കഴിഞ്ഞ നവംബറിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വളയൻചിറങ്ങര സർക്കാർ ലോവർ പ്രൈമറി സ്കൂളിൽ ജെന്റർ ന്യൂട്രൽ യൂണിഫോം ആദ്യമായി നടപ്പിലാക്കിയത്. അന്ന് സ്കൂൾ അധികൃതരുടെ നടപടി അഭിനന്ദിച്ച് ആശംസകൾ വന്നു. എന്നാൽ ഒരു മാസത്തിനിപ്പുറം കോഴിക്കോട് ബാലുശ്ശേരി സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ ഇതേ മാറ്റം വിവാദത്തിലായി.
കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയത് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സർക്കാർ നയങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ പുതിയ സംവിധാനത്തെ എതിർത്തു കൊണ്ട് വരികയും പ്രിൻസിപ്പാളിനെ ഖരാവോ ചെയ്യുകയുമുണ്ടായി. വാസ്തവത്തിൽ എന്താണ് സ്കൂൾ നടപ്പിലാക്കിയത്? എന്തിനെയാണ് രാഷ്ട്രീയ സംഘടന നേതാക്കൾ എതിർക്കുന്നത്?
എന്നുമുതൽക്കാണ് കോട്ട് പെൺകുട്ടികളുടെ യൂണിഫോമിന്റെ ഭാഗമായി തീർന്നത്? കാലങ്ങളായി നിലനിന്നിരുന്ന യൂണിഫോം സമ്പ്രദായങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നത് 2010 മുതൽക്കാണെന്ന് പറയേണ്ടതായുണ്ട്. പെൺകുട്ടികളുടെ യൂണിഫോമിലുണ്ടായിരുന്ന ഷോൾ മാറി കോട്ട് വന്നതു മുതൽ.
“എന്തുകൊണ്ട് ഞങ്ങൾക്ക് മാത്രം ഈ വ്യത്യാസം?”
മുമ്പ് ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികളുടെ യൂണിഫോം ചുരിദാറും ഓവർകോട്ടുമായിരുന്നു എന്നാണ് പ്രിൻസിപ്പാൾ ഇന്ദു പറയുന്നത്. ആൺകുട്ടികൾ ഷർട്ടും പാന്റും ധരിച്ചിരുന്നു. പിന്നീടെപ്പോഴാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ച രീതികളിലേക്ക് മാറിയത് എന്ന് അറിയില്ലെന്ന് ടീച്ചർ തന്നെ പറയുന്നു. ‘ഇപ്പോഴുള്ള പ്ലസ്ടു കുട്ടികൾ ചുരിദാറാണ് ധരിക്കുന്നത്. അവര് തന്നെയാണ് ഈ യൂണിഫോമം ധരിക്കുന്നത് കംഫർട്ടല്ല എന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം ഈ കോട്ടെല്ലാം ധരിപ്പിച്ച് നടത്തുന്നത് എന്ന് പെൺകുട്ടികൾ തന്നെ ചോദ്യം ഉയർത്തുകയുണ്ടായി. അപ്പോഴാണ് ഞങ്ങൾ ടീച്ചർമാരുടെ ഇടയിൽ ഇതിനെ കുറിച്ച് ചർച്ചകൾ ഉണ്ടാകുന്നത്. അങ്ങനെ മാറി ചിന്തിക്കാമെന്ന് തോന്നുകയും പിടിഎയിൽ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്തു. ചർച്ചയിൽ അവർ പൂർണമായി പിന്തുണച്ചതോടെ യൂണിഫോം മാറ്റാം എന്നുള്ള കാര്യത്തിൽ തീരുമാനമായി.’
കുട്ടികൾ തന്നെ മുൻകൈ എടുത്തൊരു കാര്യം, അവർ അത്രക്ക് സ്വപ്നം കണ്ട് നടപ്പിൽ വരുത്തിയ കാര്യം. ഭൂരിഭാഗം കുട്ടികളും പുതിയ രീതിയിൽ യൂണിഫോം ധരിച്ചെത്തുന്നതിൽ വരെ കാര്യങ്ങളെത്തുകയും ചെയ്തു. പക്ഷേ, കുട്ടികളുടെ വസ്ത്ര സ്വാതന്ത്ര്യം പിന്നീട് വിവാദങ്ങളിലേക്ക് വഴിമാറി. മതസംഘടനകളാണ് ആദ്യം കുട്ടികളിലെ ജെന്റർ ന്യൂട്രാലിറ്റി യൂണിഫോമിനെതിരെ രംഗത്ത് വരുന്നത്. ചില രക്ഷിതാക്കൾ പുതിയ നയത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു മതസംഘടനകളുടെ ആരോപണം.
