ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ് ഖാദി. അതിൽ വിവാദങ്ങൾക്കും അക്രമങ്ങൾക്കും സ്ഥാനമില്ലെന്ന് ഖാദി ബോർഡിന്റെ പുതിയ വൈസ് ചെയർമാനായി ചുമതലയേറ്റ പി. ജയരാജൻ. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേപ്പറ്റിയും വിവാദങ്ങളേപറ്റിയും മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിക്കുകയാണ് അദ്ദേഹം. ചുമതല ഏറ്റെടുത്തതിന് ശേഷം അനുവദിച്ച ആദ്യത്തെ അഭിമുഖമാണ് മാതൃഭൂമി ഡോട്ട് കോമിന്റേത്.
ഇതിനുമുമ്പ് എംഎൽഎ ആയി പ്രവർത്തിച്ചിട്ടുണ്ട്, എങ്കിലും സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ ഭരണകർത്താവായി എത്തുന്നത് ആദ്യമായിട്ടാണ്. എങ്ങനെയാണ് ഈ മാറ്റത്തെ കാണുന്നത്?
ഞാൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ ചുമതലയിൽ ഇതിന് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്റെ നാട്ടിലുള്ള ഒരു ക്ഷീരസംഘത്തിന്റെ പ്രസിഡന്റായിരുന്നു. ഞാനടക്കമുള്ളവർ സ്ഥാപിച്ച ഒരു സ്ഥാപനമാണത്. അതുപോലെ തന്നെ ഒരു പ്രിന്റിങ് പ്രസ്, ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെസ്ഥാപക പ്രസിഡന്റായിരുന്നു. ഈ സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പിന്നീട് ദേശാഭിമാനി പത്രത്തിന്റെ കണ്ണൂർ യൂണിറ്റ് മാനേജരായി. അതിനുശേഷം ഇടക്കാലത്ത് ദേശാഭിമാനിയുടെ ജനറൽ മാനേജരായി. അങ്ങനെ സ്ഥാപനങ്ങളുടെ ചുമതലയിൽ പ്രവർത്തിച്ച അനുഭവം എനിക്കുണ്ട്.
ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം കേരളത്തിലെ ഖാദി വ്യവസായത്തെ സംരക്ഷിക്കാനുള്ള എന്തെങ്കിലും പഠനങ്ങൾ, നടപടികൾ എടുത്തിട്ടുണ്ടോ?
കഴിഞ്ഞ നവംബർ 27നാണ് ഖാദിബോർഡിന്റെ വൈസ് ചെയർമാനായി ഞാൻ സ്ഥാനം ഏറ്റെടുത്തത്. പുതിയ ഭരണസമിതിയുടെ പ്രഥമ ബോർഡ് യോഗം വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ഡിസംബർ ഒന്നിന് ചേർന്നു. ഇങ്ങനെ സ്ഥാപനത്തെ പറ്റിയും അതിന്റെ കീഴിൽ വരുന്ന തൊഴിലാളികളെ പറ്റിയും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഖാദി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് എന്റെ ആത്മവിശ്വാസം.
കേരളത്തിൽ അറിയപ്പെടുന്ന കൈത്തറി ബ്രാൻഡാണ് ബാലരാമപുരം കൈത്തറി. ഇത്തരത്തിൽ നിരവധി കൈത്തറി സംഘങ്ങൾ കേരളത്തിലുണ്ട്. ഇവയിലൊക്കെ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ, കൈത്തറി ഉത്പന്നങ്ങളുടെ വിപണന സാധ്യതകൾ ഇവയൊക്കെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
പൊതുവിൽ തന്നെ പരമ്പരാഗത വ്യവസായ മേഖല പ്രതിസന്ധിയിലാണ്. അതിന്റെ ഉത്പന്നങ്ങൾക്ക് കമ്പോളത്തിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതിന് കാരണം വ്യാജ ഖാദി ഉത്പന്നങ്ങൾ കേരളത്തിലേക്ക് വരുന്നു, കൈത്തറിയെന്ന വ്യാജേനെ അങ്ങനെ അല്ലാത്ത ഉത്പന്നങ്ങളും വരുന്നു. പരിശുദ്ധമായ കൈത്തറി അല്ലാത്ത ഉത്പന്നങ്ങളാണ് ഇപ്പോൾ ഏറ്റവു വലിയ ഭീഷണിയായി മാറിയിരിക്കുന്നത്.
