കൊച്ചി: കണ്ണൂർ വി.സി നിയമനം ചോദ്യംചെയ്ത് നൽകിയ അപ്പീലിൽ ചാൻസലർക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. പ്രത്യേക ദൂതൻവഴിയാണ് നോട്ടീസ് അയക്കുക. സർക്കാരിനും യൂണിവേഴ്സിറ്റിക്കും നേരിട്ടും കോടതി നോട്ടീസ് നൽകി. ഇത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിച്ചത്.
വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് നോട്ടീസ് നൽകിയിട്ടില്ല. ഹർജിയുടെ പകർപ്പ് ആവശ്യപ്പെട്ടാൽ നൽകുമെന്നും കോടതി വ്യക്തമാക്കി. ക്രിസ്മസ് അവധിക്ക് ശേഷം അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനം നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പുനർ നിയമനത്തിൽ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെയാണ് അപ്പീലിൽ ചോദ്യം ചെയ്യുന്നത്. ക്വാ വാറന്റോ ഹർജി തള്ളിയതിനെതിരേ സർവകലാശാലാ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരിക്കുന്നത്.
ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമില്ലെന്നാണ് അപ്പീലിൽ പറയുന്നത്. അതിനാൽ യു.ജി.സി. മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റി. 60 വയസ്സ് കഴിഞ്ഞയാളെ വി.സി.യായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനർ നിയമന കാര്യത്തിൽ പ്രായം ബാധകമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ തെറ്റാണെന്നും അപ്പീലിൽ പറയുന്നു.
Content Highlights:Kannur V.C. Appointment: High Court will send a notice to the Chancellor