ്രിയങ്കരം ആണ്. തഞ്ചാവൂർ നാൽവരുടെ കൃതികളിലെ ചിട്ടസ്വരത്തിന്റെ ഘടന വളരെ വശീകരിച്ചിട്ടുണ്ട്. താളപ്രധാനങ്ങളായ അലാരിപ്പും ശബ്ദവും കൗത്വങ്ങളും എന്റെ രുചികളെ മുൻനിർത്തി ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. നവരസകൗത്വത്തിന് എന്റേതായ മുദ്ര കൊടുത്ത് അവതരിപ്പിച്ചുവരുന്നുണ്ട്. മഹാഭാരതത്തിൽ നിന്നുള്ള സന്ദർഭങ്ങൾ സംവിധാനം ചെയ്ത് അരങ്ങിൽ ആവിഷ്കരിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ധാരാളമായി ഭരതനാട്യ സ്വരൂപത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ഗുരുവിന്റെ ‘കാളീനാടകം’ ഞാനും മകൾ ലാവണ്യയും ചേർന്ന് അവതരിപ്പിച്ചിട്ടുണ്ട്.
മകൾ ലാവണ്യയോടൊപ്പം വേദിയിൽ ഫോട്ടോ: അരുൺ
തമിഴും മലയാളവും ചേർന്ന ‘ഭഗോതിച്ചിന്ത്’ എഴുന്നള്ളത്താണ്. നാഗസ്വരമേളത്തിന്റെ അകമ്പടിയോടെ മഞ്ചലിൽ ഇരുത്തിക്കൊണ്ടുവരുന്ന ഭഗോതിയാണ്. ഭരതനാട്യത്തിൽ എഴുന്നള്ളിപ്പ് നൃത്തത്തിന് മല്ലാരി എന്ന് പറയും. ക്ഷേത്രങ്ങളിൽ ദേവീദേവന്മാരെ പല്ലക്കിലെഴുന്നള്ളിച്ചുകൊണ്ടുവരുമ്പോൾ കേൾക്കുന്ന സംഗീതപദ്ധതി ആണ് നൃത്തത്തിലെ മല്ലാരിക്കും ഉപയോഗിക്കുക. ഭരതനാട്യത്തിൽ ഇന്ന് കാണുന്ന മല്ലാരി, നൃത്തക്കച്ചേരിയിൽ കണ്ടുതുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇങ്ങേയറ്റത്തുവെച്ചാണ്.
അമ്പത് വർഷത്തിന്റെ പഴമപോലും അവകാശപ്പെടാനില്ല. വാദ്യവൃന്ദക്കാരുടെ ചലനങ്ങൾ, മഞ്ചൽ ചുമക്കുന്നവരുടെ ഗതികൾ, അമ്പലങ്ങളിലെ പ്രദക്ഷിണവീഥിയുടെ കിടപ്പ്, ഇതെല്ലാം മല്ലാരിയെ സ്വാധീനിക്കും. നർത്തകി ഇതൊക്കെ ഉൾക്കൊണ്ട് പല്ലക്കെടുപ്പുകാരനായും നാഗസ്വര വിദ്വാനായും കുഴിത്താളക്കാരനായും തവിൽ വിദഗ്ധനായും ഒക്കെ മാറിമാറി പ്രദക്ഷിണവഴിയുടെ കോണുകൾ പുനഃസൃഷ്ടിച്ചാണ് മല്ലാരി അവതരിപ്പിക്കുന്നത്. ഈണത്തിലുള്ള ചൊല്ലുകൾ മൂന്നു കാലങ്ങളിലും ചിലപ്പോൾ അതുതന്നെ തിശ്രപ്പെടുത്തിയും പാടിയാണ് മല്ലാരിക്ക് സംഗീതം ചമയ്ക്കുക! തമിഴിന്റെ പൂജാവിധികളേയും സംഗീത പദ്ധതിയേയും ക്ഷേത്രച്ചടങ്ങുകളേയും ഓർമ്മിപ്പിക്കുന്നു മല്ലാരി.
