കൊച്ചി > ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ചെന്ന പരാതിയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥ പെൺകുട്ടിയെയും പിതാവിനേയും അപമാനിച്ചിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സാക്ഷികളുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയും പിതാവും ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും അന്വേഷണത്തിൽ അപമാനിച്ചതായി തെളിഞ്ഞിട്ടില്ലെന്നും പൊലീസ് നിയമലംഘനം നടത്തിയിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചു. പെൺകുട്ടിയെ അപമാനിക്കുന്നതിന് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് ബോധപുർവമായ പെരുമാറ്റം ഉണ്ടായിട്ടില്ല.
മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു എന്ന തെറ്റ് ധാരണയാണ് സംഭവങ്ങൾക്ക് കാരണമായത്. പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെടുന്നതാണന്ന് ഉദ്യോഗസ്ഥക്കറിയില്ലായിരുന്നു. പട്ടികജാതി-വർഗ്ഗ നിയമ പ്രകാരം നഷ്ടപരിഹാരത്തിന് കേസെടുക്കാനാവില്ല. പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മുക്തയായതായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടുണ്ടെന്നും കോടതി ഇത് കണക്കിലെടുക്കണമെന്നും സർക്കാർ ബോധിപ്പിച്ചു. നഷ്ടപരിഹാരം നൽകുന്നത് പൊലീസിനെ ബാധിക്കുമെന്നും ജനങ്ങൾനിയമം കയ്യിലെടുക്കുമെന്നും അനാവശ്യ പരാതികൾ ഉയർന്നു വരുമെന്നും സർക്കാർ അറിയിച്ചു.
സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു. സംഭവത്തിന്റെ വീഡിയോ ഹാജരാക്കാൻ കോടതി നിർദേശിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. നഷ്ടപരിഹാരം നൽകണമെന്നും എത്ര നൽകാനാവുമെന്നും അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതെ തുടർന്നാണ് സർക്കാർ നിലപാട് അറിയിച്ചത്. സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന പെൺകുട്ടിയുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.