എന്നാൽ രണ്ട് രക്ഷിതാക്കൾ മാത്രമാണ് ആശങ്ക പ്രകടിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ പറയുന്നു.
‘രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ ഫോണിൽ വിളിച്ച് അവരുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. അവരോട് നിങ്ങൾക്ക് താൽപര്യമുള്ള രീതിയിൽ യൂണിഫോം തയ്യാറാക്കാം എന്ന ഉറപ്പും നൽകിയിട്ടുണ്ട്. കൈ ഇറക്കം കൂട്ടണമെങ്കിൽ കൂട്ടാം. കുറക്കണമെങ്കിൽ അതുമാകാം. ചുരിദാർ ധരിക്കാം അല്ല കോട്ട് ഇടണമെങ്കിൽ അതുമാകാം എന്ന തരത്തിലാണ് സംസാരിച്ചത്. അവരാരും തന്നെ സ്കൂളിൽ വന്ന് പരാതി എഴുതി നൽകിയിട്ടില്ല.’– ഇന്ദു ടീച്ചർ പറയുന്നു.
പ്രതിഷേധ പ്രകടനവുമായി വന്നവരിൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാക്കൾ പോലും ഉണ്ടായിരുന്നില്ല. അതിനുപുറമെ ഒരു സ്ത്രീയും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല എന്നും ഈ അധ്യാപിക കൂട്ടിച്ചേർത്തു.
പലരും പറയുന്നതുപോലെ ശിരോവസ്ത്രം ധരിക്കാതിരിക്കാനൊന്നും സ്കൂൾ നിർബന്ധിച്ചിട്ടില്ല എന്നും അവർ വ്യക്തമാക്കി.
‘ശിരോവസ്ത്രം ധരിക്കരുത് എന്ന് സ്കൂൾ പറഞ്ഞിട്ടില്ല. പാന്റും ഷർട്ടും ധരിച്ചെത്തിയ വിദ്യാർത്ഥികൾ തന്നെ ഇപ്പോൾ ശിരോവസ്ത്രം ധരിക്കുന്നുണ്ട്. അവർ ഷോളും മഫ്തയും ധരിക്കുന്നുണ്ട്. അത്തരമൊരു വിലക്കും സ്കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.’
‘സ്കൂളിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈയൊരു കാലത്ത് ഒരു മാറ്റം അനിവാര്യമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും കംഫർട്ട് ആയിട്ടുള്ളൊരു ഡ്രസിംഗ് രീതി ആയതു കൊണ്ട് അതിൽ പ്രശ്നങ്ങളൊന്നുമില്ല. കുട്ടികളുടെ ഭാഗത്ത് നിന്നും ഈ തീരുമാനത്തോട് മികച്ച പ്രതികരണമാണുണ്ടായത്. മറ്റ് സംഘടനകളെല്ലാം അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ചില പ്രശ്നം ഉണ്ടാക്കുന്നതാണ്. കുട്ടികളോടെല്ലാം അഭിപ്രായം ചോദിച്ച സമയത്ത് അവർക്കെല്ലാം കംഫർട്ടായ ഡ്രസാണെന്നാണ് പറഞ്ഞത്. കുട്ടികളുടെ മാതാപിതാക്കളോടും സംസാരിച്ചിരുന്നു. അവർക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്.’– എസ്എഫ്ഐ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി മെമ്പറുമായ വിഷ്ണു പറയുന്നു.