ഇവിടെ, നാട്ടുമൊഴി എന്ന നൃത്തസൃഷ്ടിയിൽ ഭഗോതി ചില നാട്ടുവഴക്കങ്ങളെക്കൂടി സംഗീതമാക്കിയാണ് എഴുന്നള്ളിയത്. കാഴ്ചയിൽ തനി മല്ലാരിയായിരിക്കുമ്പോഴും കേൾവിയിൽ മലയാളിത്തമുള്ള ഒരു വരവാണ് ‘ഭഗോതി’യുടേത്.
കേരളീയ പദ്ധതിയിലെ മർമ്മ താളമാണ് ഭഗോതിക്ക് ‘നട’ ആയത്. ആ താളത്തിന്റെ എടുപ്പിനും അടുക്കിനും വിശ്രാന്തിക്കും നിന്നുകൊടുത്താണ് ഭഗോതി എത്തിയത്. നാലമ്പലത്തിൽ കയറും മുൻപ് ഉത്സവാഘോഷത്തിൽ ഊരുചുറ്റി ഭക്തപ്രസാദിനിയായി ഉല്ലാസവദനയായ ദേവി നാലകത്തിൽ കയറി ശ്രീലകത്തിൽ കയറുന്നതിനു തൊട്ടുമുൻപുവരെ ക്ഷേത്രച്ചടങ്ങുകളുടെ കയർകൊരുത്ത നിയന്ത്രണത്തിലും. താരതമ്യേന പ്രസന്നഭാവമാണ് അവർക്ക്. അകത്തു കയറ്റപ്പെട്ട ഭയന്ന ഭഗോതി പറയുന്നു: ‘കൂരൈ, തറൈ, സുവർ, അറൈ’. പിന്നെ, അടഞ്ഞ ശ്രീലകത്തിന്റെ ഇരുട്ടാണ്. ഇരുട്ടിനെ വകഞ്ഞുകീറി തെളിയുന്നത് ഒരു ഗ്രാമാന്തരീക്ഷത്തിലെ പ്രഭാതമാണ്.
2019 മേയ് ഒന്നാം തിയതി തൃശ്ശൂരിലാണ് ‘ഭഗോതി ചിന്ത്’ എന്ന ഈ നൃത്താവിഷ്കാരം അരങ്ങേറിയത്. നാട്യത്തിന്റെ സമസ്തതലങ്ങളേയും സ്പർശിച്ചു തന്നെയാണ് ഈ ആശയം ആദ്യം എഴുതിയത്. ഒരു കഥയെ എങ്ങനെ പറയാം, അതിശയോക്തി അവസാനം വരെ നിലനിർത്തിക്കൊണ്ട് ഭരതനാട്യത്തിന്റെ ഭാഷയെത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് രണ്ട് അവസ്ഥകളിൽ ഇരിക്കുന്ന ഭഗോതിയെ എങ്ങനെ അവതരിപ്പിക്കാം എന്നതായിരുന്നു വെല്ലുവിളി.
? കേരളീയ നർത്തകികൾ സ്വാതി കൃതികളും മറ്റും ഭരതനാട്യത്തിൽ കൂടുതലായി ചെയ്യണം എന്ന് ശോഭന. ഈ വിഷയത്തിൽ രാജശ്രീയുടെ നിലപാട്.
= മണിപ്രവാളത്തിലും മലയാളത്തിലുമുള്ള കൃതികൾ കേരളീയ നർത്തകികൾ അരങ്ങിൽ അവതരിപ്പിക്കുമ്പോൾ അവയ്ക്ക് സവിശേഷമായ സൗന്ദര്യവും ഈണവും കൈവരും എന്ന അർഥത്തിലാണ് ശോഭന
ശോഭന
ഇങ്ങനെ പറഞ്ഞതെന്ന് കരുതുന്നു. സ്വാതി‐ തമ്പി‐ കുട്ടിക്കുഞ്ഞുതങ്കച്ചി കൃതികൾ മാത്രമല്ല പഴയ‐പുതിയ മലയാളകവിതകളും ഞാൻ അരങ്ങിലെത്തിച്ചു. കവിതകൾ ഭരതനാട്യമായി അവതരിപ്പിച്ചപ്പോൾ പുച്ഛിച്ചവർ പിന്നീട് അതുതന്നെ ചെയ്തു എന്നതാണ് ഇതിലെ തമാശ.
