കൊച്ചി: സി.പി.എം എറണാകുളംജില്ല സമ്മേളനത്തിലെ ഇറങ്ങിപ്പോക്കിൽ പ്രതികരണവുമായി പി.എൻ ബാലകൃഷ്ണൻ. സി.പി.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി പി.എൻ ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പാർട്ടികമ്മറ്റികളിൽ നിന്ന് ഒഴിവാക്കുന്നത് സ്വാഭാവികമാണ്. പക്ഷെ അങ്ങനെ ഒഴിവാക്കപ്പെടുന്നതിന് ഒരു കാരണം വേണം. അത്തരത്തിൽ ഒരു കാരണവും ഇല്ലാതെയാണ് തന്നെ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയത്.
ഇന്നുവരെ ഒരു നടപടിയും തന്റെ പേരിലുണ്ടായിട്ടില്ല. 51 വർഷമായി പാർട്ടി അംഗത്വത്തിൽ വന്നിട്ട്. എന്തിനാണ് ഒഴിവാക്കിയത് എന്ന് പാർട്ടി ജില്ല സെക്രട്ടറിയോട് ചോദിച്ചിട്ടും അദ്ദേഹത്തിന് പറയാൻ സാധിക്കുന്നില്ല.
സി.പി.എം ജില്ല സെക്രട്ടറി സി.എൻ മോഹനന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ജില്ലാകമ്മറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണം. മോഹനന്റെ വീഴ്ചകൾ താൻ പാർട്ടി കമ്മറ്റിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഇപ്പോൾ തന്നെ കറിവേപ്പില പോലെ ഉപേക്ഷിച്ചു.
ഇനി പാർട്ടി അംഗത്വത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിയുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കുകയാണ്. പാർട്ടി അനുഭാവിയായി കൃഷിയൊക്കെ നോക്കി ഇനിയുള്ള കാലം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പി.എൻ ബാലകൃഷ്ണൻ പറഞ്ഞു.
Content Highlights: Ernakulam, CPIM, PN Balakrishnan