ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സംഘപരിവാർ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ അതീവ ജാഗ്രതയിലാണ് പോലീസ്. വൻ മുൻകരുതലുകളാണ് ജില്ലയിൽ പോലീസ് എടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരേ കേസെടുക്കാനും ജില്ലയിൽ രാത്രികാല പരിശോധനകൾ കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കരുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ഇന്ന് രാവിലെ 11 മണിയോടെ സംഘപരിവാർ കണ്ണൂരിൽ പ്രതിഷേധം നടത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായി തുടങ്ങി കണ്ണൂർ കാൽടെക്സിലെത്തി റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ എസ്ഡിപിഐ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Content Highlights:high alert on kannur after the murder of rss leader in alappuzha