? മലയാള മണ്ണിൽ പിറന്നു വളർന്ന കർണാടകസംഗീതജ്ഞർ, പരദേശി ബ്രാഹ്മണർ അടക്കം, പാടുമ്പോൾ മലയാണ്മയുടെ എന്തോ ചിലത് അവരിലൂടെ തെളിയാറുണ്ട്. അതുപോലെ നമ്മുടെ നർത്തകികൾ ഭരതനാട്യമോ കുച്ചിപ്പുടിയോ കളിക്കുമ്പോൾ അവയിലൊരു മലയാളിത്തം നിഴലിക്കുന്നുണ്ട്. രാജശ്രീ ഈയൊരു നിരീക്ഷണം അംഗീകരിക്കുന്നുണ്ടോ. എങ്കിൽ അതിനുള്ള കാരണങ്ങൾ എന്താവാം. സ്വന്തം ആവിഷ്ക്കാരങ്ങളെ സ്വയം വിലയിരുത്താറുണ്ടോ. എങ്കിൽ അതിലൂടെ മനസിലാക്കിയ കാര്യങ്ങൾ.
= മാതൃഭാഷയുമായുള്ള ഇണക്കവും അടുപ്പവും ഭാഷയിലെ ഓരോ വാക്കിന്റെയും പൊരുളും ധ്വനിയും കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് രംഗാവിഷ്കാരത്തിന് ആഴം കൊടുക്കാനും നർത്തകരെ പ്രാപ്തരാക്കുന്നു. നൃത്തസംവിധായിക എന്ന നിലയിൽ അരങ്ങിൽ പ്രവേശിക്കുന്ന ഓരോ വാക്കിനും അപ്പുറമുള്ള ഇടങ്ങളെ ഞാൻ ആരായാറുണ്ട്. അത് തിരിച്ചറിയുന്നവർ എത്രയുണ്ടെന്നറിയില്ല. മലയാളികൾ കർണാടക സംഗീതക്കച്ചേരികൾ ചെയ്താലും ഭരതനാട്യം ചെയ്താലും തീർച്ചയായും അതിലൊരു മലയാളിത്തം വരും. മലയാള കൃതികളായാലും കവിത ആയാലും സ്വന്തമായൊരു ഭാഷ്യം കൊടുക്കാറുണ്ട്.
ഭാഷയെ എങ്ങനെ നൃത്തശരീരത്തിൽ ആവിഷ്കരിക്കാനാവും എന്ന ദൗത്യമാണ് ഞാൻ ഏറ്റെടുത്തിട്ടുള്ളത്. കവിതകൾ മാത്രമല്ല പ്രചാരമേറിയ പാട്ടുകളും അരങ്ങിൽ കൊണ്ടുവന്നിട്ടുണ്ട്. പ്രചാരം കൂടുതലുള്ള പാട്ടുകളെ ചെറുതായി കാണുന്ന ഒരു രീതി കേരളത്തിലുണ്ട്. അതുശരിയല്ല എന്നതാണ് എന്റെ പക്ഷം. ഒരിക്കൽ ഞാൻ ചിട്ടപ്പെടുത്തിയ ‘രാവണൻ’ കാണാനിടവന്ന ചില നാടകക്കാരും കഥകളിക്കാരും ‘രാജശ്രീയുടെ രാവണനിൽ ഒരു മലയാളിത്തമുണ്ട് ’ എന്നുപറഞ്ഞതോർക്കുന്നു. ആ നിരീക്ഷണം തീർത്തും ശരിയാണ്. ഭാഷയിലൂടെ പുനർനിർമ്മിക്കപ്പെട്ട ഒരു ശരീരഭാഷയിലൂടെയാണ് ഇതെല്ലാം ആവിഷ്കരിക്കുന്നത്. അത് മറ്റൊരു ഉൾക്കാഴ്ചയിലൂടെ കാണാൻ പ്രാപ്തിയുള്ള കാണികളെ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.
? ഒരു ഭരതനാട്യക്കച്ചേരി ചെയ്യുമ്പോൾ പക്കമേളക്കാരിൽ നിന്ന് രാജശ്രീ എന്ത് പ്രതീക്ഷിക്കുന്നു. എന്ത് പ്രതീക്ഷിക്കുന്നില്ല.
