മാനന്തവാടി > ദിവസങ്ങളായി കുറുക്കൻമൂലയിലും പരിസരത്തും വിഹരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായ കടുവയെ ഞായർ നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ല. കടുവയുടെ നീക്കങ്ങൾക്ക് വേഗം കുറഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു.
ഞായറാഴ്ച വനത്തിൽ ആടിനെ കെട്ടിയിട്ട് ഏറുമാടത്തിലൂടെ നിരീക്ഷണം നടത്തിയിരുന്നു. കൂടുതൽ ക്യാമറകളും സ്ഥാപിച്ചു. ബേഗൂർ റെയ്ഞ്ചിലെ ഓലിയോട് വനമേഖലയിൽത്തന്നെയാണ് കടുവയുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായർ പുലർച്ചെ ആറോടെ കാവേരിപ്പൊയിൽ കോണ വയൽകോളനി പരിസരത്ത് കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തോൽപ്പെട്ടി വൈൽഡ് ലൈഫിലേക്ക് കയറിയ കടുവ ഓലിയോട് വനത്തിലേക്ക് തിരിച്ചെത്തിയതായും കാൽപ്പാടുകൾ നോക്കി മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഞായർ പുലർച്ചെ മുതൽ ഓലിയോട് വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് ആറോടെ തിരച്ചിൽ അവസാനിപ്പിച്ചു. തിങ്കളാഴ്ച തിരച്ചിൽ വീണ്ടും തുടരും.
നാല് ദിവസമായി ഇരതേടാത്തതിനാൽ ക്ഷീണിതനായിരിക്കുമെന്നാണ് വനപാലകർ കരുതുന്നത്. കാട്ടിൽത്തന്നെ തുടരുന്നതിനാൽ നാട്ടുകാർക്ക് ആശ്വാസമായിട്ടുണ്ട്. ഉത്തര മേഖലാ സിസിഎഫ് ഡി കെ വിനോദ് കുമാർ, വയനാട് നോർത്ത്, സൗത്ത് ഡിഎഫ്ഒമാരായ രമേഷ് വിഷ്ണോയ്, ഷജ്ന കരീം, വയനാട് വന്യജീവികേന്ദ്രം വൈൽഡ് ലൈഫ് വാർഡൻ എസ് നരേന്ദ്രബാബു, ആറളം, കണ്ണൂർ ഡിഎഫ്ഒമാരായ വി സന്തോഷ് കുമാർ, പി കാർത്തിക് എന്നിവരുടെയും വയനാട്ടിലെ എട്ട് റെയ്ഞ്ചർമാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ. സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മൂന്ന് മയക്കുവെടിസംഘത്തോടൊപ്പം മുതുമലയിൽനിന്നുമെത്തിയ രണ്ട് സംഘവും ചേർന്നിട്ടുണ്ട്.