കളമശ്ശേരി: സ്വതന്ത്ര സ്ഥാനാർഥിയിൽനിന്ന് പണം വാങ്ങിയത് പാർട്ടിയിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്നും അത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പിറവത്തും പെരുമ്പാവൂരും നടന്നത് പാർട്ടിയിൽ ഇതുവരെ ഇല്ലാത്ത കാര്യങ്ങളാണ്. ജില്ലാ നേതാക്കൾതന്നെ അതിന് തയ്യാറായെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എറണാകുളത്ത് എത്രയോ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കാര്യമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രരെയും ഘടക കക്ഷികളെയും മത്സരിപ്പിക്കുമ്പോൾ സ്ഥാനാർഥികളിൽനിന്ന് പണം വാങ്ങാറില്ല. മത്തായി മാഞ്ഞൂരാനെപ്പോലെ ഒരാളെ മാടായിയിൽ മത്സരിപ്പിച്ച് ജയിപ്പിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ഇതെന്ന് ഓർക്കണം.
പാർട്ടിക്കുള്ളിൽ വല്ലാതെ പാർലമെന്ററി വ്യാമോഹം പടർന്നിരിക്കുകയാണ്. ഇത് പാർട്ടിയെ നശിപ്പിക്കും. ജില്ലയിൽ 65 ശതമാനം നഗരവത്കരണം നടന്നതായി പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി സൂചിപ്പിക്കുന്നുണ്ട്. എറണാകുളം ഇനിയും വളരും. നഗരവത്കരണം ശക്തമാവുമ്പോൾ അതിന്റെ ഭാഗമായി ഉണ്ടാവുന്ന അധോലോക സംഘങ്ങളും റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ഒരുവിധത്തിലുള്ള ബന്ധവും പാർട്ടി നേതാക്കൾക്കും അംഗങ്ങൾക്കും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടിയേരി പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.പിറവത്തും പെരുമ്പാവൂരും ഉണ്ടായ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കി.
പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ സമയത്തുതന്നെ അവിടെ അധാർമിക പ്രവണതകൾ കണ്ടു തുടങ്ങിയിരുന്നു. അന്ന് ജില്ലാ നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള പ്രതിസന്ധി ഉണ്ടാവില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയും പെരുമ്പാവൂരും നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുഴപ്പങ്ങൾകൊണ്ടാണ് നഷ്ടമായത്. ഭാവിയിൽ ഇതുപോലെയാണ് പ്രവർത്തിക്കുന്നതെങ്കിൽ പാർട്ടിക്ക് അത് കടുത്ത തിരിച്ചടിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏരിയാ കമ്മിറ്റികളുടെ ലയനത്തിന് വേഗം കൂടി
ഏരിയാ കമ്മിറ്റികൾ ലയിപ്പിച്ചപ്പോൾ വേണ്ട പരിഗണന കിട്ടിയില്ലെന്ന് സി.പി.എം. ജില്ലാ സമ്മേളനത്തിൽ വിമർശനം. നാല് ഏരിയാ കമ്മിറ്റികൾ ലയിപ്പിച്ചപ്പോൾ അതിരുകൾ നിശ്ചയിച്ചതിലെ അപാകവും ചർച്ചയിൽ ഉയർന്നു. തിരക്കിട്ട് കമ്മിറ്റികൾ ഇല്ലാതാക്കിയത് എന്തിനെന്ന ചോദ്യവുമുണ്ടായി. സാധാരണ കമ്മിറ്റികളുടെ എണ്ണം കൂട്ടുകയാണ് പതിവ്. എന്നാൽ, ഇവിടെ ഉള്ള കമ്മിറ്റികൾ ഇല്ലാതാക്കി. കമ്മിറ്റികൾ ഒന്നിപ്പിക്കുന്നതിനായി സ്വീകരിച്ച മാനദണ്ഡത്തെക്കുറിച്ചും വിമർശനമുയർന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കെതിരേ നടപടി ഉണ്ടായതിനെ സമ്മേളന ചർച്ചകളിൽ പ്രതിനിധികൾ സ്വാഗതം ചെയ്തു. എത്ര ഉന്നതനായാലും പാർട്ടി തത്ത്വങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാവുമെന്ന സന്ദേശം പാർട്ടിക്കുള്ളിൽ ശക്തമാക്കാൻ നടപടികളിലൂടെ സാധിച്ചു. പാർട്ടിയിലുണ്ടായിരിക്കുന്ന ഈ തിരുത്തൽ പ്രക്രിയ താഴെ തട്ടിലേക്കും വേണമെന്ന ആവശ്യവും ഉയർന്നു. റിപ്പോർട്ടിൽ കാര്യകാരണ സഹിതം ശക്തമായാണ് നേതാക്കൾക്കെതിരേയുള്ള നടപടി വിശദീകരിച്ചിരുന്നത്. അതേ വികാരത്തോടെ തന്നെ ചർച്ചയും ഉണ്ടായി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടായത് സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത ഇടപെടലിനു ശേഷമാണെന്ന വിമർശനവും ഉണ്ടായി.