‘ഇടതുപക്ഷത്തിന്റെ നവലിബറൽ നയം എന്ന ഓമനപേരിട്ട് നടത്തുന്ന പല പദ്ധതികളുടേയും ഔദ്യോഗിക രംഭമാണ് ഇത്തരം ചെറിയ അനക്കങ്ങളിലൂടെ തുടക്കം കുറിക്കുന്നത് എന്ന് സംശയിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊക്കെ അവരുടെ ജൈവശാസ്ത്രപരമായ യാഥാർത്ഥ്യം ഉൾകൊണ്ടുകൊണ്ടുള്ള വസ്ത്രധാരണ രീതികൾ തന്നെ അവലംബിക്കേണ്ടതാണ്, അത് ഏതെങ്കിലും തരത്തിൽ അവർക്ക് സുരക്ഷിതക്കുറവ് ഉണ്ടാക്കിയിട്ടില്ല എന്ന് ബോധ്യമുള്ള കാലത്തോളം. പിന്നെ സമൂഹത്തിൽ ശാന്തമായി നീങ്ങുന്ന വ്യവസ്ഥകളെ പോലും പുതിയ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് സങ്കീർണമാക്കുന്നത് കേരളത്തിന്റെ സാമൂഹ്യ പരിസരത്ത് വലിയ പ്രയാസം സൃഷ്ടിക്കും. അതുകൊണ്ട് ഇത്തരം ചർച്ചകളിൽ നിന്ന് അധികൃതർ സമ്പൂർണ ആലോചനയോഗം വീണ്ടും വിളിച്ച് ചേർത്ത് രക്ഷിതാക്കളുടേയും കുട്ടികളുടേയും ഒക്കെ അഭിപ്രായങ്ങൾ സ്വീകരിച്ചുവേണം തുടർ നടപടികളിലേക്ക് കടക്കേണ്ടത്.’–കോഴിക്കോട് ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് പറയുന്നു.
‘ഈ ആരോപണങ്ങളെയെല്ലാം കേവലം ഒരു ചെറിയ കാര്യമായി കാണാൻ കഴിയില്ല. സ്കൂളിനകത്ത് എന്ന് മാത്രമല്ല, പൊതുസമൂഹത്തിലെല്ലാം തന്നെ സ്ത്രീകൾ പുരോഗമനപരമായി എന്ത് ചുവട് വെക്കുന്ന സമയത്തും പല തരത്തിലുള്ള എതിർപ്പുകളും പിന്തിരിപ്പൻ സാമുദായിക മത സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരു പ്രതിഫലനം തന്നെയാണ് കഴിഞ്ഞ ദിവസം അവിടെ നടത്തിയിട്ടുള്ള സമരവും പ്രിൻസിപ്പാളിനെ ഖരാവോ ചെയ്യാനുണ്ടായിട്ടുള്ള സാഹചര്യവും. ഇത് കേവലമൊരു കുട്ടിയുടെ രക്ഷിതാവ് പരാതിപ്പെട്ടു എന്നതല്ല കാര്യം, മറിച്ച് ഇതിന്റെ വേരുകളിലേക്ക് പോകുകയാണെങ്കിൽ സ്ത്രീകൾക്ക് നേരെ ഏതെല്ലാം തരത്തിൽ കടന്നാക്രമണങ്ങൾ പോലെ മറ്റൊന്നാണ് ഈ സമരവും. ഇത്തരത്തിലൊരു ആശയം മുന്നോട്ട് വെച്ച സമയത്ത് കുട്ടികളോടെല്ലാം അഭിപ്രായം ചോദിച്ചിരുന്നു. എല്ലാവരും കൈ പൊന്തിച്ച് കൂടെ നിൽക്കുകയാണ് ചെയ്തത്. ചില കുട്ടികൾക്ക് അതിനോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല. ആശങ്കകൾ ഉള്ളവരോട് നിങ്ങൾക്ക് കോട്ട് ധരിക്കണമെങ്കിൽ അങ്ങനെ ചെയ്യാമെന്നും അത് അടിച്ചേൽപ്പിക്കില്ല എന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ഏത് രീതിയിലും ധരിച്ചിടാമെന്നും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെയുള്ള പാന്റും ഷർട്ടും ഇട്ട് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും അറിയിച്ചിരുന്നു. കുട്ടികളുടെ ഇഷ്ടം പോലെ പാന്റും ഷർട്ടും ധരിക്കാമെങ്കിൽ അങ്ങനെ ചെയ്യാമെന്നും അതല്ല ചുരിദാറിടണമെങ്കിൽ അതുമാകാമെന്നും കുട്ടികളോട് പറഞ്ഞിട്ടുണ്ട്. ജനാധിപത്യ രീതിയിൽ തന്നെയായിരുന്നു വിഷയം അവതരിപ്പിച്ചത്. കുട്ടികൾക്ക് കിട്ടിയ ഈ ഒരു അവസരം അവരത് ആഘോഷപൂർവ്വം തന്നെയാണ് ഏറ്റെടുത്തത്. അവർ പുറത്ത് പോകുമ്പോൾ ധരിക്കുന്ന അവരുടെ ഇഷ്ടവസ്ത്രം അവർക്ക് കംഫർട്ടിബിളാകുന്ന വസ്ത്രം യൂണിഫോമിലും കൊണ്ടുവന്നു. ഏതൊരു പുരോഗമന നടപടികളേയും എതിർക്കാമെന്ന് കരുതുന്നത് പോലെ ഇതിനേയും എതിർക്കാനെത്തി എന്നേ ഉള്ളൂ. പക്ഷേ, കുട്ടികളെല്ലാം തന്നെ സഹകരിച്ച് കൂടെ നിന്നു.’– ബാലുശ്ശേരി ഗവൺമെന്റ് സ്കൂളിലെ മദർ പിടിഎ ചെയർപേഴ്സണായ അഡ്വ. അഭിജയുടെ വാക്കുകളാണിത്.
