തിരുവനന്തപുരം > ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്ത്തിയ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐഎസ്ആർഒയെ സ്വകാര്യവല്ക്കരിക്കാനുള്ള കേന്ദ്രസര്ക്കാര് നീക്കം അപകടകരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്കുട്ടി. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷന് 39-ാം വാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആത്മ നിര്ഭര് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി തന്ത്രപ്രധാന സ്ഥാപനമായ ഐഎസ്ആർഒയില് വലിയ തോതിലുള്ള സ്വകാര്യവല്ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ എല്ലാ കേന്ദ്രങ്ങളിലെയും എല്ലാ സൗകര്യങ്ങളും ഇനി മുതല് സ്വകാര്യകമ്പനികള്ക്കും ഉപയോഗിക്കാന് കഴിയുന്ന സ്ഥിതിയുണ്ടാകും. ജനങ്ങളുടെയാകെ നികുതി പണം ഉപയോഗിച്ച് വളര്ത്തിയെടുത്ത, രാജ്യത്തിന്റെ പ്രശസ്തി വാനോളം ഉയര്ത്തി ഒട്ടനവധി അസുലഭ വിജയങ്ങള് ഇന്ത്യന് ജനതയ്ക്കായി സമ്മാനിച്ച അതീവ തന്ത്രപ്രധാനമായ ഈ സ്ഥാപനത്തിന്റെ വാതിലുകള് മൂലധന ശക്തികള്ക്കായി സ്വകാര്യവല്ക്കരണത്തിന്റെ പേരില് തുറുന്നു കൊടുക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാന് കഴിയാത്തതാണ്.
ഇന്ത്യന് വ്യവസായ മേഖലയുടെ വളര്ച്ചയ്ക്കും പുരോഗതിക്കും മാത്രമല്ല രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്ച്ചയിലും ഐഎസ്ആർഒ നല്കിയിട്ടുള്ള സംഭാവന ചെറുതല്ല. ഈ മഹത്തായ സ്ഥാപനത്തിന്റെ പ്രവര്ത്തനം തന്നെ രാജ്യത്തെ പ്രമുഖമായ പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് പുറമെ അയ്യായിരത്തിലധികം വരുന്ന സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോട് കൂടിയാണ്. സ്പെയ്സ് ആക്ടിവിറ്റിസ് ബില് നിലവിൽ വരുമ്പോൾ നാളിതുവരെ ഐഎസ്ആർഒക്ക് ഇന്ത്യന് ബഹിരാകാശ മേഖലയിൽ ഉണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമാകും. സ്വകാര്യ കുത്തകകള്ക്കും ബഹിരാകാശ മേഖല കൈകാര്യം ചെയ്യാമെന്ന അവസ്ഥ കൈവരും.
അത്യന്തം അപകടരമായ ഈ നീക്കത്തെ ചെറുത്തു തോല്പ്പിക്കാന് തൊഴിലാളികള് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു . കേന്ദ്ര സര്ക്കാര് തൊഴിലാളികളുടെ താല്പര്യമല്ല മറിച്ച് മുതലാളിമാരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. കേന്ദ്ര സര്ക്കാര് പ്രഖ്യാപിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള് കേരളത്തില് നടപ്പാക്കില്ല എന്നതാണ് എല്ഡിഎഫ് സര്ക്കാരിന്റെ ഉറച്ച നിലപാട്. ഈ പശ്ചാത്തലത്തിലാണ് കേരളം എന്ന സംസ്ഥാനം മറ്റു മേഖലകളിലെന്നപോലെ തൊഴില് മേഖലയിലും രാജ്യത്തിനാകെ മാതൃകയാകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.