സാമൂഹിക പ്രവർത്തന രംഗത്ത് പ്രധാന സംഭവമായി പാർട്ടി ഉയർത്തിക്കാട്ടിയിട്ടുള്ള പാലിയേറ്റീവ് സെന്ററുകളുടെ പ്രവർത്തനം ചിലയിടങ്ങളിൽ കാര്യക്ഷമമല്ലെന്ന വിമർശനവും വന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നില്ലെന്ന് പരാതികളുമുണ്ടായി.
സർക്കാരിനെതിരേയും വിമർശനമുയർന്നു. മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ചും ചർച്ച വന്നു. രണ്ടാമതും ഭരണത്തിൽ വന്നതിനാൽ പാർട്ടിയുടെ ഉത്തരവാദിത്വം കൂടുന്നുവെന്ന വികാരമാണ് ചർച്ചകളിലാകമാനം ഉണ്ടായതെന്ന് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. വ്യക്തിപരമായ ആക്ഷേപങ്ങൾ ചർച്ചയുടെ ഒരു ഘട്ടത്തിലും ഉണ്ടായില്ല. സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ചർച്ചകൾ വന്നു. ഇടതു സർക്കാരിനെ ശക്തിപ്പെടുത്താൻ ഉതകുന്ന വിധത്തിലുള്ളതായിരുന്നു അതെല്ലാമെന്നും മോഹനൻ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി അഞ്ചര മണിക്കൂർ നീണ്ട ചർച്ചയാണ് സമ്മേളനത്തിൽ നടന്നത്. പതിമൂന്ന് വനിതാ പ്രതിനിധികൾ ഉൾപ്പെടെ മുപ്പത്തൊമ്പതു പേർ ചർച്ചയിൽ പങ്കെടുത്തു.
വൈകീട്ട് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. പൊതുവായ കാര്യങ്ങൾക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി നൽകി.
അച്ചടക്ക നടപടികൾക്ക് പരക്കേ അംഗീകാരം
മുതിർന്ന നേതാക്കൾക്കെതിരേ പാർട്ടി അടുത്തകാലത്ത് എടുത്ത അച്ചടക്ക നടപടികൾ ആവേശത്തോടെയാണ് സമ്മേളനം സ്വീകരിച്ചതെന്ന് സി.എൻ. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖം നോക്കാതെയുള്ള നടപടിയാണ് ഉണ്ടായത്. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സംഘടനയിൽ അനഭിലഷണീയ പ്രവണതകൾ വളർന്നുവരാതിരിക്കാൻ കടുത്ത നടപടികൾ വേണമെന്ന ആവശ്യമാണ് സമ്മേളനത്തിൽ ഉയർന്നുവന്നത്. അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കഴിഞ്ഞ സമ്മേളന കാലയളവിനു ശേഷം കടുത്ത നടപടികൾ ഉണ്ടായി. ഇതിന്റെ പേരിൽ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഒരു ഏരിയാ സെക്രട്ടറിക്കെതിരേ ശക്തമായ നടപടി ഉണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ വേണ്ടി മുതിർന്ന നേതാക്കൾ തന്നെ ശ്രമിച്ചു. അതു കിട്ടാതായപ്പോൾ സ്ഥാനാർഥിയെ തോല്പിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തി. ഇതെല്ലാം പാർട്ടിക്ക് ബോധ്യമാവുകയും ശക്തമായ നടപടി ഉണ്ടാവുകയും ചെയ്തു. സമ്മേളനം ഈ അച്ചടക്ക നടപടികളെയെല്ലാം സ്വാഗതം ചെയ്തെന്ന് മോഹനൻ പറഞ്ഞു.
കെ-റെയിൽ: കൈയടിക്കുമ്പോഴും ആശയക്കുഴപ്പം
കെ-റെയിലിന് സമ്മേളനത്തിൽ പച്ചക്കൊടി വീശുമ്പോഴും സി.പി.എമ്മിനുള്ളിൽ ഇതു സംബന്ധിച്ച ആശയക്കുഴപ്പം ശക്തം. സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ, അത് സമൂഹത്തിൽ എന്ത് പ്രതിഫലനമുണ്ടാക്കുമെന്നതിൽ ആശയക്കുഴപ്പമുണ്ട്. വീണ്ടും ചർച്ചകൾ നടത്തുമെന്ന ഒഴുക്കൻ മറുപടിയാണ് ഇതിനായി നേതാക്കൾ മുന്നോട്ടുവെക്കുന്നത്.
