രാഷ്ട്രീയമായ ദാസ്യത്തിലാണ് നിലവിൽ കേരളത്തിലെ സർവകലാശാലകളെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി എം. ഷാജർഖാൻ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന വിവാദത്തിൽ നിലപാടുകളും തുടർ നടപടികളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ഷാജർ ഖാൻ.
കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന വിഷയത്തിൽ ഗവർണർ ആദ്യമെടുത്ത നിലപാട് ശരിയായിരുന്നോ?
കണ്ണൂർ വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി തീർച്ചയായിട്ടും തെറ്റായ നടപടി തന്നെയാണ്. ഒരുകാരണവശാലും ഗവർണർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. വാസ്തവത്തിൽ അങ്ങനെ പുനർനിയമനം കേരളത്തിൽ ഇതുവരെ നടന്ന് കീഴ്വഴക്കമില്ല. മാത്രമല്ല സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ടത്, പ്രായപരിധി തുടങ്ങിയ കാര്യങ്ങളൊക്കെ ചാൻസലർ കൂടിയായ ഗവർണറുടെ മുന്നിലുണ്ടായിരുന്നതാണ്. സ്വാഭാവികമായും ആകാര്യങ്ങളുടെ അടിസ്ഥാനത്തിൽ വി.സിയുടെ പുനർനിയമനത്തിനുള്ള ഫയലിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നു.
അദ്ദേഹം ഒപ്പുവെച്ചതാണ് ഈ വിവാദങ്ങൾക്കൊക്കെ കാരണമായത്. എന്നാൽ തെറ്റ് തുറന്ന് സമ്മതിക്കുന്നത് ഒരു മോശം കാര്യമായി കാണുന്നില്ല. ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്തു. അക്കാര്യം പരസ്യമായി തുറന്നുപറഞ്ഞു. അതിന്റെ ശിക്ഷയെന്നോണം ചാൻസിലർ പദവി ഒഴിഞ്ഞുകൊള്ളാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷെ അദ്ദേഹം നടത്തിയ കുറ്റസമ്മതത്തിന്റെ മുഴുവൻ പാപഭാരവും സർക്കാർ നടത്തിയ അട്ടിമറിയിലേക്കാണ് വരുന്നത്. ഇത്തരത്തിൽ നിയമനം നൽകുന്നതിന് വേണ്ടി കരുക്കൾ നീക്കിയതും സംസ്ഥാന സർക്കാരാണ്. അതിന് അദ്ദേഹം വഴങ്ങാൻ പാടില്ലായിരുന്നു. എന്നാൽ അദ്ദേഹം തുറന്ന കുറ്റസമ്മതം നടത്തിയതുകൊണ്ടാണല്ലോ കേരളത്തിലിതൊരു വലിയ ചർച്ചാ വിഷയമായി മാറിയത്.
ഈ വിഷയത്തിലടക്കം സേവ് യൂണിവേഴ്സിറ്റി ഫോറം നിരവധി കാലങ്ങളായി നൽകിയ നിവേദനങ്ങൾ നിലവിലുണ്ട്. വൈസ് ചാൻസലറുടെ പുനർനിയമനം, അതിന് മുന്നോടിയായി അസോസിയേറ്റ് പ്രൊഫസറുടേതുൾപ്പെടെയുള്ള നിയമനങ്ങൾ, അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ ഇതെല്ലാം രാഷ്ട്രീയ നിയമനങ്ങളാണ് എന്നുള്ളത് ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നതിന്റെ സമ്പ്രദായം കാലങ്ങളായി നിലനിൽക്കുന്നു. അതിന് ഒരു അറുതി വരുത്തേണ്ടതാണ്.
സർവകലാശാല രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇക്കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുന്നു. ചാൻസലറായ ഗവർണർ പോലും നിസ്സഹായനാണ്. സാധാരണഗതിയിൽ കിഴ്വഴക്കം അനുസരിച്ച് സർക്കാർ മുന്നോട്ടുവെക്കുന്ന പ്രൊപ്പോസൽ അംഗീകരിക്കുകയാണ് ഗവർണർ ചെയ്യുക. പക്ഷെ ഇവിടെ പൂർണമായും രാഷ്ട്രീയമായിപ്പോയി. മാത്രമല്ല മാനദണ്ഡങ്ങളോ മെറിറ്റോ പരിഗണിച്ചില്ല. ചട്ടലംഘനവുമുണ്ട്. അതിൽ വ്യക്തിപരമായി ഗവർണർക്ക് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദം മൂലമായിരിക്കാം ഇതൊക്കെ തുറന്നുപറഞ്ഞത്.