= നൃത്തവുമായി സംഗീതം ചേരുക എന്നതാണ് എന്റെ നൃത്തസംഗീതസങ്കല്പം. പക്കമേളക്കാരുമായുള്ള പരസ്പരധാരണ നൃത്തത്തിന്റെ വിജയത്തിന് പരമപ്രധാനം. മുൻകൂട്ടി ചിട്ടപ്പെടുത്തിയ ഇനങ്ങൾക്ക് പാകത്തിന് വായിക്കുക മാത്രമല്ല അപ്രതീക്ഷിതമായി ചെയ്തുപോവുന്ന സംഗതികൾ വേഗം തിരിച്ചറിഞ്ഞ് അവയ്ക്ക് സംഗീതവും മേളവും യഥോചിതം പകരാനും അവർക്ക് കഴിയണം. ‘വിരുത്തങ്ങൾ’ക്ക് ദൃശ്യാവിഷ്കാരം കൊടുക്കേണ്ടിവരുന്ന സന്ദർഭങ്ങളിലൊക്കെ പാട്ടുകാരുടെയും പക്കമേളക്കാരുടെയും സൂക്ഷ്മാവബോധം അനിവാര്യമാണ്. അരങ്ങിൽ ജീവൻ നൽകുന്ന കഥാപാത്രങ്ങളുടെ ചലനങ്ങളെ മാത്രമല്ല നിശ്ചലതകളെയും പിൻപറ്റാൻ അവർക്ക് കഴിയണം. ശബ്ദംപോലെ പ്രധാനമാണ് മൗനവും എന്ന സത്യം അവർ അറിഞ്ഞിരിക്കണം. എന്റെ പാട്ടുകാർക്കും പക്കമേളക്കാർക്കും അതറിയാം. അതാണ് എന്റെ ശക്തിയും.
? കേരളത്തിൽ പല പല വേദികളിൽ നൃത്തം ചെയ്തിട്ടുള്ള ഒരാളെന്ന നിലയിൽ സ്വദേശീയരായ കാണികളെപ്പറ്റി രാജശ്രീയുടെ കാഴ്ചപ്പാടെന്ത്. തന്റെ അരങ്ങിനെ പുഷ്ക്കലമാക്കുംവിധം എന്തെങ്കിലും പ്രതികരണങ്ങൾ അവരിൽ നിന്ന് ഉണ്ടായിട്ടുണ്ടോ. വിദേശസദസ്സുകളോ.
= കേരളത്തിനകത്തുതന്നെ പല സ്ഥലങ്ങളിൽ പലതരം സദസ്സാണ്. അരങ്ങിൽ അമൂർത്തം എന്ന് തരം തിരിക്കാവുന്ന ‘വടവൃക്ഷം’ പോലെ ചില ഇനങ്ങൾ അവതരിപ്പിക്കാറുണ്ട്. ചെന്നൈയിൽ അത് ചെയ്തപ്പോൾ സദസ്സിൽ നിന്ന് നല്ല പ്രതികരണം കിട്ടി. അത്രത്തോളം സമ്മതി കേരളത്തിൽ പ്രതീക്ഷിക്കാൻ സാധിക്കില്ല. നാടകവും ചിത്രങ്ങളും മറ്റും ആഴത്തിൽ ആസ്വദിച്ച് പരിചയമുള്ളവർക്ക് അമൂർത്തമായ ഇനങ്ങൾ ഇഷ്ടമായേക്കും. എനിക്ക് ഏറ്റവും അനുകൂലമായ സദസ്സ് ഉണ്ടായിട്ടുള്ളത് ചെന്നൈ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ്. ഡൽഹിയിലാണ് ഞാൻ തോമസ് ഹാർഡിയുടെ ‘ടെസ്സ്’ നൃത്തമാക്കി അവതരിപ്പിച്ചത്. ‘ഭഗോതിച്ചിന്ത്’ സാമ്പ്രദായികേതരമായി തൃശ്ശൂരിൽ അവതരിപ്പിച്ചപ്പോൾ കാണികളിൽ ഒരു വിഭാഗത്തിന് ഇഷ്ടമായി. ‘മാർഗ’ ത്തിൽ ഉറച്ചുപോയ കണ്ണുകൾക്ക് അതിഷ്ടപ്പെടാൻ വഴിയില്ല. അവർ ഭരതനാട്യത്തിന്റെ ഘടനയാണ് കാണുന്നത്. ഭാഷയല്ല. ഘടനയെ അവർ ഭാഷയായി കാണുന്നു. ആ ഘടന പൊളിഞ്ഞാൽ അവർക്കത് കാണാൻ പറ്റില്ല.