നാളെ മുതൽ ആൺകുട്ടികൾ പാവാട ഇടാനും സർക്കാർ തീരുമാനം എടുക്കുമോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്, ‘പണ്ട് സ്ത്രീകളോട് ചോദിക്കാറുണ്ടായിരുന്നു പെണ്ണേ നിനക്ക് തെങ്ങ് കയറാൻ പറ്റ്വോ, ഞങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യാൻ പറ്റ്വോ എന്നെല്ലാം. പക്ഷേ, ഇന്നത് ചോദിക്കില്ലല്ലോ. ഇവിടെ പാന്റ് സ്വീകരിക്കാൻ കാരണം അതിന്റെ കംഫർട്ടബിളിറ്റി ഒന്നുകൊണ്ട് മാത്രമാണ്. വളരെ സ്വതന്ത്രമായ ഒരു വസ്ത്രം. അതല്ലാതെ ആണിന്റെ വസ്ത്രമാണെന്ന് പറഞ്ഞ് കാണേണ്ട കാര്യമില്ല. ആണിന്റെ വസ്ത്രമാണ് പെണ്ണിനെ അടിച്ചേൽപ്പിച്ചത് എന്നു പറയുന്നവരോട് പാന്റ് ആണിന്റെ വസ്ത്രമാണെന്ന് പറഞ്ഞതാരാണ്?’– അഭിജ ചോദിക്കുന്നു.
‘കംഫർട്ടല്ലാത്ത പാവാടയും ചുരിദാറും ഉപേക്ഷിച്ചാണ് പാന്റിലേക്ക് മാറുന്നത്. എന്നാൽ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രം ധരിക്കാൻ അവരെ വീണ്ടും നിർബന്ധിക്കുകയല്ലേ ചെയ്യുന്നത്.’– അഭിജ പറയുന്നു
വിദ്യാർത്ഥികളുടെ മേൽ ഒരുതരത്തിലും യൂണിഫോം അടിച്ചേൽപ്പിക്കരുത് എന്നതാണ് എ.ബി.വി.പി നിലപാട് എന്ന് സംസ്ഥാന സെക്രട്ടറി ശ്രീഹരി പറയുന്നു. ‘വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും എടുത്തൊരു നിലപാട്, അതിനെ എതിർക്കേണ്ട കാര്യമില്ല എന്നാണ് എബിവിപിയുടെ അഭിപ്രായം. സ്കൂളിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ, അതിനെ ജെന്റർ ന്യൂട്രാലിറ്റി എന്ന് പറഞ്ഞ് കൊട്ടിഘോഷിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. മുമ്പ് പ്രൊഫഷണൽ കോളേജുകളിലൊക്കെ തന്നെയും പാന്റും ഷർട്ടും യൂണിഫോമായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പ്രചരണങ്ങൾ ജെന്റർ ഇക്വാലിറ്റി കൊണ്ടുവരിക എന്നതാണ്. എന്നാൽ അതിന് അവർ മൂന്ന് വയസു മുതൽ പ്രായമായവരെ പീഡിപ്പിക്കുന്ന ഈ നാട്ടിൽ അതില്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവരുടെ നേതാക്കന്മാര് മൊത്തം, അല്ലെങ്കിൽ നമുക്ക് മുന്നിൽ തന്നെ വാളയാർ, ഇടുക്കി പോലുള്ള സംഭവങ്ങൾ നിരവധിയുണ്ട്. പീഡനങ്ങൾ ഒഴിവാക്കാൻ വേണ്ടിയുള്ള നിലപാടുകളാണ് അവർ ആദ്യം സ്വീകരിക്കേണ്ടത്.’