നിലവിലെ സാഹചര്യത്തിൽ സർവകലാശാലകളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
സർവകലാശാലകളിൽ സർക്കാരോ രാഷ്ട്രീയക്കാരോ ഇടപെടാൻ പാടില്ല. അവർ സർവകലാശാലകളുടെ സ്വയംഭരണത്തെ മാനിച്ച് മാറി നിൽക്കണം. സർവകലാശാലകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. ഇതിൽ സിൻഡിക്കേറ്റ് മെമ്പർമാരാകട്ടെ, സെനറ്റ് അംഗങ്ങളാകട്ടെ, വൈസ് ചാൻസലറാകട്ടെ. എല്ലാം രാഷ്ട്രീയ നിയമനങ്ങളാകുമ്പോൾ വളരെ സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തിന് അനുസരിച്ച് പ്രവർത്തിക്കും.
സാധാരണ വൈസ് ചാൻസലർ എന്നുപറയുന്നത് ഇത്തരമൊരു സ്ഥാനമല്ലല്ലോ. വ്യക്തിജീവിതത്തിലും ഉന്നത മൂല്യങ്ങൾ പുലർത്തുന്നവരാണ്. അത്രയും അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്നവരെയാണ് സാധാരണ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. അക്കാദമിക് യോഗ്യതകൾ മാത്രം പരിഗണിച്ചല്ല വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നത്. ഇതിന് പുറമെ ധാർമിക നിലവാരം കൂടി വേണം. അതുനഷ്ടപ്പെട്ടാൽ നട്ടെല്ല് നഷ്ടപ്പെട്ടതുപോലെ ആകും. ഭരിക്കുന്ന പാർട്ടി ഏതാണോ അതിനനുസരിച്ച് പ്രവർത്തിക്കേണ്ടി വരും.
സർവകാലശാലകളിൽ സിപിഎമ്മിന്റ ഇടപെടൽ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
സർവകലാശാലകളെ പാർട്ടി താത്പര്യങ്ങൾക്ക് വേണ്ടി മാറ്റുന്നുവെന്നതാണ് പ്രധാനം. നിയമനങ്ങൾ എല്ലാം പാർട്ടി താത്പര്യത്തിന് അനുസരിച്ചാണ്. ഇക്കാര്യമാണ് ഗവർണറും ചൂണ്ടിക്കാണിച്ചത്. കണ്ണൂർ, കാലിക്കറ്റ്, കാലടി എന്നിങ്ങനെ ഏത് സർവകലാശാലയുമാകട്ടെ അവിടെ നടക്കുന്ന നിയമനങ്ങളിൽ ഇവർ ഇടപെടുന്നു.
കണ്ണൂർ സർവകലാശാലയിൽ കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് നിയമനം കൊടുത്തുവെന്നല്ല നമ്മൾ ആരോപിച്ചത്. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. അവർക്ക് എട്ട് വർഷത്തെ അധ്യാപന പരിചയമില്ല. ആ വ്യവസ്ഥ പാലിക്കാതെ ഒരാൾക്ക് നിയമനം നൽകുന്നതിൽ ക്രമവിരുദ്ധതയുണ്ട് എന്നാണ് ഞങ്ങൾ ചൂണ്ടിക്കാണിച്ചത്. ഇവരേക്കാൾ യോഗ്യതയുള്ള ആൾ രണ്ടാം സ്ഥാനത്ത് വന്നതെങ്ങനെയാണെന്ന് അന്വേഷിക്കണ്ടെ? യോഗ്യതയുള്ള ആരുമില്ലെങ്കിൽ ചിലപ്പോൾ ഇങ്ങനെ ചെയ്യാമായിരിക്കാം. പക്ഷെ യോഗ്യതയുള്ള ആളുള്ളപ്പോൾ അയാളെ മറികടന്ന് പൂർണ യോഗ്യതയില്ലാത്ത ഒരാളെ പരിഗണിക്കുന്നത് ചട്ടലംഘനമാണ്. നീതി നിഷേധമാണ്, തർക്കമില്ല.
കാലടി സർവകലാശാലയിലെ വിഷയം നോക്കു. പുതിയതായി വന്ന വിവാദമെന്നത് ബിരുദം പാസാകാത്തവരെ പി.ജിക്ക് പ്രവേശനം നൽകിയെന്നതാണ്. എന്താണ് ഇക്കാര്യത്തിലെ നിലപാട്?