വ്യാജ ഖാദി, കൈത്തറി ഉത്പന്നങ്ങൾക്കെതിരെ കർശനമായ നടപടിയുണ്ടാകണമെന്നാണ് സംസ്ഥാന സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നത്. സംസ്ഥാന ഗവൺമെന്റ് അത് ചെയ്യുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.
ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം സഖാവ് എന്ന വിളി വൈകാരികമായ അടുപ്പമാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോൾ സർ എന്ന വിളി അധികമായി കേൾക്കേണ്ടി വരും. സഖാവ് എന്ന വിളി കേൾക്കുന്നത് കുറഞ്ഞതായി തോന്നുന്നുണ്ടോ?
എന്ത് അഭിസംബോധന ചെയ്യുന്നു എന്നതല്ലല്ലോ, അഭിസംബോധന ചെയ്യുന്ന ആളുകൾ നമ്മളോട് സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിന് പല പേരുകളും വിളിക്കാറുണ്ട്. ചിലര് ഏട്ടാ എന്ന് വിളിക്കും. അവയെല്ലാം സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഭാഗമായിട്ടാണ് കാണാറുള്ളത്.
അതേസമയം, ഈ പദവിയിലിരിക്കുന്ന അവസരത്തിലും മറ്റുള്ളവരോടും ആ സ്നേഹവും ബഹുമാനവും കാണിക്കണം. അത് നമ്മളേക്കാൾ പ്രായത്തിൽ കുറവുള്ളവരോടും കാണിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
രാഷ്ട്രീയക്കാരൻ എന്ന നിലയിൽ തിരുവനന്തപുരം അത്ര അപരിചിതമായ സ്ഥലമല്ല. എങ്കിലും കൂടുതൽ കാലം പ്രവർത്തിച്ചത് കണ്ണൂരാണ്. പുതിയ മാറ്റത്തിനെ എങ്ങനെ കാണുന്നു?
10 വർഷം നിയമസഭാംഗമായിരുന്ന ഒരാൾക്ക് തിരുവനനന്തപുരം അപരിചിതമായിട്ടുള്ള ഒരു നഗരമല്ല. മാത്രമല്ല ദേശാഭിമാനിയുടെ ജനറൽ മാനേജരായിരിക്കുന്ന അവസരത്തിലും ഹെഡ്ഡ് ഓഫീസ് തിരുവനന്തപുരമായിരുന്നു. അതുകൊണ്ട് തന്നെ ഇവിടം എനിക്ക് പരിചിതമായ മേഖലയാണ്. യാതൊരു അപരിചിത്വവും അക്കാര്യത്തിൽ ഇല്ല.
കേരളത്തിനെ വടക്ക്, തെക്ക് എന്നിങ്ങനെ വേർതിരിച്ച് കാണുന്നവരുണ്ട്. അത്തരം വ്യത്യസ്തതകൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?
വടക്കും തെക്കും എന്നുള്ള വേർതിരിവ് എനിക്ക് മനസിലായിട്ടില്ല. അതേസമയം, ഓരോ ജില്ലയും ഓരോ വില്ലേജും എടുത്താൽ പോലും അവിടങ്ങളിലൊക്കെ പ്രാദേശികമായ ചെറിയ വ്യത്യാസങ്ങളുണ്ട്. ഭാഷയിൽ, പെരുമാറ്റത്തിൽ, സംസ്കാരത്തിൽ ഒക്കെ തന്നെ വൈവിധ്യങ്ങളുണ്ടല്ലോ. വൈവിധ്യങ്ങളുടെ നാടാണല്ലോ ഇന്ത്യ.
നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. കേരളം പോലെയൊരു സംസ്ഥാനത്തിന്റെ പ്രത്യേകതയാണ് നവോത്ഥാന പ്രസ്ഥാനവുംഅതിന്റെ തുടർച്ചയായുള്ള ദേശീയ പ്രസ്ഥാനവും. ഖാദി പ്രസ്ഥാനം ആരംഭിച്ചതുപോലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. പരുത്തി കൊണ്ടുണ്ടാക്കുന്ന നൂല്, അത് നെയ്തെടുക്കുന്ന വസ്ത്രം അത് ധരിക്കണമെന്നുള്ള ബോധം നാനാ വിഭാഗങ്ങളിൽ ഏകഭാവമുണ്ടാക്കി. അതാണ് ഖാദിയുടെ പ്രത്യേകത. ജനങ്ങളെ ഒന്നിപ്പിക്കുന്ന വികാരമാണ് ഖാദി.
അതാണ് മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നല്ലനിലയിൽ പ്രയോജനപ്പെടുത്തിയത്. അദ്ദേഹം ആരംഭിച്ച ഖാദി പ്രസ്ഥാനത്തിന് 100 വർഷം കഴിഞ്ഞിട്ടുള്ള ഘട്ടത്തിലാണ് കേരളത്തിലെ ഖാദി ബോർഡിന്റെ വൈസ് ചെയർമാനായി ചുമതല ഏറ്റത്.
തീർച്ചയായിട്ടും നമ്മുടെ പാരമ്പര്യത്തിൽ നന്മയുമുണ്ട് തിന്മയുമുണ്ട്. നന്മയുടെ ഭാഗം ഉയർത്തിപ്പിടിക്കുന്നതാണ് ഖാദി. അങ്ങനെയുള്ള ഖാദിപ്രസ്ഥാനത്തിന്റെ പ്രവർത്തകനായി മാറുക എന്നത് തീർച്ചയായിട്ടും അഭിമാനകരമാണ്. രാജ്യത്തുടനീളം വൈവിധ്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ ജനങ്ങൾക്കിടയിൽ യോജിപ്പ് വളർത്തിയെടുക്കാൻ ഖാദി സഹായകരമാണെന്നാണ് എനിക്ക് തോന്നുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സഖാവ് ഷർട്ട് പോലുള്ള പുതിയ ആശയങ്ങൾ കൊണ്ടുവന്നിരുന്നു. താങ്കളുടെ കാലഘട്ടത്തിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ പദ്ധതികളെന്തെങ്കിലുമുണ്ടോ?
കഴിഞ്ഞ ഭരണസമിതിയുടെ തുടർച്ചയായിട്ടാണ് ഇപ്പോഴത്തെ ഭരണ സമിതി വരുന്നത്. എല്ലാം തന്നെ സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കേന്ദ്ര ഖാദി കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് കേരളത്തിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് പ്രവർത്തിക്കുന്നത്.
100 കൊല്ലം പിന്നിടുന്ന സാഹചര്യത്തിൽ ചില നവീകരണങ്ങൾ ആവശ്യമാണ് എന്ന തീരുമാനമാണ് പൊതുവിലെടുത്തിരിക്കുന്നത്. പഴയ ഖാദിയുടെ അസ്തിത്വം നിലനിർത്തിക്കൊണ്ട് ചില നവീകരണങ്ങൾ ആകാമെന്നാണ് തീരുമാനം. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അതിനെ നവീകരിക്കും. ഇതാണ് ഇപ്പോഴത്തെ ഭരണസമിതി ചെയ്യുന്നത്. നേരത്തെയും ഇതുസംബന്ധിച്ച ചില പരിപാടികൾ ആലോചിച്ച് ചെയ്തിരുന്നു. അതിന്റെ ഭാഗമായിട്ടാണ് താങ്കൾ പറഞ്ഞതുപോലെയുള്ള ചില കാര്യങ്ങൾ ഉണ്ടായത്.