‘വിദ്യാർത്ഥികൾക്കിടയിൽ എങ്ങനെ മതം വളർത്താമെന്നാണ് മുസ്ലിം മതമൗലികവാദികൾ ആലോചിക്കുന്നത്. വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും പിടിഎക്കും ആർക്കും പ്രശ്നമല്ലാത്ത ഒരു കാര്യമാണത്. അവിടെ ഇന്നലെ പല വിദ്യാർത്ഥികളുടേയും ബൈറ്റ് കണ്ടു. അതിലൊക്കെയും ഒരു വിദ്യാർത്ഥിയും യൂണിഫോം വേണ്ട എന്നോ കംഫർട്ട് അല്ലാ എന്നോ പറഞ്ഞിട്ടില്ല. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വസ്ത്രം വേണം. അവർക്ക് കംഫർട്ട് ആയ വസ്ത്രം വേണം. അതിൽ അവർ ഒകെയാണ്. അതിൽ ഈ മുസ്ലിം സംഘടനകൾ പ്രതിഷേധിക്കുന്നതിൽ വിലവെക്കേണ്ട കാര്യമില്ല. വിദ്യാർത്ഥികൾക്കും അവിടെ ഉള്ള ആൾക്കാർക്കും പ്രശ്നം അല്ല എങ്കിൽ പിന്നെ ആർക്കാണ് പ്രശ്നം?’–വിഷ്ണു ചോദിക്കുന്നു.
‘പിന്നെ അവർ പറയുന്നത് സമൂഹം അംഗീകരിച്ചു കൊടുത്തിരിക്കുന്ന ഒരു വസ്ത്ര ധാരണ രീതി ഉണ്ട് എന്നാണ്. അങ്ങനെയാണെങ്കിൽ പണ്ട് കേരളത്തിലെ പുരുഷന്മാർ ധരിച്ചിരുന്നത് മുണ്ടും തോർത്തുമുണ്ടുമായിരുന്നു. അതിന് മുമ്പ് ഒരു കാലത്ത് മേൽവസ്ത്രം ധരിക്കാതെ നടന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതിൽ നിന്നെല്ലാം മാറ്റം വരുത്തിയാണ് ഇന്ന് ഈ കാണുന്ന നിലയിലേക്ക് വന്നെത്തിയത്. അതിൽ പാശ്ചാത്യ സംസ്കാരം ഉണ്ടാകും, നമ്മുടെ സംസ്കാരം ഉണ്ടാകും. എല്ലാം ഇടകലർന്നാണ് ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. ഒരാൾക്ക് പ്രത്യേകിച്ച് കൽപ്പിച്ച് കൊടുത്ത വസ്ത്രം എന്നൊരു കാര്യമില്ല. കാലക്രമേണ അതെല്ലാം മാറ്റം വരുത്തേണ്ടതാണ്. മാറി കൊണ്ടിരിക്കുന്നതാണ്. അച്യുതമേനോൻ കാലത്ത് യൂണിഫോമിന് വേണ്ടി സമരം ചെയ്ത സംഘടനയാണ് എബിവിപി. യൂണിഫോമില്ലാതെ വരുന്ന സമയത്ത്, അസമത്വം ഇല്ലാതാക്കാൻ, വലിയവനെന്നോ ചെറിയവനെന്നോ തരംതിരിവ് കാണിക്കാതെ കുട്ടികൾക്കെല്ലാം ഒരേ കോഡ് വരണമെന്ന് മുന്നോട്ട് വെച്ചൊരു പ്രസ്ഥാനമാണ്. സ്കൂളിന്റെ പുതിയ തീരുമാനത്തിൽ കയ്യടി അർഹിക്കുന്നുണ്ട്. പക്ഷേ സർക്കാർ പറയുന്നതുപോലെ ജെന്റർ ന്യൂട്രാലിറ്റി ഇവിടെ നാളെ ഉണ്ടാകും അല്ലെങ്കിൽ ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായത് എന്നുള്ള കാഴ്ചപ്പാടിനോട് എബിവിപി അനുകൂലിക്കുന്നില്ല.’ –ശ്രീഹരി പറയുന്നു.
