പരമാവധി മാസ്ക് ധരിക്കാതെ സഞ്ചരിക്കാൻ ശ്രമിക്കാറില്ല ആദം ജെന്നിയ്ക്ക് പക്ഷെ ഫോർട്ട് ലോഡർഡേൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് അടുത്തിടെ യാത്ര പോവേണ്ടി വന്നപ്പോൾ മാസ്ക് ധരിക്കേണ്ടതായി വന്നു. അമേരിക്കയിലെ വിമാനയാത്രക്ക് മാസ്ക്ക് നിർബന്ധമായി ധരിക്കേണ്ടതാണ്. ആദം ജെന്നി നിയമം പാലിച്ചു. പക്ഷെ, മാസ്കിന് പകരം ഡിസൈനർ അടിവസ്ത്രമായ തോങ്സ് മുഖത്ത് ധരിച്ചാണ് ആദം വിമാനത്തിൽ കയറിയത്. ആദം ജെന്നിയുടെ അസ്വാഭാവികമായ ‘മാസ്ക്’ ശ്രദ്ധയിൽപെട്ട വിമാന ജീവനക്കാരിൽ ഒരാൾ യഥാർത്ഥ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു. അതിനു ആദം കൂട്ടാക്കാതെ വന്നതോടെ വിമാനത്തിൽ നിന്നിറങ്ങാൻ ജീവനക്കാർ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
എന്തിനാണ് താൻ വിമാനത്തിൽ നിന്നും ഇറങ്ങേണ്ടത് ജെന്നി ജീവനക്കാരനോട് ചോദിച്ചപ്പോൾ, ‘മാസ്‌ക് നിയമം പാലിക്കാത്തത്’ കാരണമാണെന്ന് അറ്റൻഡർ പറയുന്നത് കാണാം. എന്നാൽ ഈ സമയം മുഴുവനും ജെന്നി തന്റെ മൂക്കും വായും അടിവസ്ത്രം കൊണ്ട് മറച്ചിരുന്നു. കൂടുതൽ തർക്കിക്കാതെ ഒടുവിൽ ജെന്നി വിമാനം വിട്ടിറങ്ങി.
എന്നാൽ പിന്നീട് ഇത് തികച്ചും അസംബന്ധമാണ് എന്ന് ജെന്നി NBC 2നോട് പറഞ്ഞു. താൻ മുൻപ് ഒരു ഡസനോളം പ്രാവശ്യം തോങ് മാസ്കായി ധരിച്ച് വിമാനയാത്ര നടത്തിയിട്ടുണ്ട് എന്നും ജെന്നി പറഞ്ഞു. “ഓരോ വിമാനയാത്രയ്ക്കും ഫ്ലൈറ്റ് ക്രൂവിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങൾ ലഭിച്ചു. ചിലർ ചിരിച്ചു തള്ളുമ്പോൾ, മറ്റു ചിലർ കൊമ്പുകോർക്കാൻ വരും”, ജെന്നി പറയുന്നു.
സംഭവത്തിന് പിന്നാലെ എയർലൈൻ കമ്പനിയും പ്രസ്താവന ഇറക്കി. “ഉപഭോക്താവ് വ്യക്തമായും ഫെഡറൽ മാസ്‌ക് നിയമം പാലിച്ചിരുന്നില്ല” എന്നാണ് ജെന്നിയെ പുറത്താക്കിയതിന് വിമാനകമ്പനിയുടെ വിശദീകരണം. തന്നെ പുറത്താക്കിയതിന് ശേഷം നിരവധി യാത്രക്കാർ തന്നെ പിന്തുണച്ച് വിമാനത്തിൽ നിന്നിറങ്ങി എന്ന് ജെന്നി പറഞ്ഞു.