തിക്കോടി (കോഴിക്കോട്):വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽക്കണ്ട ദൃശ്യങ്ങൾ തിക്കോടി പ്രദേശത്തുകാർക്ക് ആർക്കും അത്രപെട്ടെന്ന് മറക്കാനാവില്ല. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. ഗേറ്റിന് മുന്നിൽ കത്തിക്കരിഞ്ഞ രണ്ട് മനുഷ്യ ശരീരങ്ങളാണ് ആസമയം പരിസരത്തുണ്ടായിരുന്നവർ കണ്ടത്. ചോറ്റുപാത്രം, ഒരു കുപ്പിയിൽ കറി, രണ്ട് പേരുടെയും ചെരിപ്പുകൾ, കത്തിയ ഒരു നോട്ട് ബുക്ക്, ഒരു ബാഗ്, പെട്രോൾ വാങ്ങിയ രണ്ട് പ്ലാസ്റ്റിക് കുപ്പി ഇതെല്ലാം പ്രദേശത്ത് ചിതറിക്കിടന്നു.
കൃഷ്ണപ്രിയ തന്നിൽ നിന്നകന്നു പോകുമോ എന്ന സംശയമാണ് നന്ദകുമാറിനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. നാട്ടിൽ നിർമാണത്തൊഴിലാളിയായിരുന്നു ഇദ്ദേഹം. പുറംവേദന കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ശബരിമലയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പഠനത്തിൽ മിടുക്കി. പ്ലസ്ടുവും ഡിഗ്രിയും എം.സി.എ.യും കഴിഞ്ഞു. ഡിസംബർ ഒമ്പതിന് തിക്കോടി പഞ്ചായത്തിൽ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റൻറായാണ് താത്കാലിക ജോലി ലഭിച്ചത്. അച്ഛൻ മനോജന് ഹൃദയസംബന്ധമായ അസുഖമാണ്. എങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിന് മുൻപന്തിയിലുണ്ടാകും.
അമ്മ സുജാത സോപ്പുനിർമാണജോലി ചെയ്യുന്നു. സി.പി.എം. കുറ്റിവയൽ ബ്രാഞ്ച് മെമ്പറാണ്. സഹോദരൻ യദുകൃഷ്ണൻ വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് വിദ്യാർഥിയാണ്.
വെള്ളിയാഴ്ചയാണ് തിക്കോടി കാട്ടുവയലിൽ മനോജിന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യയെ തിക്കോടി വലിയമഠത്തിൽ നന്ദു എന്ന നന്ദകുമാർ (26) പെട്രോളൊഴിച്ച് തീകൊളുത്തിയത്. തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച നന്ദകുമാർ ശനിയാഴ്ച പുലർച്ചെയോടെ മരിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ദേശീയപാതയ്ക്കരികിലുള്ള തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്നഭാവത്തിൽ തടഞ്ഞുനിർത്തി പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.
നിലവിളികേട്ട് ഓഫീസിൽനിന്ന് ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താൻ ശ്രമിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ യുവതി മരിച്ചു.
പയ്യോളി സി.ഐ. കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസും കൊയിലാണ്ടി, വടകര ഭാഗങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. നന്ദകുമാർ നാട്ടിൽ കൂലിപ്പണി ചെയ്തുവരികയാണ്. ഈ മാസം ഒമ്പതിനാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിൽ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ഒഴിവിലേക്ക് നിയമിക്കപ്പെട്ടത്.
നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടർന്നുള്ള അഭിപ്രായവ്യത്യാസവുമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.സുജാതയാണ് കൃഷ്ണപ്രിയയുടെ അമ്മ. സഹോദരൻ: യദുകൃഷ്ണൻ (വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് വിദ്യാർഥി).
Content Highlights:man burned young lady and himself using petrol