യൂണിസെക്സ് യൂണിഫോമിനെ സ്വാഗതം ചെയ്യേണ്ടതുണ്ടോ?
യൂണിസെക്സ് യൂണിഫോമിനെ സ്വാഗതം ചെയ്യേണ്ടതുണ്ട് എന്നാണ് കാലിക്കറ്റ് സർവ്വകലാശാല വനിത പഠനവിഭാഗം മുൻ മേധാവിയായിരുന്ന ഡോക്ടർ മോളി കുരുവിള പറയുന്നത്.
‘ബാലുശ്ശേരി സ്കൂളിൽ നടപ്പിലാക്കിയ യൂണി സെക്സ് യൂണിഫോം ഒരു പോസിറ്റീവ് മൂവാണ്. കേരളം പോലൊരു സംസ്ഥാനത്ത് സ്ത്രീകളുടെ സ്ഥാനം എത്ര വലുതാണെന്ന് പറഞ്ഞാലും ലിംഗഭേദവും വിവേചനവും ഇന്നും വളരെ ആഴത്തിൽ തന്നെ നിലനിൽക്കുന്നു. ശബരിമല വിഷയം വന്നപ്പോൾ നമുക്കത് ബോധ്യപ്പെട്ടതാണ്. അപ്പോൾ ഇത്തരം ആഴത്തിലുള്ള ചിന്താഗതികൾ ഉള്ള കേരളത്തിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നത് സംസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയിൽ തന്നെ മികച്ച മാതൃകയായി മാറിയിരിക്കുകയാണ്. എല്ലാതരത്തിലുമുള്ള വിവേചനങ്ങളേയും അസമത്വങ്ങളേയും തുടച്ച് നീക്കാൻ ഈയൊരു നിലാപാട് കൊണ്ട് സാധിക്കും. ഇതൊരു സ്കൂളിൽ നടപ്പിലാകുമ്പോൾ ഞാൻ പ്രതീക്ഷിക്കുന്നത് മറ്റെല്ലാ സ്കൂളുകൾക്കും പ്രചോദനമാകുമെന്നാണ്. ഇത് പ്ലസ് വൺ ലെവലിൽ മാത്രമല്ല ബേസിക് ലെവൽ മുതൽ എല്ലാ സ്കൂളുകളിലും നടപ്പിലാക്കേണ്ട കാര്യം കൂടിയാണ്.’
‘ആൺകുട്ടികൾക്ക് ഒരു മോഡൽ ഡ്രസ് പെൺകുട്ടികൾക്ക് വേറൊന്ന് എന്നത് നമ്മുടെ സമൂഹത്തിൽ പതിഞ്ഞു കിടക്കുന്ന ഒരു സ്റ്റീരിയോ ടിപ്പിക്കൽ മോഡലാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേർതിരിവിന്റെ ആവശ്യമില്ല എന്ന ചിന്ത കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ ഇത് വളരെ നല്ലതാണ്. തുല്യരാണെന്ന ബോധം ഉണ്ടാക്കുന്നതിന് ഇതൊരു പോസിറ്റീവ് സ്റ്റെപ്പാണ്. മറ്റേതൊരു വേഷത്തേക്കാളും മൊബിലിറ്റി ഉള്ളൊരു വേഷമാണ് ട്രൗസേഴ്സ്. കുട്ടികൾ തന്നെ പറയുന്നുണ്ട് സ്പോർട്സിലും ആർട്സിലുമെല്ലാം പങ്കെടുക്കാൻ ട്രൗസേഴ്സ് കൂടുതൽ യൂസ്ഫുൾ ആണ് എന്ന്. അത്തരത്തിൽ മൊബിലിറ്റി കൂട്ടുന്നതിലും ഇത് നല്ലതാണ്. അതല്ലാതെ എല്ലാവരും തുല്യരാണ് എന്ന ചിന്ത ഉണ്ടാക്കാനും ഈയൊരു രീതി ഉപകരിക്കും.’– മോളി പറയുന്നു.
