തിരുവനന്തപുരം: സ്വയം നീക്ഷണത്തിൽ കഴിയുന്ന ഹൈ റിസ്ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴ് ദിവസം ക്വാറന്റീനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാൽ ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരും ജാഗ്രത പാലിക്കണം. സ്വയം നിരീക്ഷണ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വയം നീക്ഷണത്തിൽ കഴിയുന്ന ഹൈ റിസ്ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ ആരും അലംഭാവം കാണിക്കരുത്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാൽ ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വയം നിരീക്ഷണ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതാണ്.
എന്താണ് സ്വയം നിരീക്ഷണം?
· വീടുകളിലും പുറത്ത് പോകുമ്പോഴും എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോഗിക്കേണ്ടതാണ്.
· ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ പ്രായമായവരുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും കുട്ടികളുമായും ഈ ദിവസങ്ങളിൽ അടുത്ത സമ്പർക്കം പുലർത്തരുത്.
· സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.
· ആൾക്കൂട്ടമുള്ള പൊതുപരിപാടികൾ, ചടങ്ങുകൾ, പൊതു ഗതാഗതം എന്നിവ ഒഴിവാക്കണം.
· എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.
· കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
· ഷേക്ക് ഹാൻഡ് ഒഴിവാക്കുക.
· രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ക്വാറന്റൈനിലാകുകയും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം.
സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
content highlights:omicron, do not be careless says health minister