പോണ്ടിച്ചേരി കളരിഗ്രാമത്തിൽ രാജശ്രീ വാരിയർ ഭരതനാട്യം അഭ്യസിപ്പിക്കുന്നു. ഫോട്ടോ: മനോജ് പരമേശ്വരന്‍
ഭാഷ എന്നത് ഘടനയ്ക്ക് അകത്തും പുറത്തും ചിതറിക്കിടക്കുന്ന ഒന്നാണ്. ഭാഷാസ്വാധീനമെന്നത് ഘടനയെക്കുറിച്ചുള്ള ബോധമല്ല, അതിനപ്പുറത്താണ്. ആ രീതിയിൽ ഭരതനാട്യത്തെ കാണാൻ പറ്റണം. അവനവന്റെ അനുഭവത്തെ വിശ്വസിക്കാൻ കേരളത്തിലെ നർത്തകർക്ക് കഴിയണം. ഇവിടെ നിരൂപകർക്കും അതില്ല എന്നതാണ് സങ്കടം. നൃത്തത്തിന്റെ ഭാഷ അവരനുഭവിക്കുന്നില്ല. അതിനുകാരണം അവർക്ക് ആ ഭാഷ സൂക്ഷ്മമായി അറിയില്ല. പാരമ്പര്യം എന്ന് പറഞ്ഞതുകൊണ്ടായില്ല. എന്താണ് പാരമ്പര്യം എന്നറിയണം. ഇന്ന് കാണുന്ന ഭരതനാട്യത്തിന്റെ ഒരു സ്വഭാവത്തിന് കഷ്ടിച്ച് ഒരു നൂറ്റാണ്ടിന്റെ പഴക്കമേ ഉള്ളൂ. പാരമ്പര്യം എന്ന ലേബലിൽ അതിന്റെ ഘടനയിൽ കടിച്ചുതൂങ്ങുന്നതിൽ അർഥമില്ല. ഭരതനാട്യം നിശ്ചലമായി നിലകൊള്ളുന്ന, ചെളി നിറഞ്ഞ കുളമല്ല; ഒഴുകുന്ന പുഴയാണ് എന്നെ സംബന്ധിച്ചിടത്തോളം. ഈ പുഴയുടെ സ്രോതസ്സ് മാറുന്നില്ല. പക്ഷേ, ഒഴുകുമ്പോൾ അത് പലതിനെയും ഉൾക്കൊള്ളുന്നു. വിദേശത്ത് ഒരു കലാപ്രകടനത്തിനു ശേഷം കാണികൾ കുറേക്കൂടെ മടിയില്ലാതെ സംവദിക്കാറുണ്ട്.
? വ്യത്യസ്തങ്ങളായ പ്രവൃത്തിമേഖലകളിലൂടെ കടന്നുവന്ന കലാകാരിയാണ് രാജശ്രീ. തന്റെ സ്വത്വസംസ്ഥാപനത്തിന് ഭരതനാട്യം തിരഞ്ഞെടുത്തു. ആത്യന്തികമായി എന്താണ് ഭരതനാട്യം രാജശ്രീയ്ക്ക്.
= ഭരതനാട്യം എന്റെ വാക്കാണ്. ശരീരം വാക്കായി മാറുന്ന, ആശയമായി മാറുന്ന, മനസ്സായി മാറുന്ന, ചിന്തയായി മാറുന്ന മാധ്യമമാണ്. ഞാനഭ്യസിച്ച ഭാഷ. എനിക്ക് പറയേണ്ടത് പറയാനും പറയേണ്ടാത്തത് പറയാതിരിക്കാനും ഇടം തരുന്ന മാധ്യമം.