ഓവർ കോട്ട് ധരിക്കുന്നതിന്റെ ആവശ്യകത എന്താണെന്നും ഈ അധ്യാപിക ചോദിക്കുന്നു. കുട്ടികളുടെ ശരീര വളർച്ച മറച്ചുവെക്കേണ്ട കാര്യമല്ല. അതൊരു സ്വാഭാവിക കാര്യമാണെന്നും ലോകസത്യമാണെന്നും ഉള്ള കാര്യം നാം തിരിച്ചറിയേണ്ടതുണ്ടെന്നും അവർ വിശദീകരിക്കുന്നു.
ഓവർകോട്ട് എന്നത് ശരീരങ്ങൾ വ്യത്യസ്തമാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നതെന്നും പെൺകുട്ടികളുടെ ശരീരം മറച്ചുവെക്കേണ്ട ഒരു കാര്യമാണെന്നും വീണ്ടും നിലനിർത്തുന്നതിലേക്കാണ് നയിക്കുക. കേരളത്തിന് പുറത്ത് ഓവർകോട്ട് ധരിക്കാത്തവരെയാണ് കാണാൻ സാധിക്കുക എന്നും അവരെയൊന്നും തന്നെ ആരും തുറിച്ച് നോക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബാലുശ്ശേരി സ്കൂളിൽ നടപ്പിലാക്കിയ യൂണിസെക്സ് യൂണിഫോം പണ്ടേ നടപ്പിൽ വരുത്തേണ്ടതായിരുന്നു എന്നാണ് എഴുത്തുകാരി ജെ ദേവികയുടെ അഭിപ്രായം.
‘മുമ്പേ തന്നെ എഞ്ചിനീയറിങ് കോളേജുകളിലും മറ്റും ഇങ്ങനെയുള്ള യൂണിഫോമുകളാണ് ഉള്ളത്. ലാബുകളിലും വർക്ക്ഷോപ്പുകളിലും സാരി ഉടുത്തുകൊണ്ട് ചെയ്യാനായി സാധിക്കില്ല. മൊബിലിറ്റി പരിഗണിക്കുമ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ സാധ്യമാക്കണം. മതസംഘടനകൾ എതിർക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. എന്ത് മണ്ടത്തരമാണ് അവർ പറയുന്നത്. കേരളത്തിലെ മുസ്ലിങ്ങൾ പണ്ട് ആണും പെണ്ണും മേൽകുപ്പായവും മുണ്ടുമാണ് ധരിച്ചിരുന്നത്. സ്ത്രീകൾ മേൽക്കുപ്പായവും മുണ്ടും തലയിൽ ഒരു മുണ്ടും ധരിക്കുമ്പോൾ ആണുങ്ങൾ അതേ പോലെ തന്നെ മേൽകുപ്പായവും മുണ്ടും ധരിക്കുന്നു. തലയിലെ മുണ്ടിനു പകരം തൊപ്പിയാണ് ധരിക്കുന്നത്. അവരുടെ വേഷം ഒരുതരത്തിൽ യൂണിസെക്സ് ഡ്രസ് അല്ലേ?’– ജെ ദേവിക ചോദിക്കുന്നു.
പാശ്ചാത്യ സംസ്കാരത്തിലാണ് ആണിന് പാൻ്റും പെണ്ണിന് ഗൌണും അല്ലെങ്കിൽ സ്കർട്ട് ഉണ്ടായിരുന്നത്. ഇവിടെയുള്ളവരുടെ ഇടയിൽ ആ യൂറോപ്യൻ രീതിയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ദേവിക പറയുന്നു.
യൂണിഫോമിൽ മാത്രമാണോ തുല്യത വരുത്തേണ്ടത്?
