തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ. കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേര് നൽകി കേരളത്തിന്റെ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ ബാക്കിപത്രമാണ് ഈ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ദൗർഭാഗ്യകരമായ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. വർഗീയമായ ചേരിതിരിവുണ്ടാക്കാനായിശത്രുക്കളാണെങ്കിലുംപരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിലുള്ള കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
രമ്യാ ഹരിദാസ് എംപിക്ക് ഭീഷണികളുണ്ടായിട്ട് പോലും പോലീസ് പ്രൊട്ടക്ഷൻ കൊടുക്കാൻ സർക്കാർ തയ്യാറായില്ല. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. യുഡിഎഫ് ഭരണം അട്ടിമറിക്കാൻ പല സ്ഥലങ്ങളിലും എസ്ഡിപിഐയുമായും ബിജെപിയുമായും സിപിഎം കൂട്ടുചേർന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗീയ ശക്തികളുമായി മാറി മാറിയുള്ള സിപിഎമ്മിന്റെ ബന്ധങ്ങളാണ് ഇപ്പോൾ കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. അഭിമന്യു കൊലക്കേസിലെ പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാൻ വൈകി. ചാവക്കാട് പുന്ന നൗഷാദ് കൊലക്കേസ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം നിരവധി അതിക്രമങ്ങൾക്ക് സർക്കാരും പോലീസും വർഗീയ ശക്തികൾക്കൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights:government is to be blamed for the rise of communal parties says vd satheeshan