കാർബൺ ബഹിർഗമനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിൽ സമ്മേളനം ഉത്കണ്ഠപ്പെടുമ്പോൾ തന്നെ, കേരളത്തിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുമെന്ന് വിമർശനം ഉയർന്നിട്ടുള്ള കെ-റെയിൽ പദ്ധതിയെ എങ്ങനെ സ്വാഗതം ചെയ്യുമെന്ന വൈരുധ്യവുമുണ്ട്. സി.പി.എം. ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകൾ പദ്ധതിക്കെതിരേ നിലനിൽക്കുമ്പോൾ, അണികളോട് എങ്ങനെ കാര്യങ്ങൾ വിശദീകരിക്കുമെന്ന ആശയക്കുഴപ്പം അവശേഷിക്കുന്നുണ്ട്.
പദ്ധതിപ്രദേശത്തെ ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതും സി.പി.എം. നേരിടുന്ന പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് അനിവാര്യമാണെന്ന് പറയുമ്പോൾത്തന്നെ പദ്ധതിയുടെ ഡി.പി.ആർ. പോലും പൊതുജനങ്ങൾക്ക് പ്രാപ്യമാക്കാതെ, കുറ്റിയടിക്കാൻ പോകുന്നതിലെ അസ്വാഭാവികത നേതാക്കളെയും വലയ്ക്കുന്നുണ്ട്.
കേരളത്തിൽ പദ്ധതികൾ വരുമ്പോൾ, പരിസ്ഥിതി വാദം പതിവാണെന്നുള്ള കേവല മറുപടിയാണ് ഇപ്പോൾ പദ്ധതിയെ ന്യായീകരിക്കാനായി പറയുന്നത്. താഴെത്തട്ടിൽ അതെങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ നേതാക്കൾക്കുതന്നെ ആശങ്കയുണ്ട്. താഴെത്തട്ടിൽ ആശയക്കുഴപ്പം ഇല്ലാതാക്കുന്ന വിധത്തിൽ ചർച്ചകൾ ഇനിയും നടക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
അതുവരെ തുടർ ഭരണത്തിലുള്ള ആശങ്കകൊണ്ട് പ്രതിപക്ഷവും ബി.ജെ.പി.യും നടത്തുന്ന പ്രചാരവേലയായി കെ-റെയിലിനെതിരേയുള്ള പ്രതിഷേധങ്ങളെ വിശദീകരിക്കുകയാണ് സി.പി.എം.
ബി.പി.സി.എൽ.; പോരാട്ടത്തിന് നേതൃത്വം നൽകും
കേരളത്തിന്റെ വ്യവസായ വികസന താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ബി.പി.സി.എൽ. കൊച്ചി റിഫൈനറിയെ പൊതുമേഖലയിൽ സംരക്ഷിച്ച് നിലനിർത്തേണ്ടതുണ്ടെന്ന് സി.പി.എം. ജില്ലാ സമ്മേളനം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. റിഫൈനറി സംരക്ഷണ സമിതി നവംബർ 27-ന് നടത്തിയ ജനകീയ കൺവെൻഷനിൽ പ്രഖ്യാപിച്ചിട്ടുള്ള മാർച്ച് 23-ലെ ജില്ലാ ഹർത്താൽ വിജയിപ്പിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളനം ഇന്ന് സമാപിക്കും
സി.പി.എം. ജില്ലാ സമ്മേളനം വ്യാഴാഴ്ച സമാപിക്കും. രാവിലെ പ്രതിനിധി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കും. പുതിയ കമ്മിറ്റി ചേർന്ന് ജില്ലാ സെക്രട്ടറിയെ അപ്പോൾ തന്നെ തിരഞ്ഞെടുക്കും. സമാപനത്തോടനുബന്ധിച്ച് ഇക്കുറി പ്രകടനമോ ചുവപ്പുസേന പരേഡോ ഇല്ല. പൊതുസമ്മേളനം വൈകീട്ട് അഞ്ചിന് കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിലെ ടി.കെ. വത്സൻ നഗറിൽ നടക്കും. ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും അദ്ദേഹം മന്ത്രിസഭാ യോഗത്തിനായി ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോയി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനത്തിൽ പ്രസംഗിക്കും. മുതിർന്ന നേതാക്കളായ എം.എം. ലോറൻസ്, രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദൻ, കെ.എം. സുധാകരൻ എന്നിവരെ ആദരിക്കും. നാലുമണി മുതൽ കലാരൂപങ്ങൾ അവതരിപ്പിക്കും. തെരുവുനാടക മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, സെബി നായരമ്പലത്തിന്റെ സംഗീത നിശ, രാജീവ് കളമശ്ശേരി അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയും പൊതുസമ്മേളനത്തോടനുബന്ധിച്ച് നടക്കും.
Content Highlights:cpm state secretary kodiyeri warns cpm members in ernakulam district