? അച്ചടക്ക രഹിതമായ ഒട്ടനേകം ഇഛകളുടെയും പ്രലോഭനങ്ങളുടെയും, ഇടർച്ചകളുടെയും ലോകമാണ് ഉടൽ. ഭരതനാട്യത്തിന്റെ ശിക്ഷണങ്ങളിലേക്ക് ഉടലിനെ മെരുക്കിയേടുക്കാൻ നിങ്ങൾ നടത്തിയ സഹനങ്ങളെക്കുറിച്ച് ഓർത്തെടുക്കാമോ… വിരലിനെ ഏറ്റവും കുടുതൽ വേദനിപ്പിച്ച മുദ്ര ഏതായിരുന്നു? ചുവടുകൾ പിഴച്ചുപോയതിന്റെ പേരിൽ ഗുരുവിൽ നിന്ന് ശിക്ഷകൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടോ?
= ഉടൽ ഒന്നിലധികം ജീവിതമാണ് ജീവിക്കുന്നത്. ഭരതനാട്യത്തിന്റെ ജീവിതവും രാജശ്രീയുടെ ജീവിതവും. ഉടൽ മനസ്സാണ്. മനസ്സിന്റെ വഴികളാണ് ഉടലിനെ വാർത്തെടുക്കുന്നത്. ചിലപ്പോൾ മനസ്സ് മറക്കുന്നത് ഉടൽ ഓർത്തുവയ്ക്കും. വേദനകൾ വിങ്ങലുകൾ ‐ ഇവയൊക്കെയാവാം കലയുടെ കരുത്ത്. ഉടലിലൂടെ കഥ പറയുമ്പോൾ അത് രസപൂർണമാകുന്നത് സ്മൃതിയുടെ സമ്പന്നമായ വഴികൾ പിന്നിടുന്നതുകൊണ്ടുകൂടിയാണ്. നൃത്തത്തിനുള്ള ഉടൽ അനേകായിരം കോശങ്ങൾക്ക് ശരീരം കൂടിയാണല്ലോ. നർത്തകിയുടെ ഉടൽ ഭാവാത്മകമാകണമെങ്കിൽ ജീവിതാനുഭവങ്ങൾ വേണം.
നൃത്തവേദിയിൽ ഫോട്ടോ: പ്രതാപൻ
ചുവടുകൾ നന്നാവാൻ നിരന്തര പ്രയത്നം ഉണ്ടായിരുന്നു. ഗുരു അതിനു വഴക്കു പറഞ്ഞിട്ടില്ല. നർത്തകിക്കു വേണ്ട രൂപ സൗന്ദര്യമോ സാമ്പത്തിക പിൻബലമോ ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഒരു കാലത്തും അത് മറന്നിട്ടില്ല; മറക്കാനാഗ്രഹിച്ചിട്ടും. അതുകൊണ്ടൊക്കെത്തന്നെയാവാം പരമ്പരാഗത സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളോട് യോജിക്കാൻ കഴിയാത്തത് .
രാജശ്രീ വാരിയർ കൊറിയോഗ്രാഫി
വടവൃക്ഷ
On beings the life cycle of seasons birth and death, of thought becoming the word, of sound
ഭഗോതി ചിന്ത്
as part of ‘ naattu mozhi Vernacular ‘ series
കൗത്വങ്ങൾ
ശിഖണ്ഡി കൗത്വം a commentary on the first gender
നവരസ കൗത്വം depicting moments from epic Mahabharata
ശ്രീനാരായണ ഗുരു കൃതികൾ ,കാളീനാടകം, പിണ്ഡ നന്ദി,ദർശന മാല
പദങ്ങൾ
മുത്തുതാണ്ഡവരുടെ പദങ്ങൾ ,ഘനം കൃഷ്ണയ്യർ പദങ്ങൾ, അന്നമാചാര്യ പദങ്ങൾ, സദാശിവ ബ്രമേന്ദ്ര പദങ്ങൾ, പുരന്ദരദാസർ പദങ്ങൾ,ക്ഷേത്രജ്ഞ പദങ്ങൾ
നാട്യ വ്യാഖ്യാനങ്ങൾ
ലാൽ ദേദ്, കബീർ കവിതകൾ ലങ്കാലക്ഷ്മി സി.എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിന്റെ ദൃശ്യാവിഷ്കാരം.