ഇപ്പോൾ ബോർഡ് തീരുമാനിച്ചിരിക്കുന്നത് ഖാദി വസ്ത്രങ്ങളുടെ വൈവിധ്യവത്കരണമാണ്. ഫാഷൻ ഡിസൈനിങ് കുറേക്കൂടി മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ധാരണാപത്രത്തിൽ ഒപ്പവെച്ചിട്ടുണ്ട്. ഇനി എല്ലാ ഖാദി റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റിലും ഡിസൈനർമാരെ നിയമിക്കും. ഇതുവഴി പുതിയ ഡിസൈൻ വസ്ത്രങ്ങൾ കമ്പോളത്തിലിറക്കും.
സംസ്ഥാന ഗവൺമെന്റ് ഈ പരമ്പരാഗത മേഖലയ്ക്ക് നൽകുന്നത് വലിയ പ്രോത്സാഹനമാണ്. ആഴ്ചയിലൊരിക്കൽ സർക്കാർ ജീവനക്കാർ ഖാദിയോ കൈത്തറി ഉത്പന്നങ്ങളോ ഉപയോഗിക്കണമെന്ന് സംസ്ഥാന ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. അത് കുറേയധികം മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട് ഈ മേഖലയിൽ. പക്ഷെ കോവിഡ് കാലത്ത് ഖാദി ഉത്പന്നങ്ങളുടെ വിൽപനയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്.
സർക്കാരിന് പുറമെ അവരുടെ സർവീസ് സംഘടനകളും ഇക്കാര്യത്തിൽ അവരെ പ്രോത്സാഹിപ്പിക്കണം. ഏല്ലാ ജീവനക്കാരും ആഴ്ചയിൽ ഒരിക്കൽ ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ്- പുതുവർഷ കാലമായതിനാൽ 30 ശതമാനം റിബേറ്റ് ഉണ്ടിപ്പോൾ. സ്വാഭാവികമായും നല്ലനിലയിൽ വിൽപ്പന നടക്കുന്നുണ്ട്. ഈ സമയത്ത് നല്ല നിലയ്ക്ക് വിൽപന പ്രോത്സാഹിപ്പിക്കും.
ഇതിന് പുറമെ സർവോദയ എന്ന പേരിൽ ഒരുറിബേറ്റ് പീരിയഡ് ഫെബ്രുവരി മാസത്തിൽ വരുന്നുണ്ട്. ഇതുരണ്ടും പ്രയോജനപ്പെടുത്തിയാൽ ഖാദി വസ്ത്രങ്ങളും മാർക്കറ്റിങ് കുറേക്കൂടി ശക്തിപ്പെടും. ഇക്കാര്യത്തിൽ സഹകരണ ജീവനക്കാരും പങ്കുവഹിക്കണം. ഇതിനെല്ലാം പുറമെ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കാനുള്ള പ്രചരണം ഉണ്ടാകും. ഇതോടൊപ്പം വ്യാജ ഖാദി ഉത്പന്നങ്ങൾക്കെതിരായ ബോധവത്കരണമുണ്ടാകും.
ഇതിനൊപ്പം ഗ്രാമവ്യവസായ മേഖലയിൽ പുതിയ തൊഴിലവസരമുണ്ടാക്കുക എന്നതും പ്രധാനമാണ്. പ്രധാനമന്ത്രിയുടെ തൊഴിൽ ദാനപദ്ധതിയുണ്ട് (പി.എം.ഇ.ജി.പി). സംസ്ഥാനത്തും തൊഴിൽ ദാനപദ്ധതിയുണ്ട് (എസ്.ഇ.ജി.പി). ഇവരണ്ടും ഉപയോഗിച്ച് പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കും. ചിലജില്ലകളിൽ ഇതുമായി ബന്ധപ്പെട്ട് സംരംഭകത്വ പ്രോത്സാഹന പരിപാടി നടന്നുകഴിഞ്ഞു.
