വൈത്തിരി (പി കുഞ്ഞിക്കണ്ണൻ നഗർ)
സംസ്ഥാനത്ത് വികസനം തടയാൻ പ്രതിപക്ഷം വർഗീയ കൂട്ടായ്മ ഉണ്ടാക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘൻ പറഞ്ഞു. സിപിഐ എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഇരുട്ടിൽ നിലകൊണ്ടാൽ മതി എന്നാണ് പ്രതിപക്ഷ നിലപാട്. എന്നാൽ പുതിയ തലമുറയ്ക്കുവേണ്ടിയുള്ള വികസനക്കുതിപ്പിനെ ഇല്ലാതാക്കാൻ നാട് അനുവദിക്കില്ല. കെ റെയിലിന്റെ അർധ അതിവേഗ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് എംപിമാർ കേന്ദ്രത്തിന് കത്തുനൽകുന്നത് കമ്യൂണിസ്റ്റ് വിരോധംകൊണ്ടു മാത്രമാണ്. ഒരു സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാൻ എംപിമാർ മുൻകൈയെടുക്കുന്നത് കേരളത്തിലെ ആദ്യസംഭവമാണ്.
സംസ്ഥാന പുരോഗതിക്ക് തടസ്സം നിൽക്കുന്നവർ കുറച്ചു നാൾ കഴിഞ്ഞാൽ വീണ്ടും ജനങ്ങളെ കാണേണ്ടിവരുമെന്ന് ഓർക്കണം. വികസന വഴിയിൽ വേഗത്തിൽ സഞ്ചരിക്കുകയാണ് കേരളം. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളി അതിജീവിക്കാൻ കേരളം ശ്രമിക്കുമ്പോൾ അത് ഇല്ലാതാക്കാനാണ് പ്രതിപക്ഷ ശ്രമം.
തീവ്ര വർഗീയതയുമായി സമൂഹത്തെ രണ്ടായി തിരിക്കാൻ ബിജെപിയും സംഘപരിവാറും ശ്രമിക്കുമ്പോൾ അതിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് ലീഗ്. സമൂഹത്തെ വർഗീയവൽക്കരിച്ച് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് ബിജെപിയും ലീഗും കോൺഗ്രസുമെല്ലാം നോക്കുന്നത്. ഇത് കമ്യൂണിസ്റ്റുകാർ അനുവദിക്കില്ല.
രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം വേണമെന്നാണ് രാഹുൽഗാന്ധി പറയുന്നത്. ഭരണഘടനാ സംവിധാനവും മതനിരപേക്ഷതയും ബഹുസ്വരതയുമെല്ലാം തകർക്കപ്പെടുമ്പോൾ രാജ്യത്തിന്റെ തകർച്ചയാണ് ഉണ്ടാവുന്നതെന്ന തിരിച്ചറിവ് കോൺഗ്രസിനില്ലെന്നും വിജയരാഘവൻ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ രാധാകൃഷ്ണനും ചടങ്ങിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ അധ്യക്ഷനായി.