ബിരുദം പാസാകാത്തവരെ ബിരുദാനന്തര ബിരുദത്തിന് അനുവദിച്ചില്ലെങ്കിൽ പിജിക്ക് പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറയില്ലെ. അപ്പോൾ അവിടെ കരാർ അടിസ്ഥാനത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ ജോലി നഷ്ടപ്പെടില്ലെ എന്നാണ് അവർ പറയുന്ന ന്യായം. എന്തൊരു വിചിത്രമായ ന്യായമാണിതെന്ന് നോക്കു. കരാർ അധ്യാപകരാകട്ടെ അല്ലാത്തവരാകട്ടെ അവർക്ക് വേണ്ടി ബിഎ പാസാകത്തവർക്ക് എംഎ പാസാകാൻ അനുമതി കൊടുക്കാമോ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കാര്യങ്ങളാണ് സർവകലാശാലകളിൽ നടക്കുന്നത്.
ഇതൊക്കെ രാഷ്ട്രീയമായ ഇടപെടലിന്റെ ഭാഗമായി നടക്കുന്നതെന്നാണോ നിങ്ങൾ ആരോപിക്കുന്നത്?
തീർച്ചയായിട്ടും, കാരണം സർവകലാശാലകളുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന യൂണിയൻ നേതാക്കൾ ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടുന്നു. പ്രൊപ്പോസൽ വരുമ്പോൾ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി ഇങ്ങനെ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. കാരണം ഇവരെല്ലാം രാഷ്ട്രീയമായി നിയമിതരായവരാണ്. അവരുടെ ഇഷ്ടക്കാരെ ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കുന്നതെന്തിനാണ്? ഇതുപോലെയുള്ള നിയമനങ്ങൾ നടത്തിക്കൊടുക്കുന്നതിന് വേണ്ടിയാണ്. കണ്ണൂർ സർവകലാശാല വിസിയുടെ കാര്യത്തിൽ നോക്കു, പ്രിയ വർഗീസിന്റെ നിയമനത്തിന് പ്രത്യുപകാരമാണ് വിസിയുടെ പുനർനിയമനമെന്ന ആക്ഷേപം ഉയർന്നത് അതുകൊണ്ടാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കിടയാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെ?
അതെ, ഗവർണർക്ക് ഞങ്ങൾ കൊടുക്കുന്ന പരാതിക്ക് പുറമെ വേറെ ആളുകളും നൽകുന്ന പരാതികളുണ്ടല്ലോ. പക്ഷെ ഓരോ പരാതികളിലും ആവശ്യത്തിന് നടപടികളെടുക്കാൻ സാധിക്കുന്നില്ല. കാരണം സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ല. സർവകലാശാലയോട് ചോദിച്ചാൽ അവർ അഴകൊഴമ്പൻ മറുപടി പറയും. അതുകൊണ്ട് ഒരു പരിഹാരം പ്രതീക്ഷിക്കുന്നില്ല. ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും.
കാലടി സർവകലാശാലയിലെന്താണ് നടന്നത്. രണ്ട് മാസമാണ് വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി. രണ്ടുമാസവും അവർ അനങ്ങാതിരുന്നു. കാലാവധി കഴിഞ്ഞാൽ സർക്കാരിന് പേര് നിർദ്ദേശിക്കാമെന്നാണ് വ്യവസ്ഥ. അത് കാലടിയിലെ മാത്രം വ്യവസ്ഥയാണ്. മറ്റ് സർവകലാശാലകളിൽ ഇത്തരമൊരു വ്യവസ്ഥയില്ല. സെർച്ച് കമ്മിറ്റിയുടെ കാലവധി കഴിഞ്ഞതിന് പിന്നാലെ സർക്കാർ ഒരു പേര് നിർദ്ദേശിച്ചു. അപ്പോൾ ഗവർണർ ഇടഞ്ഞു. പ്രൊപ്പോസ് ചെയ്യപ്പെട്ട ആളിന് യോഗ്യത ഇല്ല എന്നല്ല പറയുന്നത്. സെർച്ച് കമ്മിറ്റിയുടെ കാലാവധി കഴിയുന്നതുവരെ കാത്തിരുന്നുവെന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. മാത്രമല്ല സർക്കാർ ഒരു പേര് മാത്രം നിർദ്ദേശിച്ചു. സാധാരണ ഗതിയിൽ മൂന്ന് പേരുള്ള ഒരു പാനൽ കൊടുക്കുകയാണ് കീഴ്വഴക്കം. അതുമുണ്ടായില്ല.