ഇതോടൊപ്പം ബിഫെഡ്ഡിന്റെ തേൻ സംസ്കരണം ശക്തിപ്പെടുത്തി അഗ്മാർക്ക് മുദ്രയുള്ള തേൻ വിപണിയിലെത്തിക്കും. ഇതിനൊപ്പം ശരീര വേദനയ്ക്ക് ഉപയോഗിക്കാവുന്ന ഉന്നക്കിടക്കയുടെ ഉത്പാദനവും വിൽപ്പനയും വർധിപ്പിക്കും. ഇങ്ങനെ ഖാദി പ്രസ്ഥാനത്തെ ഒരു മാതൃകാ സ്ഥാപനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അത് വിജയിക്കുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.
ഖാദി എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞു. പക്ഷെ കണ്ണൂർ ജില്ലയെ കൂടുതലും ആളുകൾ വിലയിരുത്തുന്നത് രാഷ്ട്രീയ അക്രമസംഭവങ്ങളുടെ പേരിലാണ്. അത്തരം പ്രശ്നങ്ങളെന്തെങ്കിലും അലോസരപ്പെടുത്താറുണ്ടോ?
ഖാദി പ്രസ്ഥാനവും അക്രമവുമായി എന്താണ് ബന്ധം. ഖാദി പ്രസ്ഥാനം ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ്. വൈസ് ചെയർമാനെന്ന നിലയിലുള്ള ചുമതല നിർവഹിച്ചുകൊണ്ട് കേരളത്തിലുടനീളം ഖാദി വസ്ത്രങ്ങളുടെ പ്രചാരം വർധിപ്പിക്കുക, അതോടൊപ്പം ഗ്രാമ വ്യവസായ മേഖലയിൽ ഏറ്റവും ദരിദ്രരായ ആളുകളാണ് ചെറിയ വരുമാനത്തിനു പോലും ജോലി ചെയ്യുക. സംസ്ഥാന ഗവൺമെന്റ് അതീവ ദരിദ്രരെ കണ്ടെത്താനുള്ള സർവേ നടത്തിക്കൊണ്ടിരിക്കുകയാണ്.
അവിടെ ഖാദി ബോർഡ് ഇടപെടുന്നു, അത്തരക്കാർക്ക് സഹായം നൽകുന്നു. ബാങ്കുകൾ വഴി സബ്സിഡി നൽകുന്നു. അവിടെ ജനങ്ങൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകേണ്ട യാതൊരു കാര്യവുമില്ല. അങ്ങനെയാകുമ്പോൾ സംഘർഷത്തിന്റെ കാര്യം ഉദിക്കുന്നുമില്ല. സമവായത്തിന്റെയും ഐക്യത്തിന്റെയും സംന്ദേശമാണ് ഇതെല്ലാം നൽകുന്നത്.
ഓൺലൈൻ വിപണനത്തിന്റെ കാലമാണ് ഇപ്പോൾ. ഫ്ലിപ്കാർട്ടും ആമസോണുമുൾപ്പെടെ വമ്പന്മാർ വിൽപ്പന നടത്തുന്ന ഇടം. ഇത്തരം സാധ്യതകൾ ഖാദി ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രയോജനപ്പെടുത്താൻ പദ്ധതിയുണ്ടോ?
