വാഹനം വിട്ടുനൽകാനാകില്ലെന്ന് ദേവസ്വത്തിന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ലേലം റദ്ദാക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അമൽ മുഹമ്മദലി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടിവരുമെന്ന ദേവസ്വം ചെയര്‍മാൻ്റെ പ്രതികരണം വിവാദമായതിനു പിന്നാലെയാണ് വാഹനം ലേലം പിടിച്ചയാളുടെ മറുപടി.
“അങ്ങനെ പറയാൻ കഴിയില്ല. അവരു പറഞ്ഞ എമൗണ്ടിൻ്റെ മുകളിലാണ് നമ്മൾ ഉറപ്പിച്ചത്. നിയമപ്രകാരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് പങ്കെടുത്തത്.” അമൽ മുഹമ്മദലി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. വാഹനം വിട്ടുനൽകുന്നില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ എന്തിനാണ് ലേലത്തിന് വെച്ചതെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം തീരുമാനത്തിനെതിരെ കേസ് കൊടുക്കുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് “തീര്‍ച്ചയായും” എന്നായിരുന്നു അമലിൻ്റെ മറുപടി.
Also Read:
മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാര്‍ എസ്യുവി ഇന്നലെയാണ് പ്രവാസിയായ 21കാരൻ ലേലത്തിൽ പിടിച്ചത്. 15 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ചു കൊണ്ടായിരുന്നു ലേലം. എന്നാൽ ലേലത്തിൽ പങ്കെടുക്കാനായി ഒരാള്‍ മാത്രമായിരുന്നു എത്തിയത്. എതിരാളികള്‍ ഇല്ലാതെ വന്നതോടെ പതിനായിരം രൂപ കൂട്ടിവിളിച്ച് ഇദ്ദേഹത്തിൻ്റെ പ്രതിനിധി ലേലം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഒരാള്‍ മാത്രം ലേലത്തിൽ പങ്കെടുത്തതിനാൽ വാഹനം വിട്ടുനൽകുന്നതിൽ ദേവസ്വം ബോര്‍ഡ് വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ഭരണസമിതിയിൽ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാമെന്നും അങ്ങനെയുണ്ടായാൽ തീരുമാനം മാറ്റേണ്ടി വരുമെന്നുമായിരുന്നു ദേവസ്വം ചെയര്മാൻ കെ ബി മോഹൻദാസ് മാധ്യമങ്ങളോടു പറഞ്ഞത്.
Also Read:
ഡിസംബര്‍ നാലാം തീയതിയായിരുന്നു മഹീന്ദ്ര കമ്പനി ചുവന്ന നിറത്തിലുള്ള ഥാര്‍ ലിമിറ്റഡ് എഡിഷൻ എസ്യുവി വഴിപാടായി ക്ഷേത്രത്തിന് കൈമാറിയത്. വിപണിയിൽ 13 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ വില. ഗുരുവായൂര്‍ കിഴക്കേ നടയിൽ നടന്ന ചടങ്ങിലാണ് ദേവസ്വം ചെയര്മാൻ അഡ്വ കെ ബി മോഹൻദാസിന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് ചീഫ് ഓഫ് ഗ്ലോബൽ പ്രൊഡക്ട് ഡെവലപ്മെൻ്റ് ആര് വേലുസ്വാമി കൈമാറിയത്. ഗുരുവായൂരപ്പന് ഥാര്‍ വാഹനം ലഭിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചര്‍ച്ചയായെങ്കിലും രണ്ട് ഡോര്‍ മോഡൽ എസ്യുവി ദേവസ്വം ബോര്‍ഡിൻ്റെ ഉപയോഗത്തിന് യോജിക്കാത്തതിനാൽ ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.