മോഡലിങ് രംഗത്തുനിന്നെത്തി ചുരുങ്ങിയ കാലംകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച നടിയാണ് രശ്മിക മന്ദാന. 2018ൽ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ടയുടെ തെലുഗു ചിത്രം ഗീതാഗോവിന്ദത്തിലൂടെയാണ് രശ്മിക ശ്രദ്ധിക്കപ്പെടുന്നത്. കന്നഡയിൽ സജീവമായിരുന്ന താരത്തിന് ഗീതാഗോവിന്ദം വലിയൊരു ബ്രേക്ക് നൽകി. മൊഴിമാറ്റിയെത്തിയ ഡിയർ കോമ്രേഡിലൂടെ മലയാളത്തിലും ശ്രദ്ധിക്കപ്പെട്ട രശ്മികയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അല്ലു അർജുന്റെ പുഷ്പ. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് രശ്മിക:
പുഷ്പയിലെ അനുഭവങ്ങൾ
ഒരുപാട് വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് പുഷ്പയിലേത്. എനിക്കാണെങ്കിലും അല്ലു അർജുനാണെങ്കിലും വേറിട്ട അനുഭവം തന്നെയായിരുന്നു പുഷ്പ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് തീർത്തും മാറിനിൽക്കുന്ന ഒന്ന്. അതുകൊണ്ടുതന്നെ ചില ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. കഥാപാത്രത്തിലേക്കുള്ള മാറ്റം ഏറെ ശ്രമകരമായിരുന്നു. എന്നാലും ഭംഗിയായി അവതരിപ്പിച്ചു. ശ്രമം ഫലം കണ്ടതിൽ സന്തോഷം.
ഫഹദിനൊപ്പം
ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണ്. നിർഭാഗ്യവശാൽ അതിനുള്ള അഭിനയിക്കാനുള്ള അവസരം കൈവന്നിട്ടില്ല. അല്ലു അർജുനൊപ്പമുള്ള അനുഭവങ്ങൾ ഏറെ വിലമതിക്കുന്നു. എല്ലാ സഹപ്രവർത്തകരോടും ഒരുപാട് സംശയങ്ങൾ ചോദിക്കുന്ന ആളാണ് ഞാൻ. അല്ലു അർജുൻ വളരെ അധികം സഹായിച്ചിട്ടുണ്ട്. ആത്മവിശ്വാസം പകരുന്ന സഹപ്രവർത്തകൻ.
പുഷ്പയ്ക്കായുള്ള തയ്യാറെടുപ്പുകൾ
താരതമ്യേന മറ്റ് ചിത്രങ്ങളേക്കാൾ തയ്യാറെടുപ്പുകൾ വേണ്ടിവന്നിട്ടുണ്ട്. ക്യാരക്ടറിനോട് ചേർന്നുനിൽക്കുന്ന വേഷവിധാനങ്ങൾ, ഹെയർ സ്റ്റൈൽ, മുടിയുടെയും കണ്ണിന്റെയും തൊലിയുടെയും നിറം എന്നിവയ്ക്കുവേണ്ടിയുള്ള തീരുമാനങ്ങൾക്കാണ് ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ടിവന്നത്. തിരുപ്പതിയിൽചെന്ന് അവിടെയുള്ള സ്ത്രീകൾ എങ്ങിനെയാണ് സംസാരിക്കുന്നതെന്നും പെരുമാറുന്നതെന്നും കണ്ടുപഠിച്ചു. പഠിച്ച കാര്യങ്ങൾ കഥാപാത്രത്തിലേക്ക് ഉൾച്ചേർക്കാനും പരമാവധി ശ്രമിച്ചു.
മലയാളി ഫാൻസിനെക്കുറിച്ച്
ഒരുപാട് സിനിമകൾ ചെയ്തെങ്കിലും മലയാളത്തിൽ അവസരം കിട്ടിയിട്ടില്ല. നിരവധി നല്ല സിനിമകൾ വരുന്ന മലയാളത്തിൽ അഭിനയിക്കാൻ ഏറെ ആഗ്രഹമുണ്ട്. മലയാളത്തിൽ നല്ലൊരു കഥാപാത്രം ചെയ്യാതെതന്നെ കേരളത്തിൽ ഒരുപാട് ആരാധകർ ഉണ്ടെന്നറിയുന്നതിൽ സന്തോഷം. കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. തീർച്ചയായും ഒരു ഹോംലി ഫീലിങ് തരുന്ന ഇടമാണ് കേരളം. ഡിയർകോമ്രേഡിന്റെ പ്രമോഷനുവേണ്ടിയും കേരളത്തിൽ ഉണ്ടായിരുന്നു.
സ്ത്രീകഥാപാത്രങ്ങളുടെ പ്രാധാന്യം
സ്ത്രീ കഥാപാത്രങ്ങൾക്ക് ഒട്ടും പ്രാധാന്യമില്ലാതെയും സിനിമകൾ വരാറുണ്ട്. പക്ഷേ, വളരെ നോർമലായി ഒരു കഥ പറയുമ്പോൾ സ്ത്രീ കഥാപാത്രങ്ങളെ മാറ്റി നിർത്താനാവില്ല. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ വരേണ്ടത് അനിവാര്യമാണ്.