ഓൺലൈൻ വഴി വ്യാജ ഖാദി ഉത്പന്നങ്ങൾ ലഭിക്കും. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. പക്ഷെ ഖാദിയുടെ പരിശുദ്ധിയും ഗുണമേന്മയും നിലനിർത്തിക്കൊണ്ട് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്നതാണ് ഖാദിബോർഡിന്റെ താത്പര്യം. ഈ കാഴ്ചപ്പാടിൽ ഓൺലൈൻ മാർക്കറ്റിങ്ങിന്റെ സാധ്യത ഞങ്ങൾ ആലോചിച്ചിട്ടുണ്ട്.
കെൽട്രോൺ അധികൃതരുമായി ഇക്കാര്യത്തിൽ ചർചർച്ചകൾ നടന്നു. ഒരു സോഫ്റ്റ്വെയർ രൂപപ്പെടുത്തി അതിനെ അടിസ്ഥാനപ്പെടുത്തി സ്ഥാപനത്തിന്റെ മാർക്കറ്റിങ് സംവിധാനം കുറേക്കൂടി ശക്തിപ്പെടുത്താം. അതോടൊപ്പം ഓൺലൈൻ മാർക്കറ്റിങ്ങും നടത്തിക്കഴിഞ്ഞാൽ വിദേശത്തുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ ഖാദി ഉത്പന്നങ്ങൾ വാങ്ങുന്ന സ്ഥിതിയുണ്ടാകും. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ ഉണ്ടാകുന്ന സർക്കാർ സംവിധാനങ്ങളുടെ മെല്ലെപ്പോക്ക് ഈ പദ്ധതിയെയും ബാധിക്കുമോ?
ഒരു സ്വകാര്യ സ്ഥാപനം നടത്തുന്നതുപോലെ ഖാദിബാർഡിന്റെ പ്രവർത്തനം നടത്താൻ കഴിയില്ല. ഇതിനകത്ത് ഞങ്ങൾ പരിശോധിച്ചപ്പോൾ ഖാദി ബോർഡിന്റെ കീഴിൽ 6000 സാധാരണ തൊഴിലാളികൾ ഉണ്ട്. ഏറ്റവും തുച്ഛമായ വരുമാനം കിട്ടുന്നവരാണ് ഇവർ. നൂൽ നൂൽപ്പ്, പരുത്തി സംസ്കരണം, നെയ്ത്ത്, തറികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ പണിയെടുക്കുന്നവർ എല്ലാം തന്നെ തുച്ഛമായ കൂലികിട്ടിയിട്ടാണ് പണിയെടുക്കുന്നത്. അവർക്ക് മിനിമം കൂലി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. അതാണ് കേരളത്തിന്റെ പ്രത്യേകത.
ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത, ഖാദിതൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കി കൊണ്ടാണ് മിനിമം വേതനം കേരളത്തിൽ കൊടുക്കുന്നത്. കേരളത്തിലെ ഗവൺമെന്റാണ് അത് കൊടുക്കുന്നത്. ഖാദി ബോർഡിലെ ജീവനക്കാർക്കുള്ള ശമ്പളവും ഗവൺമെന്റാണ് കൊടുക്കുന്നത്. അങ്ങനെ സംസ്ഥാന ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ഖാദിപ്രസ്ഥാനം നിലനിൽക്കുന്നത്.
സൗരോർജം ഉപയോഗിച്ച് ചർക്ക പ്രവർത്തിച്ച് നൂൽ ഉത്പാദനം വർധിപ്പിച്ച് അതുവഴി വസ്ത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കാനാണ് ഖാദി ബോർഡിന്റെ ശ്രമം. അതിന്റെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതിനൊപ്പം മുമ്പ് പറഞ്ഞ വൈവിധ്യവത്കരണവും നടപ്പിലാക്കുന്നതോടെ നല്ലനിലയ്ക്ക് മുന്നോട്ടുപോകാനാകുമെന്നാണ് ഞങ്ങൾ കരുതുന്നത്.
