കട്ടപ്പന> കുട്ടികളില്ലാത്തതിനാല് താഴുവീണെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്ത്തെണീറ്റ ഇരട്ടയാര് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂള് വീണ്ടും ശ്രദ്ധയിലേക്ക്. പത്തുവര്ഷത്തിലേറെയായി ആണ്-പെണ് വ്യത്യാസമില്ലാതെ ജെന്ഡര് ന്യൂട്രല് യൂണിഫോം നടപ്പാക്കുന്നുവെന്ന ഖ്യാതിയാണ് ഇപ്പോള് സ്കൂളിനെ തേടിയെത്തുന്നത്. ജെന്ഡര് യൂണിഫോമിന്റെ കാര്യത്തില് ചിലര് വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തന്റെ മണ്ഡലത്തില് ഒരു സ്കൂള് കാലത്തിനുമുന്നേ നടന്നുവെന്ന് മുന്മന്ത്രി കൂടിയായ എം എം മണി എംഎല്എ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്.
സ്കൂള് നിലവില് വന്നതുമുതല് ആണ്-പെണ് വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. ആര്ക്കും പരാതിയും പരിഭവവുമില്ലെന്നും എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 1524 വിദ്യാര്ഥികള് ഈ സ്കൂളില് ഇപ്പോള് പഠിക്കുന്നു. കൂടാതെ പ്രീപ്രൈമറി വിഭാഗവുമുണ്ട്. ഏറെ പരീക്ഷണങ്ങള് പിന്നിട്ടാണ് സ്കൂള് ഇന്നത്തെ നിലയിലെത്തിയത്. കുട്ടികള് കുറഞ്ഞ് 1983-ല് സ്കൂള് പൂട്ടിപ്പോയി. പിന്നീട് 2006-ല് ജില്ലാ പഞ്ചായത്ത് സിബിഎസ്ഇ സ്കൂളായി ആരംഭിച്ചു.
സിബിഎസ്ഇ സ്കൂള് നടത്താന് ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്ന് പിന്നീടാണ് അറിയുന്നത്. തുടര്ന്ന് നിയമപ്രശ്നങ്ങളായി. രക്ഷിതാക്കളും പിടിഎയും ഹൈക്കോടതിയെ സമീപിച്ചു. ഉടുമ്പന്ചോല എംഎല്എയായിരുന്ന കെ കെ ജയചന്ദ്രന്റെ നിരന്തര ഇടപെടലിനെ തുടര്ന്ന് 2011ല് സ്കൂള് സംസ്ഥാന സര്ക്കാര് എറ്റെടുത്തു. ആദ്യം ദിവസവേതനക്കാരായ അധ്യാപകരെ ഉള്പ്പെടുത്തിയായിരുന്നു പ്രവര്ത്തനം. 2006ല് സ്കൂള് വീണ്ടും തുടങ്ങിയപ്പോഴുള്ള യൂണിഫോമാണ് സര്ക്കാര് ഏറ്റെടുത്തശേഷവും തുടരുന്നത്.
ഈ യൂണിഫോം മതിയെന്ന് പിടിഎ തീരുമാനിക്കുകയായിരുന്നു.
സ്കൂള് സര്ക്കാര് ഏറ്റെടുത്തിട്ടും ഉമ്മന്ചാണ്ടി സര്ക്കാര് അധ്യാപകരെ നിയമിച്ചിരുന്നില്ല. നാലുവര്ഷം 18 അധ്യാപകര്ക്ക് പിടിഎ ശമ്പളം നല്കേണ്ടിവന്നു. പിന്നീട് പിടിഎയും മുന് എംഎല്എ കെ കെ ജയചന്ദ്രനും ഇടപെട്ടാണ് വി എസ് അച്യുതാനന്ദന് സര്ക്കാരിന്റെ കാലത്ത് 13 അധ്യാപകരെ നിയമിച്ചത്. ബുധന് ദിവസങ്ങളില് അധ്യാപകരും വിദ്യാര്ഥികളും ഖാദിവസ്ത്രമാണ് ഉപയോഗിച്ചിരുന്നത്. 2017 വരെ ഖാദി കുര്ത്തയും ഖാദി പാന്റും അധ്യാപകരും കുട്ടികളും ധരിച്ചിരുന്നു. എന്നാല്, ഒരു സ്കൂളില് ഒരു യൂണിഫോം എന്ന ബാലാവകാശ കമീഷന്റെ കമീഷന്റെ ഉത്തരവിറങ്ങിയതോടെയാണ് ഇത് നിന്നത്.