തിരുവനന്തപുരം
കേരളത്തിന്റെകൂടി ആവശ്യം പരിഗണിച്ച് മേൽനോട്ടസമിതിയുടെ സമ്മതത്തോടെയേ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് നേട്ടം. മുന്നറിയിപ്പില്ലാതെ അർധരാത്രിയിലും പുലർച്ചെയും തമിഴ്നാട് അണക്കെട്ട് തുറക്കുന്നത് തടയണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ട് തുറക്കുന്നത് തീരുമാനിക്കാൻ പ്രത്യേക സമിതിയെ വയ്ക്കണമെന്നും ആവശ്യപ്പെട്ടു. പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നും മേൽനോട്ട സമിതിതന്നെ പരിശോധിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അർധരാത്രിയിലും പുലർച്ചെയുമടക്കം അണക്കെട്ട് തുറന്നുവിട്ടതിന്റെ പ്രത്യാഘാതങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് കേരളം അപേക്ഷ നൽകിയത്. പെരിയാറിന്റെ ഇരുകരകളിലും വെള്ളം കയറിയതും പലവീടുകളിലെയും താമസക്കാർ ഒഴിഞ്ഞുപോകേണ്ടി വന്നതും കോടതിയിൽ വ്യക്തമാക്കി. അതുൾക്കൊണ്ടാണ് കേരളത്തിന്റെ ആവശ്യംകൂടി പരിഗണിച്ച് മേൽനോട്ടസമിതി അണക്കെട്ട് തുറക്കാൻ നേതൃത്വം വഹിക്കണമെന്ന് ഉത്തരവിട്ടത്.
റൂൾ കർവ് 142 അടിയായതിനാൽ അതിനു മുകളിലേക്ക് ജലനിരപ്പ് ഉയരുന്നതിൽ മാത്രമാണ് ആശങ്ക. ഇക്കാര്യങ്ങൾ നിരീക്ഷിച്ച് ഇരു സംസ്ഥാനത്തിനും മേൽനോട്ട സമിതിയെ വിവരം ധരിപ്പിക്കാം.കോടതി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടും പല മാധ്യമങ്ങളും ഉത്തരവ് കിട്ടാൻ കാത്തുനിൽക്കാതെ, കോടതിയുടേത് കേരളത്തിനെതിരായ നിലപാടാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിച്ചു. ഇരുസംസ്ഥാനങ്ങളുടെയും വാദത്തിനിടെയുള്ള കോടതിയുടെ പരാമർശങ്ങൾ ചേർത്തായിരുന്നു വാർത്തകൾ. മേൽനോട്ട സമിതിക്ക് പരിഹരിക്കാമെന്നിരിക്കെ അടിക്കടി തങ്ങളെ സമീപിക്കേണ്ടെന്ന് നിർദേശിക്കുകയായിരുന്നു കോടതി.