ഖാദി ബോർഡിന്റെ വൈസ് ചെയർമാനായി നിശ്ചയിച്ചപ്പോൾ മുതൽ അക്കാര്യത്തിൽ ഒരുപാട് വ്യാഖ്യാനങ്ങൾ വന്നിരുന്നു. രാഷ്ട്രീയപരമായി ഒതുക്കാനുള്ള ശ്രമമാണ് നടന്നതെന്നതുൾപ്പെടെ. ഇക്കാര്യത്തിൽ വ്യക്തമായൊരു മറുപടി പിന്നീട് താങ്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആരോപണങ്ങളോട് എന്താണ് മറുപടി നൽകാനുള്ളത്?
ഞാനിപ്പോൾ വൈസ് ചെയർമാനായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. അത് പൊളിറ്റിക്കൽ നോമിനേഷനാണ്. സ്വാഭാവികമായും എന്റെ പാർട്ടിയാണല്ലോ ഈ സ്ഥാപനത്തിലേക്ക് നിയോഗിക്കുക. ആ തീരുമാനം അനുസരിച്ചുകൊണ്ട് ഗവൺമെന്റ് അതനുസരിച്ചുള്ള ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ വൈകാതെ തന്നെ ഞാൻ ചുമതല ഏറ്റെടുത്തിട്ടുമുണ്ട്.
വിവാദങ്ങൾക്ക് ഇടം കൊടുക്കാനല്ല ഞാൻ തയ്യാറായത്. ഞാൻ ചുമതല ഏറ്റെടുത്തു. അതിനനുസരിച്ച് പ്രവർത്തിക്കുന്നു. അതാണ് ജനങ്ങൾ കാണുന്നത്. തിരുവനന്തപുരത്തെ നൂൽനൂൽപ്പ് കേന്ദ്രങ്ങൾ, നെയ്ത്ത് കേന്ദ്രങ്ങൾ ഇതെല്ലാം സന്ദർശിക്കുകയുണ്ടായി. അതിന് മുമ്പ് പയ്യന്നൂർ പരുത്തി സംസ്കരണ യൂണിറ്റ് സന്ദർശിച്ചു. അതിന് ശേഷം ഖാദി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസ് പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്തു. ഇതിലെല്ലാം സജീവമായി ഞാൻ പങ്കെടുക്കുന്നുണ്ട്.
ഇതെല്ലാം ജനങ്ങൾ മനസിലാക്കേണ്ട സന്ദേശം, അത് കൃത്യമായിട്ട് മനസിലാക്കിയിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളെല്ലാം വിവാദവിഷമാക്കുന്നതിന്റെ ലക്ഷ്യം സിപിഎമ്മിനെ എങ്ങനെയെങ്കിലും താറടിച്ച് കാണിക്കുക എന്നതാണ്. അതൊക്കെ എല്ലാകാലത്തും തുടരുന്നതാണ്. ഇപ്പോഴും തുടർന്നുപോകുന്നു. നാളെയും തുടരും. വിവാദങ്ങൾക്ക് മനസുകൊടുക്കാനുള്ള നിലയിലല്ല ഞങ്ങളൊക്കെ ചിന്തിക്കുന്നത്. വിവാദങ്ങൾ ഒരുഭാഗത്ത് താത്പര്യക്കാർ നടത്തട്ടെ. നാം നമ്മളുടെചുമതല നിർവഹിക്കുക. ദൗത്യവുമായി മുന്നോട്ടുപോവുക.
നേരത്തെ സൂചിപ്പിച്ചതുപോലെ ഏറ്റവും ചുരുങ്ങിയ കൂലികിട്ടുന്ന, ഖാദി ബോർഡിന്റെയും മറ്റ് സംഘടനകളുടെയും കീഴിലുള്ള 15000-ൽ അധികം തൊഴിലാളികളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാനാകുമെന്നാണ് എന്റെ വിശ്വാസം. ഖാദി പ്രസ്ഥാനത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുക എന്നതാണ് ലഷ്യം. അത് സാധ്യമാകുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.