വടകര > വടകര താലൂക്ക് ഓഫീസ് തീപീടിത്തത്തില് പ്രധാനപ്പെട്ട അനേകം രേഖകള് അഗ്നിക്കിരയായി. ചരിത്ര രേഖകള്, താലൂക്കിലെ 28 വില്ലേജുകളിലെ ഭൂരേഖ സംബന്ധമായ രേഖകള്, സര്വേ റെക്കോഡുകള്, ബില്ഡിങ്ങ് പെന്ഷന് ഉള്പ്പടെയുളള രേഖകള് പൂര്ണമായും കത്തിനശിച്ചു. കുറച്ച് രേഖകള് വെള്ളത്താല് നനഞ്ഞ് തിരികെ എടുക്കാന് കഴിഞ്ഞെങ്കിലും എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് പറയാന് കഴിയില്ല. 1992 മുതലുള്ള ഡിജിറ്റല് രേഖകള് വീണ്ടെടുക്കാന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് സംഭവ സ്ഥലം സന്ദര്ശിച്ച ജില്ലാ കലക്റ്റര് നരസിന്ഹു ഗരി ടി എല് റെഡ്ഡി പറഞ്ഞു.
വെള്ളിയാഴ്ച പുലര്ച്ചെ അഞ്ചരയോടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. താലൂക്കിലെ മുഴുവന് രേഖകളും, ജീവനക്കാരുടെ സര്വ്വീസ് രേഖകളടക്കം സൂക്ഷിക്കുന്ന സര്വേ റിക്കാര്ഡ് റൂമിന്റെ ഭാഗത്തു നിന്നാണ് ആദ്യം തീ പടര്ന്നു പിടിച്ചത്. പഴയ ഡിഇഒ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലിക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തീ പടര്ന്ന് പിടിക്കുന്നത് കണ്ടത്. ഇവര് സമീപത്തുള്ള കോടതി സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളും തൊട്ടടുത്ത് പ്രവര്ത്തിക്കുന്ന വടകര സബ്ബ് ജയില് അധികൃതരുമാണ് ഫയര് ഫോഴ്സിനെയും പൊലീസിനേയും വിവരം അറിയിച്ചത്. കാലത്ത് 11 മണിയോടെയാണ് തീ പൂര്ണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. വടകര, തലശ്ശേരി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ സ്റ്റേഷനുകളില് നിന്നായി ഒമ്പതോളം ഫയര് യൂണിറ്റുകളാണ് തീ അണച്ചത്.
150 വര്ഷത്തിലേറെ ഓടിട്ട പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചു മാറ്റാന് നിര്ദേശം ഉണ്ടായിരുന്നെങ്കിലും പൈതൃക സ്മാരകമാക്കി നിലനിര്ത്താന് 2017- 18 കാലഘട്ടത്തില് അറ്റകുറ്റ പണികള് നടത്തിയിരുന്നു.
തീപിടിത്തത്തെ സംബന്ധിച്ച വിവരങ്ങള് ശേഖരിക്കാന് കെഎസ്ഇബി അധികൃതര് സ്ഥലം സന്ദര്ശിച്ചു. ഷോര്ട്ട് സര്ക്യൂട്ട് സംബന്ധിച്ചാണോ തീ പിടുത്തമുണ്ടായതെന്ന് പ്രാഥമിക പരിശോധനയില് കണ്ടെത്താനായിട്ടില്ലെന്നും, കൂടുതല് പരിശോധന നടത്തുമെന്നും വടകര ഇലക്ട്രിക്കല് സബ്ബ് ഡിവിഷന് ചീഫ് എന്ജിനീയര് പി പി മനോജന് വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎല്എമാരായ കെ കെ രമ, ഇ കെ വിജയന്, കെ പി കുഞ്ഞമ്മദ് കുട്ടി, നഗരസഭാ ചെയര്പേഴ്സണ് കെ പി ബിന്ദു, വൈസ് ചെയര്മാന് പി കെ സതീശന് മാസ്റ്റര് തുടങ്ങിയവര് സ്ഥലം സന്ദര്ശിച്ചു.