കണ്ണൂർ സർവകലാശാ വിസിയുടെ പുനർ നിയമനം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. ഇനിയുള്ള നീക്കങ്ങൾ എങ്ങനെയാണ്?
വിഷയത്തിൽ സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. കോടതി ഗവർണർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്. ഇനിയുള്ള കാര്യങ്ങൾ കോടതി നടപടികളെ ആശ്രയിച്ചാണ് മുന്നോട്ടു പോവുക. ഞങ്ങൾക്ക് ഈ പോരാട്ടവുമായി മുന്നോട്ട് പോയേ പറ്റു. ഇപ്പോൾ സർവകലാശാലകളിൽ നടക്കുന്ന ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ നടപടികളെ തടയേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് സേവ് യൂണിവേഴ്സിറ്റ് കാമ്പയിൻ കമ്മറ്റി നടത്തുന്ന പ്രവർത്തനം.
സർവകലാശാലകൾ ഇന്നെത്തിനിൽക്കുന്ന സാഹചര്യമെന്താണ്?
വളരെ സങ്കുചിതമായ കക്ഷിരാഷ്ട്രീയവും സാമ്പത്തിക താത്പര്യവും മുൻപന്തിയിൽ വരുന്നുവെന്നതാണ് പ്രശ്നം. ഒരു പാർട്ടിയുടെ നോമിനികളെ കൊണ്ടുവരുന്ന സമ്പ്രദായം വളരെ കാലമായി നിലനിൽക്കുന്നു. ഇപ്പോഴത് വളരെ മോശം അവസ്ഥയിലെത്തി നിൽക്കുന്നു. ഇതിലൊരു വ്യത്യാസം വരണം. ആരുവരുത്തും എങ്ങനെ വരുത്തും എന്നുള്ളതാണ് പ്രശ്നം.
സർവകലാശാലകൾ ഇന്ന് രാഷ്ട്രീയ ദാസ്യത്തിലാണ്. അതിൽ നിന്ന് അവരെ മോചിപ്പിക്കണം. സർവകലാശാലകളുടെ ഭരണപരവും അക്കാദമികപരവുമായ കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ല. കുറെയേറെ പാർട്ടി സെല്ലായി മാറിയിരിക്കുകയാണ് സർവകലാശാലകൾ. പൂർണമായും മാറിയെന്ന് പറയാനാകില്ല. പക്ഷെ ആ രൂപത്തിലാണ് കാര്യങ്ങൾ പോകുന്നത്. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ചെയ്തില്ലെ എന്ന് ചോദിക്കാം. ഏത് പാർട്ടി എന്നുള്ളതല്ല വിഷയം.
സർവകലാശാലകൾക്ക് നിയമനങ്ങളും ദൈനം ദിന പ്രവർത്തനങ്ങളും നടത്തേണ്ടത് ഇങ്ങനെയല്ല. സർവകലാശാലകളുടെ ദൗത്യം മറ്റൊന്നാണ്. അതിന്റെ ഉന്നതമായ സ്ഥാനവും താത്പര്യങ്ങളും മനസിലാക്കുന്നവർ വേണം അതാത് സ്ഥാനങ്ങളിലേക്ക വരേണ്ടത്. അതുറപ്പാക്കണം. അതിനുള്ള സ്വയം ഭരണാവകാശമുണ്ട് സർവകലാശാലകൾക്ക്. എന്നാൽ ഈ ദാസ്യത്തിൽ കഴിയുന്നതുകൊണ്ടാണ് സർവകലാശാലകൾക്ക് അതിന് സാധിക്കാതെ പോകുന്നത്. ഇപ്പോൾ കണ്ണൂർ വി.സിക്ക് പുനർനിയമനം ലഭിക്കുന്നതോടെ അദ്ദേഹത്തിന് പാർട്ടിയോട് കൂറ് കൂടുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ പാർട്ടി നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണ്ടി വരും.
സ്വീപ്പർ തസ്തിക മുതൽ വൈസ് ചാൻസലർ തസ്തിക വരെ രാഷ്ട്രീയ നിയമനങ്ങളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം ദാസ്യത്തിൽ നിന്ന് സർവകലാശാലകളെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
Content Highlights: Interview with m shajar khan about universities appointment