യൂണിസെക്സ് യൂണിഫോം നടപ്പിലാക്കിയാൽ തുല്യത വരുമോ? പലരും ചോദിക്കുന്ന ചോദ്യമാണത്. കേരളത്തിലെ സ്കൂളുകളിൽ ലിംഗ അസമത്വത്തെ കുറിച്ച് പിഎച്ച്ഡി ഗവേഷണം ചെയ്ത ഡോക്ടർ തസ്നി കെടി നിലവിൽ നടപ്പിലാക്കിയ യൂണി സെക്സ് യൂണിഫോമിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതുമാത്രം പോര എന്നുകൂടി പറഞ്ഞുവെക്കുന്നു. തന്റെ പഠന റിപ്പോർട്ട് പ്രകാരം അതിനെ സാധൂകരിക്കുന്ന വസ്തുതകളും അവർ പറയുന്നുണ്ട്.
‘കേരളത്തിലെ സർക്കാർ, മത മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിൽ നടത്തിയ പഠനത്തിൽ നിന്നും ക്ലാസുകളിൽ അധ്യാപകർക്കിടയിൽ ലിംഗ അസമത്വം പ്രകടമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാരണം ക്ലാസുകളിൽ കൂടുതലും ഫോക്കസ് ചെയ്യപ്പെടുന്നതും, ആശയവിനിമയം നടത്തുന്നതും ആൺകുട്ടികളാണ്. പെൺകുട്ടികളേയും ആൺകുട്ടികളേയും വേർതിരിച്ച് ഇരുത്തി കൊണ്ടുള്ള ഗ്രൂപ്പിംഗ് പലപ്പോഴും ഫോളോ ചെയ്യുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്. പ്രൈമറി തലങ്ങളിൽ മിക്സഡ് ഗ്രൂപ്പിംഗ് നടക്കുമ്പോൾ ഹൈസ്കൂളിലോ ഹയർസെക്കന്ററിയിലോ എത്തിയാൽ നേരെ തിരിച്ചാണ് നടക്കുക. സ്കൂളിലെ സ്പോർട്സ് പോലുള്ള കളികൾക്കെല്ലാം തന്നെ ആക്ടീവ് പാർട്ടിസിപേഷൻ ആൺകുട്ടികളാണെന്നും താരതമ്യേന പെൺകുട്ടികൾ കുറവാണെന്നും കണ്ടെത്തുകയുണ്ടായി. പല സ്കൂളുകളിലും പിഇടി പിരീഡുകളിൽ ഫുട്ബോൾ കളിക്കാനാണ് കുട്ടികളെ അനുവദിക്കുക. അതിൽ ആൺകുട്ടികൾ കളിക്കുമ്പോൾ ബാക്കിയുള്ള പെൺകുട്ടികൾ സ്കൂളിൽ ചുറ്റിതിരിഞ്ഞു നടക്കുകയാകും. പൊതുവിൽ പെൺകുട്ടികൾ കൂട്ടം കൂടി നിന്ന് സംസാരിക്കുകയും ചിലപ്പോൾ റിങ്ങ് ആൻഡ് ത്രോ പോലുള്ള കളികളിൽ ഏർപ്പെടുകയും പതിവുണ്ട്. വളരെ ചുരുക്കം സ്കൂളുകളിൽ മാത്രമാണ് പെൺകുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് ആ ഒരു പിരീഡ് നടത്തുക. പല സ്കൂളുകളിലും മിക്സഡ് സീറ്റിങ് ഇല്ല എന്നുള്ളതും കാണുകയുണ്ടായി. അധ്യാപകർ അങ്ങനെ ഒരു ആശയം വേണമെന്ന് ആഗ്രഹിച്ചാൽ പോലും പലപ്പോഴും അത് നടപ്പിലാക്കാൻ പറ്റാതെ പോകുക പതിവാണ്. പല ഹിന്ദു, ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകൾ പ്രൈമറി തലത്തിൽ മിക്സഡ് സീറ്റിംഗ് നടത്തുന്നുണ്ടെങ്കിലും ഹൈസ്കൂൾ, ഹയർ സെക്കന്ററി തലങ്ങളിലേക്ക് എത്തുമ്പോൾ അത് മാറി മാറിയുന്ന കാഴ്ചയാണുള്ളത്.’– തസ്നിയ പറയുന്നു.
അന്യോന്യം സംസാരിക്കാൻ കുട്ടികൾ താൽപര്യം കാണിക്കുന്നുണ്ട് എന്നും പക്ഷേ സ്കൂൾ അധികൃതർ അതിന് അനുവാദം നൽകില്ലെന്നുമാണ് കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതെന്നും തസ്നിയ പറയുന്നു.
****