അഭിജ്ഞ
കവി പ്രഭാവർമ്മയുടെ ചിത്രാംഗന എന്ന കാവ്യരൂപത്തിന്റെ നൃത്തഭാഷ. യശോദ, ശകുന്തള, സൈരന്ധ്രി എന്നിവർ അവരുടെ ജീവിതത്തിലേയ്ക്ക് തിരിച്ചു നടക്കുന്നു. കഴിഞ്ഞുപോയ കാലത്തെ പൂർണമായി നിരാകരിച്ചുകൊണ്ട്.
ടെസ്സ്
തോമസ്‌ഹാർഡിയുടെ വിശ്വവിഖ്യാതമായ Tess of the d’urbervilles എന്ന നോവലിന്റെ നൃത്തഭാഷ്യം വിക്ടോറിയൻ കാലഘട്ടത്തിലെ സ്ത്രീയേയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്-ത്രീയേയും താരതമ്യം ചെയ്-തുകൊണ്ടുള്ള പുരോഗമന സ്വഭാവമുള്ള നൃത്തഭാഷ്യം.premiered at india habitat centre, New Delhi Great Indian stories 60 ഭാഗങ്ങളുള്ള നൃത്തത്തിലൂടെയുള്ള കഥപറച്ചിൽ. നൃത്തം, നൃത്യം, നാട്യം എന്നീ ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ജാതക പഞ്ചതന്ത്ര കഥകളുടെ കഥപറച്ചിൽ.
നീലവർണം
8 കൃഷ്ണ കൃതികളുടെ നൃത്താവിഷ്കാരം. സംഗീതവും സ്വയം തന്നെ നിർവഹിച്ചു.
അഷ്ടൈശ്വര്യം
ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതത്തിലൂടെ അഷ്ടഗുണങ്ങളെ അഷ്ടൈശ്വര്യത്തെ വർണിച്ചിരിക്കുന്നു.അഷ്ടപത്നി ഭാഗവതം ദശമസകന്ദത്തിലെ ശ്രീകൃഷ്ണ ജീവിതത്തെ ആശയമാക്കി അവതരിപ്പിച്ച നൃത്തഭാഷ്യം.അഷ്ടോവല്ലഭ അഥവാ കൃഷ്ണന്റെ ജീവിതത്തിലെ 8 ഭാര്യമാർ അവരുടെ ജീവിതത്തെ നൃത്തത്തിലൂടെ പറഞ്ഞിരിക്കുന്നു. Transforming lives അഗ്നി, ജലം, ഭൂമി എന്നീ ത്രയത്തെ അവലംബിച്ചുള്ള നൃത്താവതരണം.
സ്വാതി സ്മൃതി
സ്വാതി തിരുനാൾ മഹാരാജാവിന്റെ കൃതികളെ ആസ്പദമാക്കിയുള്ള മാർഗം.
രാസ്
നാരായണീയത്തിലെ ഒരു ദശകത്തിന്റെ നൃത്താവിഷ്കാരം
മാധവം
ഭഗവാൻ വിഷ്ണുവിന്റെ ജീവിതവും പ്രപഞ്ചത്തിന്റെ പരിണാമവും ചേർത്തുവെച്ചുകൊണ്ടുള്ള നൃത്താവിഷ്കാരം.
Shades of Love സ്ത്രീയുടെ (നായികയുടെ) പ്രണയ ജീവിതം
കൃതികൾ
ത്യാഗരാജ കൃതികൾ,മുത്തുസ്വാമി ദീക്ഷിതരുടെ കൃതികൾ,ശ്യാമശാസ്ത്രികളുടെ കൃതികൾ,ഭാരതിയാർ കൃതികൾ
ഇരയിമ്മൻ തമ്പിയുടെ അപൂർവ കൃതികൾ, ഡോ. എം ബാലമുരളീകൃഷ്-ണയുടെ കൃതികൾ
മീരാബായിയുടെ കൃതികളെ അവലംബിച്ചുള്ള നൃത്തനാട്യം
(ദേശാഭിമാനി വാരികയിൽ നിന്ന്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..